കോട്ടയം: രൂക്ഷമായ തിരക്കുമൂലം കൊല്ലം-എറണാകുളം മെമുവിൽ യാത്രക്കാർക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം. കോട്ടയം സ്വദേശിനി സുപ്രിയയാണ് തലചുറ്റി വീണത്. കോട്ടയത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രയുടെ ഭയാനകതയാണ് വീണ്ടും വെളിപ്പെടുന്നത്. രാവിലെ എറണാകുളത്തേക്കുള്ള ട്രെയിനിൽ കയറിപ്പറ്റുക എന്നത് പേടിസ്വപ്നമാകുകയാണ്.
പ്ലാറ്റ് ഫോം നവീകരണം പൂർത്തിയായെങ്കിലും പുതുതായി ഒരു ട്രെയിൻപോലും കോട്ടയത്തുനിന്ന് ആരംഭിക്കാൻ സാധിച്ചിട്ടില്ല. രാവിലെ 06.25നുള്ള 66322 കൊല്ലം-എറണാകുളം മെമു, 06.43 നുള്ള 16791 പാലരുവി എക്സ്പ്രസ്, 07.58നുള്ള 06169 കൊല്ലം-എറണാകുളം സ്പെഷൽ, 08.25നുള്ള 16302 വേണാട് എക്സ്പ്രസ് എല്ലാം നിറഞ്ഞാണ് കോട്ടയമെത്തുന്നത്. വാതിൽപടിയിൽ തൂങ്ങിയാണ് കോട്ടയത്തുനിന്നുള്ളവർ യാത്ര ചെയ്യുന്നത്.
പിറവം റോഡ് മുതൽ എറണാകുളം വരെയുള്ള യാത്ര അതീവ സാഹസം നിറഞ്ഞതാണ്. ഓഫിസിൽ എത്തും മുമ്പേ ശാരീരികമായും മാനസികമായും യാത്രക്കാർ തളരും. എറണാകുളത്തേക്കുള്ള മെമു സർവിസുകൾക്കായി പൂർത്തീകരിച്ച വൺ എ പ്ലാറ്റ് ഫോം വെറുതെ കിടക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷത്തിലേറെയായി. പരിഹാരം തേടി യാത്രക്കാർ മുട്ടാത്ത വാതിലുകളില്ല. 06169 സ്പെഷൽ മെമുവിന് സ്റ്റോപ് ഇല്ലാത്തതും കോട്ടയം മുതലാണ്. ഒക്ടോബറിൽ ഫ്രാൻസിസ് ജോർജ് എം.പി വിളിച്ച ജനസദസ്സിലും കോട്ടയത്തെ വിവിധ സ്റ്റേഷനുകളിലെ യാത്രക്കാർ നേരിടുന്ന ദുരിതം ധരിപ്പിച്ചിരുന്നു.
07.55ന് കോട്ടയമെത്തുന്ന കൊല്ലം-എറണാകുളം സ്പെഷൽ മെമുവിലാണ് ഇപ്പോൾ തിരക്ക് അതിരൂക്ഷം. ഏറ്റവും തിരക്കേറിയ ഓഫിസ് സമയങ്ങളിൽ വെറും എട്ട് കാർ മെമു സർവിസ് നടത്തുന്നതാണ് യാത്രക്ലേശം വർധിപ്പിക്കുന്നതെന്നും തിങ്കളാഴ്ച ദിവസങ്ങളിലെങ്കിലും 12 കാർ മെമു സർവിസ് നടത്തണമെന്നും യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ജില്ല പ്രസിഡന്റ് അജാസ് വടക്കേടം ആരോപിച്ചു. കോട്ടയത്തുനിന്ന് രാവിലെ വന്ദേഭാരതിനുശേഷം എറണാകുളം ഭാഗത്തേക്ക് എല്ലാ ഹാൾട്ട് സ്റ്റേഷനിലും നിർത്തിപ്പോകുന്ന ഒരു മെമുകൊണ്ട് മാത്രമേ ജില്ലയിലെ റെയിൽ യാത്ര പ്രശ്നങ്ങൾക്ക് പരിഹാരം സാധ്യമാകൂവെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ഭാരവാഹി കൂടിയായ ശ്രീജിത് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.