കോട്ടയം: അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ യുവാക്കൾ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ തയാറായാൽ അവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ബാങ്കുകളും വ്യവസായ വകുപ്പും ചെയ്യേണ്ടതെന്ന് ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. റാമ്പിന്റെ ഭാഗമായി ‘ജില്ലതല ബാങ്കേഴ്സ് മീറ്റ്’ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാങ്കുകൾ സംരംഭകരോട് തികച്ചും നീതിപൂർവമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. വായ്പക്കായി സമീപിക്കുന്ന സംരംഭകരോട് അനുകൂലമായ നിലപാട് സ്വീകരിക്കാനും തിരിച്ചടവ് മുടങ്ങുന്ന സാഹചര്യങ്ങളിൽ പെട്ടെന്നുള്ള കർശന നടപടികളിലേക്ക് കടക്കാതെ നിലവിലുള്ള എം.എസ്.എം.ഇ റിവൈവൽ ആൻഡ് റീഹാബിലിറ്റേഷൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി അവർക്ക് ആവശ്യമായ സമയവും അവസരവും നൽകാനും ബാങ്കുകൾ തയാറാകണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു. എം.എസ്.എം.ഇ യൂനിറ്റുകളുടെ അഭിവൃദ്ധിക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ‘ചാമ്പ്യൻസ്’ പോർട്ടൽ പദ്ധതിയിലേക്ക് കോട്ടയം ജില്ലയിൽനിന്നുള്ള അർഹരായ സംരംഭകരെ കണ്ടെത്തണമെന്നും എം.പി ആവശ്യപ്പെട്ടു.
ജില്ലയിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരെ പങ്കെടുപ്പിച്ച് വിവിധ ബാങ്ക് വായ്പകളെ കുറിച്ചും വ്യവസായ വകുപ്പിന്റെ പദ്ധതികളെ കുറിച്ചും അവബോധം നൽകുന്നതിനാണ് മീറ്റ് സംഘടിപ്പിച്ചത്. ജില്ല കലക്ടർ ചേതൻ കുമാർ മീണ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ് പി.എ. സ്വാഗതം പറഞ്ഞു. മുഹമ്മദ് ഉമ്മർ, അനുരാജ് എം.എസ്, മനോജ് കെ, വെങ്കിടേശൻ എസ്, ബിന്ദു എം, ശോഭ കെ.കെ, ടി.പി. ജോസഫ്, മിനിമോൾ സി.ജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.