പാലാ: പാലാ -പൊൻകുന്നം സംസ്ഥാനപാതയിലെ പന്ത്രണ്ടാം മൈൽ ഭാഗത്തുനിന്ന് ആരംഭിച്ച് കണ്ണാടിയുറുമ്പ് സ്കൂൾ ജങ്ഷൻ വഴി പൂഞ്ഞാർ റോഡിലെ ചെത്തിമറ്റത്ത് എത്തിച്ചേരുന്ന പാലാ റിങ് റോഡിന്റെ രണ്ടാംഘട്ട നിർമാണ നടപടികൾ അന്തിമ ഘട്ടത്തിലെന്ന് ജോസ് കെ.മാണി എം.പി.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന റിങ് റോഡിന്റെ അവസാനഘട്ട നടപടിയിൽപെട്ട ഫീൽഡ് പ്രോജക്ട് വിലയിരുത്തൽ കിഫ്ബിയിൽ നിന്നുള്ള സീനിയർ ട്രാൻസ്പോർട്ടേഷൻ എൻജിനീയറുടേയും ഡെപ്യൂട്ടി പ്രോജക്ട് മാനേജരുടേയും നേതൃത്വത്തിലുള്ള സംഘവും കിഫ്ബി പ്രോജക്ട് മാനേജ്മെന്റ് യൂനിറ്റായ കേരള റോഡ് ഫണ്ട് ബോർഡ് എഞ്ചിനീയർമാരും ചേർന്നു നടത്തി.
ഏറ്റെടുക്കേണ്ട സ്ഥലങ്ങളും നടപ്പാക്കേണ്ട നിർമാണപ്രവർത്തനങ്ങളും സംഘം സമഗ്രമായി പരിശോധിച്ചു. വിശദ പ്രോജക്ട് റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പിന്റെ ഹൈവേ ഡിസൈൻ വിങ് തയാറാക്കി കഴിഞ്ഞ മാസം കിഫ്ബിയിൽ സമർപ്പിച്ചിരുന്നു.
കളരിയമ്മാക്കൽ പാലം വരെയുള്ള 2.115 കിലോമീറ്ററിൽ 1.940 കിലോമീറ്റർ വരെ കിഫ്ബിയുടെ 52 കോടി വിനിയോഗിച്ച് നിർമാണം നടത്തും. ഭൂമി ഏറ്റെടുക്കുവാനും വൈദ്യുതി, ജല, വാർത്താവിനിമയ വകുപ്പുകളുടെ തൂണുകൾ, കേബിൾ, പൈപ്പ്ലൈൻ എന്നിവ മാറ്റിയിടാനും നിർദേശിച്ചിട്ടുണ്ട്. ശേഷിക്കുന്ന കളരിയമ്മാക്കൽ പാലം വരെയുള്ള ഭാഗം പൊതുമരാമത്ത് നിരത്ത് വിഭാഗം 13 കോടി മുതൽമുടക്കിൽ ഭൂമി ഏറ്റെടുത്ത് നിർമിക്കും.
നിലവിലെ റോഡിലൂടെ വളരെ കുറച്ച് സ്ഥലങ്ങളിലേ പുതിയപാത കടന്നുപോകുന്നുള്ളൂ. കൂടുതൽ ഭാഗങ്ങളിലും പുതിയ റോഡാണ് നിർദേശിച്ചിരിക്കുന്നത്. 12 മീറ്ററാണ് നിർദിഷ്ട റോഡിന്റെ വീതി. ഇതിൽ ഏഴു മീറ്റർ കാരിയേജ് വേയും ഒരു മീറ്റർ പേവിങ് ഷോൾഡറും 1.5 മീറ്റർ ഫുട്പാത്ത് കം ഡ്രെയിനേജുമായാണ് ഡിസൈൻ. രണ്ടു മേല്പാലങ്ങളും പദ്ധതിയിലുണ്ട്.
അടുത്ത കിഫ്ബി ബോർഡ് യോഗത്തിൽ അന്തിമ അനുമതി ലഭ്യമാക്കുവാൻ മന്ത്രി കെ.എൻ. ബാലഗോപാലുമായും കിഫ്ബിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കെ.എം.അബ്രഹാമുമായും ചർച്ച നടത്തിയതായും പദ്ധതിയുടെ പൂർത്തീകരണത്തോടെ പാലായിലെ റോഡ് ഗതാഗതം കൂടുതൽ വിശാലവും സുഗമവുമാകുമെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.