ഇനിയില്ല, കോട്ടയം തുരങ്കയാത്ര;പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായാണ്തുരങ്കയാത്ര ഒഴിവാക്കുന്നത്

കോട്ടയം: ട്രെയിനുകളെ ഇരുട്ടിലാക്കുന്ന കോട്ടയത്തെ തുരങ്കയാത്ര ഇനി ഓർമ. വ്യാഴാഴ്ച രാവിലെ 7.45നുശേഷം തുരങ്കം വഴി യാത്ര ട്രെയിനുകളില്ല. ഇതോടെ കോട്ടയം റെയിൽവേ സ്റ്റേഷനോട് ചേർന്ന തുരങ്കയാത്രകൾ ചരിത്രത്തിന്‍റെ ഭാഗമാകും. പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായാണ് തുരങ്കയാത്ര ഒഴിവാക്കുന്നത്.

യാത്ര റൂട്ടില്‍നിന്ന് ഒഴിവാക്കുമെങ്കിലും റെയില്‍വേ സ്‌റ്റേഷന് സമീപവും റബര്‍ ബോര്‍ഡിന് സമീപവുമുള്ള തുരങ്കങ്ങള്‍ നിലനിര്‍ത്താനാണ് റെയില്‍വേയുടെ തീരുമാനം. ഈ തുരങ്കപാത പിന്നീട് ഷണ്ടിങ്ങിനായി ഉപയോഗിക്കും. കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്രയിലെ കൗതുകമായിരുന്നു ഈ തുരങ്കയാത്ര. ഇരുട്ടിനൊപ്പം തിരുവനന്തപുരം ഭാഗത്തുനിന്നുള്ള യാത്രക്കാർക്ക് കോട്ടയം റെയിൽവേ സ്റ്റേഷന് അരികിലെത്തിയെന്ന സിഗ്നൽ കൂടിയായിരുന്നു ഇത്.

പാത ഇരട്ടിപ്പിക്കലിന്‍റെ ആദ്യഘട്ടത്തിൽ ഈ തുരങ്കങ്ങൾ നിലനിർത്തി, സമീപത്ത് പുതിയ തുരങ്കം നിർമിച്ച് ഇതിലൂടെ പാത കടത്തിവിടാനായിരുന്നു ആലോചന. എന്നാല്‍, ഇവിടെ മണ്ണിന് ഉറപ്പില്ലെന്നു കണ്ടതോടെ തുരങ്ക പദ്ധതി ഉപേക്ഷിക്കുകയും മണ്ണ് നീക്കി പുതിയ പാത നിര്‍മിക്കുകയുമായിരുന്നു. കോട്ടയം സ്‌റ്റേഷന്‍ മുതല്‍ മുട്ടമ്പലം വരെ രണ്ടു പുതിയ പാതകളാണ് ഇതിനായി നിര്‍മിച്ചത്. പുതിയ പാതയിലൂടെ ട്രെയിൻ കടത്തിവിടുന്നതിന്‍റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 10 മണിക്കൂർ ജോലികളാണ് റെയിൽവേ ക്രമീകരിച്ചിരിക്കുന്നത്. ഇത് പൂർത്തിയാക്കി വൈകീട്ടോടെ പുതിയ പാതയിലൂടെ ട്രെയിൻ കടന്നുപോകും.

1957ലാണ് കോട്ടയത്ത് തുരങ്കങ്ങള്‍ നിര്‍മിച്ചത്. അന്നു നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ആറുപേര്‍ മരിച്ചതും റെയില്‍വേയുടെ എന്‍ജിനീയറിങ് വിഭാഗം ഇവരുടെ സ്മരണക്കായി മേൽപാലത്തോട് ചേര്‍ന്ന് സ്തൂപം നിര്‍മിച്ചതും ചരിത്രത്തിന്‍റെ ഭാഗമാണ്. 1957 ഒക്‌ടോബര്‍ 20നായിരുന്നു അപകടം.

അതിനിടെ, പാത ഇരട്ടിപ്പിക്കല്‍ ജോലികളും അതിവേഗം പുരോഗമിക്കുകയാണ്. റെയിൽവേ സ്‌റ്റേഷന്‍-മുട്ടമ്പലം ഭാഗത്തെ ജോലികളാണ് പുരോഗമിക്കുന്നത്. ഈമാസം 29ന് പാറോലിക്കലില്‍ പുതിയ ട്രാക്കും പഴയ ട്രാക്കും ബന്ധിപ്പിക്കും. തുടർന്ന് വൈകീട്ട് പുതിയ പാതയിലൂടെ ട്രെയിന്‍ ഓടും. ഇതോടെ കോട്ടയം വഴിയുള്ള പാതയിരട്ടിപ്പിക്കൽ പൂർണമാകും.

Tags:    
News Summary - No more, Kottayam tunnel; the tunnel is being avoided as part of the track doubling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.