നി​ർ​ദി​ഷ്ട പൂ​ഞ്ഞാ​ർ താ​ലൂ​ക്കി​ന്‍റെ മാ​പ്പ്

ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലൂക്ക്: പ്രതീക്ഷയോടെ നാട്ടുകാർ

ഈരാറ്റുപേട്ട: ആറ് പതിറ്റാണ്ട് കാലത്തെ നിരന്തര ആവശ്യങ്ങൾക്കൊടുവിൽ ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലൂക്ക് രൂപവത്കരിക്കുമോ എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങൾ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ താലൂക്ക് രൂപവത്കരണം ഇടംപിടിച്ചതോടെ പ്രതീക്ഷയുടെ ആഴം കൂടി. 1964ൽ ബ്ലോക്ക് ഓഫിസ് കെട്ടിടത്തിന്‍റെ ഉദ്ഘാടന വേളയിൽ അന്നത്തെ പൂഞ്ഞാർ എം.എൽ.എയും റവന്യൂ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ടി.എ. തൊമ്മനാണ് ഈരാറ്റുപേട്ട കേന്ദ്രമാക്കി താലൂക്ക് എന്ന ആവശ്യം ആദ്യമായി പറഞ്ഞത്. തുടർന്ന് എം.എൽ.എമാരായി വന്നവരെല്ലാം പ്രകടനപത്രികയിലുൾപ്പെടുത്തിയിട്ടും താലൂക്ക് വന്നില്ല. ഇപ്പോഴത്തെ പൂഞ്ഞാർ എം.എൽ.എ അഡ്വ. എം.ജെ. സെബാസ്റ്റ്യനാണ് ഈ ആവശ്യം സർക്കാറിന് മുന്നിൽ ഉന്നയിച്ചത്. ഈ സർക്കാറിന്‍റെ കാലത്തെങ്കിലും പതിറ്റാണ്ടുകളുടെ ആഗ്രഹം യാഥാർഥ്യമാകുമോ എന്നാണ് ജനം കാത്തിരിക്കുന്നത്.

വിശാലമായ മീനച്ചിൽ താലൂക്ക് 15 പഞ്ചായത്തിലും രണ്ട് മുൻസിപ്പാലിറ്റികളിലുമായാണ് പരന്ന് കിടക്കുന്നത്. നിലവിൽ 28 വില്ലേജുകളാണുള്ളത്. താലൂക്ക് ആസ്ഥാനം പാലായിലും. മലയോര വില്ലേജുകളിൽ നിന്ന് മീനച്ചിൽ താലൂക്ക് ആസ്ഥാനമായ പാലായിൽ എത്തണമെങ്കിൽ 32 കിലോമീറ്റർ സഞ്ചരിക്കണം. ജനങ്ങളുടെ യാത്രാസൗകര്യങ്ങൾ കണക്കിലെടുത്താണ് മൂന്നിലവ്, മേലുകാവ്, തലനാട്, തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ നടുഭാഗം, ഈരാറ്റുപേട്ട, തലപ്പലം, കൊണ്ടൂർ വില്ലേജുകളും കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ വില്ലേജും ഉൾപ്പെടുത്തി പൂഞ്ഞാർ താലൂക്ക് രൂപവത്കരിക്കണമെന്ന റിപ്പോർട്ട് 2017ൽ ലാൽഡ് റവന്യൂ കമീഷണർ അഡീഷനൽ ചീഫ് സെക്രട്ടറി റവന്യൂ (എഫ്) വകുപ്പിന് നൽകിയത്. ഈ റിപ്പോർട്ടിനുശേഷം കുന്നംകുളം, പയ്യന്നൂർ, അട്ടപ്പാടി താലൂക്കുകൾ എൽ.ഡി.എഫ് സർക്കാർ രൂപവത്കരിച്ചിരുന്നു. അപ്പോഴും വികസന സാധ്യതകൾ ഏറെയുള്ള ഈ പ്രദേശത്തെ പരിഗണിച്ചില്ല. മലയോര മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ മല, മാർമല അരുവി, അയ്യമ്പാറ എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് നിർദിഷ്ട താലൂക്ക്.

