കോട്ടയം: ഉന്നതവിദ്യാഭ്യാസ മേഖലയും വ്യവസായ ലോകവും തമ്മിലുള്ള വിടവ് നികത്തുന്നതിന് ആധുനിക സാങ്കേതികവിദ്യകളും നിര്‍മിത ബുദ്ധിയും ഫലപ്രദമായി വിനിയോഗിക്കണമെന്ന് കൊച്ചിയില്‍ നടന്ന ഏകദിന സിമ്പോസിയം ആഹ്വാനം ചെയ്തു. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ‘സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് ആന്‍ഡ് ബിസിനസ് സ്റ്റഡീസും’ ലണ്ടന്‍ ആസ്ഥാനമായ അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്‍റ്സും സംയുക്തമായാണ് വ്യവസായ-അക്കാദമിക് വിടവ് സംബന്ധിച്ച് സിമ്പോസിയം സംഘടിപ്പിച്ചത്.
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ഭാവിയിലേക്കുള്ള പ്രഫഷണലുകളെ വാര്‍ത്തെടുക്കുന്നതിന് വ്യവസായ മേഖലയും അക്കാദമിക് മേഖലയും തമ്മിലുള്ള നിരന്തര സഹകരണം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാറിവരുന്ന ആഗോള തൊഴില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയിലെ ബോധനശാസ്ത്രം ഉടച്ചുവാര്‍ക്കേണ്ടത് അനിവാര്യമാണെന്ന് സിമ്പോസിയം വിലയിരുത്തി.
നിര്‍മിത ബുദ്ധി ഒരിക്കലും അധ്യാപകര്‍ക്ക് പകരക്കാരനാകില്ലെന്നും മറിച്ച് അധ്യാപന പ്രക്രിയയെ കൂടുതല്‍ സര്‍ഗാത്മകവും കാര്യക്ഷമവുമാക്കാന്‍ സഹായിക്കുന്ന വിപ്ലവകരമായ ഉപകരണമാണെന്നും ചര്‍ച്ചകളില്‍ പങ്കെടുത്ത വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ അക്കൗണ്ടിങ് അസോസിയേഷന്‍ പ്രസിഡന്‍റ് പ്രഫ. ഡോ. ഗബ്രിയേല്‍ സൈമണ്‍, എ.സി.സി.എ പ്രതിനിധികളായ പ്രഭാന്‍ഷു മിത്തല്‍, അല്‍ത്തിയ ലീ, വ്യവസായ മേഖലയില്‍നിന്ന് റിജോ തോമസ്, ജാക്സണ്‍ ഫിഗരാഡോ തുടങ്ങിയവര്‍ സംസാരിച്ചു.
സസ്റ്റൈനബിലിറ്റി ഇന്‍ ബിസിനസ്: ഇന്‍ഡസ്ട്രി 5.0 പെഴ്സ്പെക്റ്റീവ് എന്ന പുസ്തകവും ദി ബിസിനസ് ബീറ്റ്സ് എന്ന വാര്‍ത്താപത്രികയും പ്രകാശനം ചെയ്തു. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. ടി.വി. സുജ, എസ്.എം.ബി.എസ് വകുപ്പ് മേധാവി പ്രഫ. ഡോ. ജോണി ജോണ്‍സണ്‍, പ്രഫ. സന്തോഷ് പി. തമ്പി, ഡോ. എം.കെ. ബിജു എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.