കോട്ടയം: കെ.എസ്.ആർ.ടി.സിയുടെ കൊറിയർ സർവിസ് ആദ്യഘട്ടത്തിൽ ജില്ലയിലെ അഞ്ച് ഡിപ്പോകളിൽ.കോട്ടയം, പാലാ, ഈരാറ്റുപേട്ട, മുണ്ടക്കയം, ചങ്ങനാശ്ശേരി ഡിപ്പോകളിലാണ് കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സ് എന്ന പേരിൽ കൊറിയർ-പാർസൽ സർവിസ് ആരംഭിക്കുന്നത്. തിങ്കളാഴ്ച മുതൽ ഇതിന് തുടക്കമാകും. കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫിസിനോട് ചേർന്നാകും ഇതിനുള്ള കൗണ്ടർ. ഇതിനായി ജീവനക്കാരെയടക്കം നിയമിച്ചുകഴിഞ്ഞു.
കോട്ടയം ഡിപ്പോയിൽ 24 മണിക്കൂറും മറ്റിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതുവരെയുമാകും പ്രവർത്തനം. മുണ്ടക്കയത്ത് പഞ്ചായത്ത് സ്റ്റാൻഡിലാണ് കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പ്രവർത്തനം. ഇതിനോട് ചേർന്നാകും കൊറിയർ സർവിസും. ഇതിനായി കെ.എസ്.ആർ.ടി.സിക്ക് പഞ്ചായത്ത് അനുമതിനൽകി.
സോഫ്റ്റ്വെയർ സംവിധാനം പൂർണമാകാത്തതിനാൽ ആദ്യദിവസങ്ങളിൽ ജീവനക്കാർ നേരിട്ടാകും ഇവ കൈകാര്യം ചെയ്യുക. അടുത്തഘട്ടത്തിൽ പൂർണമായും ഓൺലൈനിലാകും. ഇതോടെ കൊറിയർ ഓൺലൈനായി ട്രാക്ക് ചെയ്യാനുള്ള സംവിധാനമടക്കം ലഭ്യമാകും. ഓരോ ഡിപ്പോകൾക്കും പ്രത്യേകം ഫോൺ നമ്പറുകളും സജ്ജമാകും.
കഴിഞ്ഞദിവസം സംസ്ഥാനതല ഉദ്ഘാടനം നടന്നതിനുപിന്നാലെ നിരവധി അന്വേഷണങ്ങൾ വന്ന സാഹചര്യത്തിലാണ് തിങ്കളാഴ്ച പ്രവർത്തനത്തിന് തുടക്കമിടുന്നതെന്ന് കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സ് വിഭാഗം ജീവനക്കാർ പറഞ്ഞു. അടുത്തയാഴ്ചയോടെ പ്രവർത്തനം പൂർണമായും ഓൺലൈനിലൂടെയാകുമെന്നും ഇവർ പറഞ്ഞു.
കെ.എസ്.ആർ.ടി.സി ജീവനക്കാരെ തന്നെയാണ് കൊറിയർ സർവിസിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. കോട്ടയത്ത് രണ്ടുപേരും മറ്റിടങ്ങളിൽ ഓരോരുത്തരും വീതമാണുണ്ടാവുക. അടുത്തഘട്ടത്തിൽ കൂടുതൽ ജീവനക്കാരെ നിയമിക്കും. ഓഫിസിലെത്തിക്കുന്ന കൊറിയറുകളും പാർസലുകളും ജീവനക്കാർ ബസിൽ കയറ്റും.
ഇതിന്റെ വിവരം കണ്ടക്ടർക്കും കൈമാറും. നൽകേണ്ട പോയിന്റിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഇവ ഇവർ കൈമാറും. ഇവിടുത്തെ ജീവനക്കാർ പാർസൽ എത്തിയകാര്യം ഉടമസ്ഥനെ ഫോണിലൂടെ അറിയിക്കും. ഉടമക്ക് ഡിപ്പോയിലെ കൗണ്ടറിലെത്തി വാങ്ങാം. പാർസൽ ശേഖരിക്കാൻ തിരിച്ചറിയൽ കാർഡ് ആവശ്യമാണ്. മൂന്നുദിവസത്തിനുള്ളിൽ കൊറിയർ കൈപ്പറ്റാത്തപക്ഷം പിഴ ഈടാക്കുമെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തഘട്ടമായി വീടുകളിലും ഓഫിസുകളിലും നേരിട്ട് എത്തിക്കും.ആദ്യഘട്ടത്തിൽ കേരളത്തിലെ 56 ഡിപ്പോകളെ ബന്ധിപ്പിച്ചാണ് കൊറിയർ സർവിസ് നടത്തുന്നത്. കേരളത്തിന് പുറമേ ബംഗളൂരു, മൈസൂർ, തെങ്കാശി, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലും സേവനം ലഭ്യമാക്കും. നിലവിലുള്ള കൊറിയർ സർവിസ് കമ്പനികൾക്കും കെ.എസ്.ആർ.ടി.സിയുടെ കൊറിയർ സംവിധാനം പ്രയോജനപ്പെടുത്താം.
കേരളത്തിനകത്ത് 16 മണിക്കൂറിനകം പാർസലുകൾ എത്തിക്കുമെന്നാണ് കോർപറേഷന്റെ വാഗ്ദാനം. കുറഞ്ഞ നിരക്ക്, വേഗത്തിലുള്ള കൈമാറ്റം എന്നിവയാണ് പ്രത്യേകതയെന്നും ഇവർ പറയുന്നു.ബസുകളിൽ പ്രത്യേകം തയാറാക്കിയ കൊറിയർ ബോക്സിലാണ് പാർസൽ സൂക്ഷിക്കുക. കഴിഞ്ഞദിവസം കൊല്ലത്തുനിന്ന് ബൈക്ക് ബംഗളൂരുവിലെക്ക് വോൾവോ ബസിൽ കൊണ്ടുപോയിരുന്നു. വരുമാനവർധനവും വൈവിധ്യവത്കരണവും ലക്ഷ്യമാക്കിയാണ് കൊറിയർ സർവിസ് കെ.എസ്.ആർ.ടി.സി ആരംഭിച്ചിരിക്കുന്നത്.
200 കിലോമീറ്റർ പരിധിയിൽ 25 ഗ്രാം പാർസലിന് 30 രൂപയാണ് നിരക്ക്
(400, 600, 800, 800 കിലോമീറ്ററിന് മുകളില്‍ എന്നിങ്ങനെ നിരക്കിൽ വ്യത്യാസമുണ്ടാകും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.