മീനച്ചിൽ താലൂക്ക് വിഭജിച്ച് പുതിയ താലൂക്ക് രൂപീകരിച്ചാൽ വൻ വികസനത്തിന് വഴിയൊരുക്കും. മാത്രമല്ല മൂന്നിലവ്, മേലുകാവ് വില്ലേജുകൾ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഭൂരിപക്ഷമുള്ള വില്ലേജുകളാണ്. ഈ മേഖലക്കും പുതിയ ഉണർവുകൾ ലഭിക്കും. ജില്ലയിൽ പ്രകൃതിക്ഷോഭം കൂടുതലായി ഉണ്ടാകുന്ന വില്ലേജുകളാണ് പൂഞ്ഞാർ നടുഭാഗം, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തലനാട് എന്നിവ. പ്രകൃതി ക്ഷോഭങ്ങൾ, ഉരുൾപൊട്ടലുകൾ എന്നിവ ഉണ്ടാവാതിരിക്കാൻ മുൻകരുതൽ എടുക്കുന്നതോടൊപ്പം മറ്റു സർക്കാർ ആനുകൂല്യങ്ങൾ ദ്രുതഗതിയിൽ എത്തിക്കാനും കഴിയും.

ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി, പൊലീസ് സ്റ്റേഷൻ, അഗ്നിരക്ഷസേന ഓഫിസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, സബ് ട്രഷററി, സബ് രജിസ്ട്രാർ ഓഫിസ്, കെ.എസ്.ആർ.ടി.സി ഡിപ്പോ, വാട്ടർ അതോറിറ്റി ഓഫിസ്, പി.ഡബ്ല്യു.ഡി അസിസ്റ്റൻറ് എഞ്ചിനീയർ ഓഫിസ്, ടൂറിസ്റ്റ് ബംഗ്ലാവ്, കൃഷി അസിസ്റ്റന്‍റ് ഡയറക്ടറുടെ ഓഫിസ്, ഉപജില്ലാ ഓഫിസ്, കെ.എസ്.ഇ.ബി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫിസ്, കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ, നഗരസഭാ ബസ് സ്റ്റാന്‍റ്, ഒരു എയ്ഡഡ് കോളജ്, മൂന്ന് ഹയർ സെക്ൻഡറി സ്കൂളുകൾ, അരുവിത്തുറ സ്കൂൾ സ്റ്റേഡിയം എന്നിവയും എട്ട് പൊതുമേഖലാ ബാങ്കുകളും ഈരാറ്റുപേട്ട നഗരസഭയിലാണ് സ്ഥിതി ചെയ്യുന്നത്.

1500ഓളം വ്യാപാര സ്ഥാപനങ്ങൾ ഈരാറ്റുപേട്ട നഗരസഭയിൽ മാത്രം പ്രവർത്തിക്കുന്നുണ്ട്. ഏറ്റുമാനൂർ-ഈരാറ്റുപേട്ട സംസ്ഥാന പാത, അങ്കമാലി-എരുമേലി സംസ്ഥാന പാത, ഈരാറ്റുപേട്ട- വാഗമൺ സംസ്ഥാന പാത എന്നിവയുടെ സംഗമസ്ഥാനമാണ് ഈരാറ്റുപേട്ട. പുതുതായി വരുന്ന മിനി സിവിൽ സ്റ്റേഷൻ കൂടി യാഥാർഥ്യമാകുമ്പോൾ ഓഫിസുകൾ എല്ലാം ഒരു കെട്ടിടത്തിൽ പ്രവർത്തിക്കാൻ കഴിയും എന്നതും താലൂക്ക് രൂപീകരണത്തിന് ഏറെ പ്രയോജനപ്പെടും.

Tags:    
News Summary - Poonjar taluk as Erattupetta centre: Locals hopeful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.