പി.പി റോഡിലെ സ്ഥിരം അപകടസ്ഥലമായ പൊന്‍കുന്നം പ്രശാന്ത് നഗര്‍-ശനിയാഴ്ച രാവിലെ പൂവരണിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം

പാലാ-പൊന്‍കുന്നം റോഡ് ചോരക്കളമാകുന്നു ; ഒമ്പതുമാസത്തിനിടെ 24 അപകടങ്ങൾ

പൊന്‍കുന്നം: പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പാലാ-പൊന്‍കുന്നം റോഡ്​ അപകടരഹിതമാക്കാനുള്ള നടപടി എങ്ങുമെത്തിയില്ല. ശനിയാഴ്ച രാവിലെ പൂവരണിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചതാണ് ഏറ്റവും അവസാനം നടന്ന ദാരുണ സംഭവം.

ഉപ്പുതറ കൊച്ചുചെരുവില്‍ സന്ദീപ് (31), നരിയാമ്പാറ ഉറുമ്പിയില്‍ വിഷ്ണു വിജയന്‍ (26) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ലിജുവിന്​(29) ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. 2017ല്‍ അന്തര്‍ദേശീയ നിലവാരത്തില്‍ പണി പൂര്‍ത്തിയാക്കിയ റോഡില്‍ ഇതിനോടകം പൊലിഞ്ഞത് നിരവധി മനുഷ്യജീവനുകളാണ്. 2020ല്‍തന്നെ നിരവധി വാഹനാപകടങ്ങള്‍ ഉണ്ടാവുകയും പത്തോളം പേര്‍ മരിക്കുകയും ചെയ്തു.

കഴിഞ്ഞതിരുവോണ നാളില്‍ ഏഴാംമൈലില്‍ ബൈക്ക് പോസ്​റ്റിലിടിച്ച് അരുണ്‍ദേവ് (28) മരിച്ചു. ആഗസ്​റ്റ്​ 15ന് ഇളങ്ങുളത്ത് കാറിടിച്ച് കാല്‍നടയാത്രക്കാരനായ മുരിക്കനാനിക്കല്‍ തങ്കപ്പന്‍നായര്‍, ആഗസ്​റ്റ്​​ മൂന്നിന്​ കുരുവിക്കൂട് കവലക്ക്​ സമീപം കാറിടിച്ച് വിളക്കുമാടം സ്വദേശി അജി (43), ഫെബ്രുവരി 22ന് ഇളങ്ങുളം രണ്ടാം മൈലില്‍ മിനി ലോറി ഇടിച്ച് വാളാച്ചിറയില്‍ ശ്രീകുമാരി (69) എന്നിവരുടെ മരണം ഇതില്‍ ചിലതുമാത്രം. പൊലീസ് ആലോചനയിട്ട നൈറ്റ് വിഷന്‍ കാമറ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല. രാത്രിയും പകലും വ്യക്തമായ ദൃശ്യങ്ങള്‍ പകര്‍ത്തി അമിതവേഗക്കാരെ കുടുക്കാന്‍ ലക്ഷ്യമിട്ട് പൊലീസ് ആവിഷ്‌കരിച്ച പദ്ധതിക്ക്​ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗം 1.62 കോടിയുടെ എസ്​റ്റിമേറ്റ് തയാറാക്കിയിരുന്നു.

റോഡി​െൻറ പൊന്‍കുന്നം മുതല്‍ തൊടുപുഴ വരെയുള്ള ഭാഗത്ത് അപകടസാധ്യതയേറിയ ഇടങ്ങളില്‍ കാമറ സ്ഥാപിക്കുന്നതിനായിരുന്നു ഇത്. അപകടസാധ്യതയുള്ള ഭാഗങ്ങളില്‍ വേണ്ട ക്രമീകരണങ്ങളെക്കുറിച്ച് മുമ്പ്​ നാറ്റ്പാക് സര്‍ക്കാറിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു.

ഇതിലും നടപടിയായിട്ടില്ല. ഹൈവേ പൊലീസി​െൻറ പട്രോളിങ് മാത്രമാണ് കുറച്ചെങ്കിലും വേഗനിയന്ത്രണത്തിന് പ്രേരിപ്പിക്കുന്നത്.

വളവുകളില്‍ കാടുവളര്‍ന്ന് മൂടി കാഴ്ച മറക്കുന്നത് ഡ്രൈവര്‍മാരെ കുഴക്കുന്നുണ്ട്. വഴിവിളക്ക് തെളിയാത്തതും പി.പി റോഡി​െൻറ പലയിടങ്ങളിലും പ്രശ്നമാണ്. സോളാര്‍വിളക്കുകളില്‍ പാതിയും കണ്ണടച്ച നിലയിലാണ്.


ഒമ്പതുമാസത്തിനിടെ 24 അപകടങ്ങൾ

പാലാ: പാലാ-പൊന്‍കുന്നം റോഡില്‍ കഴിഞ്ഞ ഒമ്പത്​ മാസത്തിനിടെ പൊലിഞ്ഞത് ഒമ്പത്​ ജീവനുകള്‍.

കഴിഞ്ഞ ജനുവരി മുതല്‍ സെപ്​റ്റംബര്‍ വരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ ചെറുതും വലുതുമായ 24 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍-ജൂലൈ മാസത്തിലാണ് കൂടുതല്‍ അപകടമുണ്ടായത്- 12 അപകടങ്ങള്‍.

മേയ് മാസത്തില്‍ മൂന്ന്​ അപകടം മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. പൊലീസി​െൻറയും ഗതാഗതവകുപ്പി​െൻറയും സംയുക്ത കണക്കാണിത്.

ശബരിമല തീർഥാടനത്തിലെ ഏറ്റവും പ്രധാന പാതയാണിത്. ഈ കാലയളവിലാണ് ഏറെ അപകടങ്ങള്‍ രേഖപ്പെടുത്തുന്നത്. മുമ്പ് 45 മിനിറ്റ്​ വേണ്ടിയിരുന്ന പാലാ- പൊന്‍കുന്നം യാത്ര റോഡ് പൂര്‍ത്തിയായതോടെ 20 മിനിറ്റ്​ മാത്രം മതി.

അപകടങ്ങള്‍ പതിവായതോടെ റോഡിനെ റെഡ്‌സോണില്‍ പെടുത്തിയിട്ടുണ്ട്. റോഡ് സുരക്ഷ അതോറിറ്റി ഉദ്യോഗസ്ഥര്‍ അടുത്തദിവസം അപകടസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.