മുഹമ്മദ് ജാവേദ് അൻസാരി, കെ. അജ്മൽ
കടുത്തുരുത്തി: ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ വൈദികനിൽനിന്ന് 1.41 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അൻസാരി (35), കോഴിക്കോട് താമരശ്ശേരി ഇലവ വീട്ടിൽ കെ. അജ്മൽ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് ജാവേദ് അൻസാരിയെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിൽനിന്ന് സാഹസികമായാണ് പിടികൂടിയത്. ഇയാൾ ഷെയർ ട്രേഡിങ്ങിൽ താൽപര്യമുള്ള വൈദികനെ സമൂഹമാധ്യമം വഴി ബന്ധപ്പെട്ട് ആദിത്യ ബിർള ക്യാപിറ്റൽ സോക്സ് ആൻഡ് സെക്യൂരിറ്റി എന്ന പേരിൽ ആഡ്ബീർ കേപബിൾ എന്ന ആപ്ലിക്കേഷൻ വൈദികന്റെ ഫോണിൽ ഡൗൺലോഡ് ചെയ്യിപ്പിച്ച് ഇതിലൂടെ ട്രേഡിങ് നടത്തുകയായിരുന്നു. തുടക്കത്തിൽ കുറച്ച് ലാഭവിഹിതം നൽകി വൈദികനെ വിശ്വസിപ്പിച്ചു.
പിന്നീട് ഷെയർ ട്രേഡിങ്ങിൽ കൂടുതൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പലതവണയായി പല അക്കൗണ്ടുകളിലേക്കായി 1.41 കോടി രൂപ വാങ്ങിയെടുക്കുകയായിരുന്നു. മുടക്കിയ പണം തിരികെ ലഭിക്കാതെയും ലാഭവും കിട്ടാതിരുന്നതിനെയും തുടർന്ന് വൈദികൻ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് കടുത്തുരുത്തി പൊലീസ് കേസെടുത്തു. എസ്.എച്ച്.ഒ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിൽ വൈദികന്റെ നഷ്ടപ്പെട്ട കുറച്ച് പണം കേരളത്തിലെ എ.ടി.എം വഴി പിൻവലിച്ച കോഴിക്കോട് സ്വദേശികളായ ഷംനാദ്, മുഹമ്മദ് മിൻഹാജ് എന്നിവരെ പിടികൂടിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ അജ്മൽകൂടി ഈ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. ഇയാളെ പിടികൂടാൻ തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഇയാൾ കടുത്തുരുത്തി സ്റ്റേഷനിൽ ഹാജരായത്. തട്ടിപ്പിന്റെ പിന്നിൽ ഉത്തരേന്ത്യൻ സംഘമാെണന്ന് കണ്ടെത്തുകയും ഇവരെ പിടികൂടുന്നതിന് ജില്ല പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ പ്രത്യേക നിർദേശത്തെ തുടർന്ന് അന്വേഷണസംഘം രൂപവത്കരിക്കുകയും കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം മഹാരാഷ്ട്രയിൽനിന്ന് അൻസാരിയെ സാഹസികമായി പിടികൂടുകയുമായിരുന്നു. വൈദികന്റെ അക്കൗണ്ടിൽനിന്ന് അഞ്ചുലക്ഷത്തോളം രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. കടുത്തുരുത്തി എസ്.എച്ച്.ഒ ടി.എസ്. റെനീഷ്, എസ്.ഐ നെൽസൺ സി.എസ്, എ.എസ്.ഐ ഷാജി ജോസഫ്, സി.പി.ഒമാരായ വിനീത് ആർ. നായർ, അരുൺകുമാർ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.