ഈരാറ്റുപേട്ട പൊലീസ് നടത്തിയ പരിശോധനയിൽ വീടിന്‍റെ ടെറസിൽനിന്ന് പിടിച്ചെടുത്ത നിരോധിത പുകയില ഉൽപന്നങ്ങൾ
പൊൻകുന്നം: ചങ്ങനാശ്ശേരി സ്വദേശികളായ രണ്ടു പേരെ 250 ഗ്രാം എം.ഡി.എം.എയുമായി പൊൻകുന്നത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 10 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഓപറേഷൻ തൂഫാനിൽ പിടികൂടിയത്. ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്.
ചങ്ങനാശ്ശേരി തൃക്കൊടിത്താനം ഹാഷിം മൻസിലിൽ ഹാഷിം ലബ്ബ (29), പെരുന്ന ഒളച്ചുക്കുഴിയിടത്തിൽ എൻ.ബി. നിബിൻ (38) എന്നിവരെയാണ് കാർ തടഞ്ഞ് കോട്ടയം ജില്ല പൊലീസ് ചീഫിന്‍റെ ഡാൻസാഫ് സ്‌ക്വാഡ് പിടികൂടിയത്. കാറിന്‍റെ ഡോറിനിടയിൽ ഒളിപ്പിച്ച മയക്കുമരുന്ന് പാക്കറ്റ് വർക് ഷോപ്പിലെത്തിച്ച് പരിശോധന നടത്തിയാണ് കണ്ടെടുത്തത്.
ബംഗളൂരുവിൽനിന്ന് കാറിലെത്തിയതാണിവർ. ചങ്ങനാശ്ശേരിയിൽ വിൽപനക്കായി ഇവർ മയക്കുമരുന്നുമായി എത്തുന്നുവെന്ന് ഡാൻസാഫ് ടീമിന് രഹസ്യവിവരം കിട്ടിയിരുന്നു. ഇടുക്കി ജില്ലയിലെ കുട്ടിക്കാനം മുതൽ ടീം ഇവരെ പിന്തുടർന്നു. പൊൻകുന്നം പൊലീസിന്‍റെ സഹകരണത്തോടെ ഗവ. ഹൈസ്‌കൂളിന് സമീപത്തുവെച്ച് വാഹനം തടഞ്ഞ് പിടിക്കാൻ ശ്രമിച്ചെങ്കിലും ഇവർ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് മറ്റൊരു വാഹനം കൊണ്ട് തടഞ്ഞിട്ടാണ് ഇരുവരെയും പിടികൂടിയത്.
10,000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
ഈരാറ്റുപേട്ട: ഓപറേഷൻ തൂഫാന്റെ ഭാഗമായി നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ഇളപ്പുങ്കലിൽ പീടികതാഴത്ത് റസാക്ക് (46) ആണ് പിടിയിലായത്. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽനിന്ന് 10,000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളും വ്യാജ സിഗരറ്റും കണ്ടെടുത്തത്. വീടിന്‍റെ ടെറസിൽനിന്നും ഉള്ളിൽനിന്നുമായി 16 ചാക്കുകളിലായാണ് പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്.പുകയില ഉൽപന്നങ്ങളുടെ ഉറവിടം കണ്ടെത്താൻ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.