കോട്ടയം: തൊഴിലാളികൾ ഒന്നടങ്കം രാജിവെച്ചതോടെ പാമ്പാടി റബ്കോ യൂനിറ്റിലെ സി.ഐ.ടി.യു യൂനിയനിലേക്ക് ആളെ പിടിക്കാൻ സി.പി.എം നേതാക്കൾ. യൂനിയനിലേക്ക് തിരിച്ചുവരണമെന്നും മറ്റ് തൊഴിലാളികൾ തെറ്റിദ്ധരിപ്പിച്ചാണ് രാജിക്കത്ത് ഒപ്പിട്ട് വാങ്ങിയതെന്ന് പറയണമെന്നും സി.പി.എം പ്രവർത്തകരും അനുഭാവികളുമായവരുടെ വീടുകളിൽചെന്ന് ആവശ്യപ്പെടുകയാണ് നേതാക്കൾ. സി.പി.എം ലോക്കൽ സെക്രട്ടറിയായ ഡിവിഷൻ ഡയറക്ടറുടെ നേതൃത്വത്തിലാണ് പ്രൊഡക്ഷൻ മാനേജർ അടക്കമുള്ളവർ വീടുകളിൽ ചെല്ലുന്നത്. യൂനിയൻ ആഭിമുഖ്യമുള്ള പഴയ തൊഴിലാളികളെ തിരിച്ചുവിളിക്കാനും ശ്രമിക്കുന്നുണ്ട്. അധികൃതരുടെ ഈ ഇടപെടൽ മാനസിക പീഡനമാകുന്നതായി തൊഴിലാളികൾ ആരോപിക്കുന്നു.
സമരത്തിന് പിന്തുണ നൽകാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ചയാണ് ആകെയുള്ള 120 തൊഴിലാളികളിൽ 103 പേർ റബ്കോ എംപ്ലോയീസ് യൂനിയനിൽനിന്ന് രാജിവെച്ചത്. ഇതോടെയാണ് യൂനിയനെ പിടിച്ചുനിർത്താൻ നേതാക്കൾ രംഗത്തിറങ്ങിയത്. രാജിവെച്ചതിന്റെ പ്രതികാര നടപടിയായി കമ്പനിയിൽ ഷിഫ്റ്റ് കൂടുതൽ കർശനമാക്കി.
നേരത്തേ ഓരോ സെക്ഷനിലും ടാർഗറ്റ് ഉണ്ടായിരുന്നു. അതു പൂർത്തീകരിച്ചാൽ തൊഴിലാളികൾക്ക് ജോലി അവസാനിപ്പിച്ച് വിശ്രമിക്കാം. എന്നാൽ, ടാർഗറ്റ് പൂർത്തിയായാലും എട്ടു മണിക്കൂർ ജോലി ചെയ്യണമെന്നാണ് പുതിയ നിർദേശം. തൊഴിലാളികൾ ഇതിനു തയാറായിട്ടില്ല.
യൂനിയനിൽ ഇല്ലാത്തതിനാൽ യൂനിയനുമായുണ്ടാക്കിയ ജോലിസംബന്ധമായ കരാർ ഇവർക്ക് ബാധകമല്ലെന്നാണ് അധികൃതർ പറയുന്നത്. മൂന്ന് ഷിഫ്റ്റാണുള്ളത്. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിന് ഒരു സുരക്ഷയുമില്ലെന്ന് തൊഴിലാളികൾ പറയുന്നു. കൈമുറിഞ്ഞാൽ ആശുപത്രിയിലെത്തിക്കാൻ വാഹനമോ ഓടിക്കാൻ ഡ്രൈവറോ ഇല്ല. സൂപ്പർവൈസർ മാത്രമാണ് രാത്രിയുണ്ടാകുക.
ഡിസംബർ, ജനുവരി മാസങ്ങളിലെ ശമ്പളത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. സമരം ചെയ്തതിന്റെ പേരിൽ തങ്ങളോട് വൈരാഗ്യം തീർക്കുകയാണെന്നും ഇതിനെ എന്തുവിലകൊടുത്തും ചെറുക്കുമെന്നും തൊഴിലാളികൾ ഒന്നടങ്കം പറയുന്നു. നേരത്തേ രണ്ടുമാസം ശമ്പളം മുടങ്ങിയപ്പോഴാണ് ജനുവരി 15 മുതൽ 23വരെ തൊഴിലാളികൾ സമരം ചെയ്തത്. തുടർന്ന് നവംബറിലെ ശമ്പളം മാത്രം നൽകി.
സമരം നടത്തിയതിന്റെ പേരിൽ ആറുപേർക്ക് സസ്പെൻഷൻ കിട്ടി. മറ്റുള്ളവർക്ക് സമരം ചെയ്ത നാളുകളിൽ ജോലിക്കു ഹാജരാകാത്തതിന് മെമ്മോ നൽകിയിട്ടുമുണ്ട്. ശമ്പളം കിട്ടാത്തതിനാൽ പലരും ജോലിക്ക് ഹാജരാകുന്നില്ല. മറ്റു തൊഴിലുകൾക്ക് പോയാണ് കുടുംബം നോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.