കോട്ടയം: സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കുമുളള വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ ‘ഓപറേഷൻ സുരക്ഷിത വിദ്യാരംഭം- 2025’ന്റെ ഭാഗമായി ജില്ലയിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധന മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ജില്ല റീജണൽ ട്രാൻസ്പോർട്ട് ഓഫിസിനും സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫിസുകൾക്കും കീഴിലാണ് പരിശോധന നടക്കുന്നത്. ജില്ലയിൽ മൊത്തം 1793 സ്കൂൾ വാഹനങ്ങളാണുള്ളത്. ഇവയിൽ 833 വാഹനങ്ങളുടെ പരിശോധന പൂർത്തിയായി. അപാകത കണ്ടെത്തിയ 126 വാഹനങ്ങൾ എത്രയും പെട്ടെന്ന് അവ പരിഹരിച്ച് ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദേശം.
വാഹനത്തിന്റെ രേഖകൾ, ടയർ, വൈപ്പർ, ഹെഡ്ലൈറ്റ്, റൂഫ്, ബ്രേക്ക്, ലൈറ്റ് ഡോർ, ബോഡി, സ്കൂൾ ബസിന്റെ വിൻഡോ ഷട്ടർ, ജി.പി.എസ്, വേഗപ്പൂട്ട് , അഗ്നിരക്ഷാസംവിധാനം, പ്രഥമശുശ്രൂഷ കിറ്റ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ജി.പി.എസ് സംവിധാനം സുരക്ഷാമിത്ര സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ച് ടാഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. വിദ്യാവാഹൻ ആപ്പുമായും ടാഗ് ചെയ്യണം. സ്കൂൾ വാഹനങ്ങളുടെ വിവരം മോട്ടോർ വാഹനവകുപ്പിന്റെ സുരക്ഷാമിത്രപോർട്ടലിൽ ലഭ്യമാകുന്നതിനുവേണ്ടിയാണിത്. പരിശോധനയിൽ വിജയിക്കുന്ന വാഹനങ്ങളിൽ മോട്ടോർ വാഹനവകുപ്പ് സ്റ്റിക്കർ പതിപ്പിക്കുന്നുണ്ട്.
ഡ്രൈവർമാർക്ക് അവരോടിക്കുന്ന തരത്തിലുള്ള വാഹനങ്ങൾ ഓടിച്ച് 10 വർഷത്തെ പരിചയം വേണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ എല്ലാ ബസുകളിലും ഉണ്ടായിരിക്കണം. കൂളിങ് ഫിലിം /കർട്ടൻ എന്നിവയുടെ ഉപയോഗം സ്കൂൾ വാഹനത്തിൽ കർശനമായി നിരോധിച്ചിട്ടുണ്ട്. സ്കൂളിന്റെ പേരും ഫോൺ നമ്പറും വാഹനത്തിന്റെ ഇരുവശത്തും പ്രദർശിപ്പിച്ചിരിക്കണം.
വാഹന പരിശോധനക്കാപ്പം ഡ്രൈവർമാർക്കും ആയമാർക്കുമുള്ള ക്ലാസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്നുണ്ട്. ഡ്രൈവർമാർക്കും സ്കൂൾ അധികൃതർക്കുമായി സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, അഗ്നിരക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കേണ്ട വിധം തുടങ്ങിയ കാര്യങ്ങളാണ് ക്ലാസിൽ വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.