പാലാ: പ്രമുഖ ക്രംപ് റബര്‍ ഉൽപാദകരായിരുന്ന പാലാ മാര്‍ക്കറ്റിങ് സഹകരണസംഘത്തിന്റെ ഭരണം പിടിക്കാന്‍ വാശിപ്പോരാട്ടം. 1968ല്‍ പ്രവര്‍ത്തനം തുടങ്ങിയ സംഘത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഭരണം പിടിക്കാനായി മുന്നണികളുടെ ചേരിതിരിഞ്ഞുള്ള പോരാട്ടം. പതിറ്റാണ്ടുകളായി യു.ഡി.എഫിന്റെ നിയന്ത്രണത്തിലാണ് സംഘത്തിന്റെ ഭരണം. കേരള കോൺഗ്രസ് മാണിവിഭാഗം യു.ഡി.എഫ് വിട്ടതോടെയാണ് ഇത്തവണ രാഷ്ട്രീയപോരാട്ടത്തിന് കളമൊരുക്കിയത്. കേരള കോണ്‍ഗ്രസ് എമ്മും കോണ്‍ഗ്രസും വഴിപിരിഞ്ഞശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ഇത് വാശി വർധിപ്പിക്കുന്നു. നിലവിലെ ഭരണസമിതിയില്‍ കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസ് എമ്മിനും തൂല്യ അംഗങ്ങളാണുള്ളത്.
മുന്‍കാലങ്ങളില്‍ ചില സ്വതന്ത്രര്‍ സ്ഥാനാര്‍ഥികളായി രംഗെത്തത്തുമ്പോള് പേരിന് വോട്ടെടുപ്പ് നടന്നിരുന്നെങ്കിലും രാഷ്ട്രീയ പോരാട്ടമായി മാറിയിരുന്നില്ല. ഇടതുപക്ഷത്തിന് പ്രതിനിധികളെ ഉണ്ടായിരുന്നില്ല. ഇത്തവണ കേരള കോൺഗ്രസ് എമ്മിന്റെ പിന്തുണയിൽ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. സഹകരണ ജനാധിപത്യമുന്നണിയെന്ന ബാനറിലാണ് എല്‍.ഡി.എഫ് മത്സരരംഗത്തുള്ളത്. 30ന് രാവിലെ 9.30 മുതല്‍ വൈകീട്ട് നാലുവരെ ചെത്തിമറ്റത്തെ സംഘം കേന്ദ്ര ഓഫിസില്‍ വോട്ടെടുപ്പ് നടക്കും. ജില്ലയിലെമ്പാടും പ്രവര്‍ത്തന പരിധിയുള്ള സംഘത്തിന് 3267 അംഗങ്ങളാണുള്ളത്.
സുലഭ സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശമുള്ള കമ്പനിയുടെ നിയന്ത്രണവും പാലാ മാര്‍ക്കറ്റിങ് സഹകരണ സംഘത്തിനാണ്. മുത്തോലിയിലെ ഇന്‍ഡ്യാര്‍ റബര്‍ ഫാക്ടറി പ്രവൃത്തിപ്പിക്കുന്നതും സംഘമാണ്. മുമ്പ് കേരളത്തിലെ പ്രമുഖമായ ക്രംപ് റബര്‍ ഉൽപാദിപ്പിക്കുന്ന സ്ഥാപനമായിരുന്നു സംഘം. ടയര്‍ ഉൽപാദിപ്പിക്കുന്നതിനുള്ള അസംസ്കൃത വസ്തുവായ ക്രംപ് റബര്‍ രംഗത്ത് സംഘം കോടിക്കണക്കിന് രൂപ അറ്റാദായം നേടുകയും രാജ്യത്തെമ്പാടും റബര്‍ അസംസ്കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്തിരുന്നു. പിന്നീട് പ്രതിസന്ധികള്‍ നേരിട്ടതോടെ റബ്ബര്‍ കറ ശേഖരിക്കുന്നതുൾപ്പെടെ പ്രവൃത്തികള്‍ നിര്‍ത്തിവെച്ചു. കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിട്ടെങ്കിലും സംഘത്തിന്റെ ഭരണസമിതിയില്‍ ഇതുവരെ ചേരിതിരിവില്ലായിരുന്നു.
യു.ഡി.എഫ് സ്ഥാനാര്‍ഥികളായി അഡ്വ. അനില്‍. ജി. മാധവപ്പള്ളി, ഇമ്മാനുവല്‍ കോലടി, കെ.എസ്. ജയചന്ദ്രന് കീപ്പാറമലയില്‍, അഡ്വ. ജോബി തോമസ് കുറ്റിക്കാട്ട്, ബിജോയി എബ്രാഹം ഇടേട്ട്, ബിനോ. ജെ. ചൂരനോലി, ബെന്നി ജോര്‍ജ് കച്ചിറമറ്റം, സിബി ജോസ് പാറക്കുളങ്ങര, പി.കെ. മോഹനചന്ദ്രന് പുളിക്കക്കുന്നേല്‍, എല്‍സ സന്തോഷ് മണര്‍കാട്ട്, മെല്ഷാ. എം. സെബാസ്റ്റ്യന്‍ നെല്ലിക്കുന്നേല്‍, ലാലി മൈക്കിള്‍ കിഴക്കേക്കര എന്നിവരാണ് മത്സരരംഗത്തുള്ളത്.
കുഞ്ഞുമോന് മാടപ്പാട്ട്, ജാന്റീഷ് മുളയന്താനത്ത്, അഡ്വ. ജോസഫ് മണ്ഡപം, ഡി. പ്രസാദ് ഭക്തിവിലാസ്, ബെന്നി ജോസഫ് ഈഴൂരിക്കല്, രാജേഷ് വാളിപ്ലാക്കല്‍, സണ്ണി പൊരുന്നക്കോട്ട്, സണ്ണി ജെയിംസ് മാന്തറ, എം.ജെ. ഹെസാക്കിയേന് മച്ചിയാനിക്കല്‍, അന്നക്കുട്ടി ജെയിംസ് പരിപ്പീറ്റത്തോട്ട്, മിനി സാവിയോ തെങ്ങുംമൂട്ടില്‍, സിസി ജെയിംസ് ഐപ്പന്‍പറമ്പില്‍കുന്നേല്‍ എന്നിവരാണ് സഹകരണ ജനാധിപത്യ മുന്നണിയുടെ ബാനറില്‍ മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.