രാത്രിയിൽ ബസില്ല; മെഡിക്കൽ കോളജ് യാത്രക്കാർക്ക് ദുരിതം



കോട്ടയം: നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന കോട്ടയം-മെഡിക്കൽ കോളജ് റൂട്ടിൽ രാത്രി സർവിസ് 7.50വരെ മാത്രം. പകൽ മിനിറ്റുകളുടെ ഇടവേളകളിലാണ് കോട്ടയത്തുനിന്ന് മെഡിക്കല്‍ കോളജിലേക്ക് സർവിസുകൾ. എന്നാൽ, സന്ധ്യമയങ്ങുന്നതോടെ ബസുകൾ അപ്രത്യക്ഷമാകും. ഇത് യാത്രക്കാർക്ക് കനത്ത ദുരിതമാണ് സമ്മാനിക്കുന്നത്.

നേരത്തേ 9.45വരെ സ്വകാര്യ ബസുകള്‍ കോട്ടയത്തുനിന്ന് മെഡിക്കല്‍ കോളജിലേക്ക് സര്‍വിസ് നടത്തിയിരുന്നു. പിന്നീട് 8.45നായി അവസാന സ്വകാര്യബസ്. കോവിഡിനുശേഷം യാത്രക്കാര്‍ കുറഞ്ഞതോടെ ഇത് റദ്ദാക്കുകയായിരുന്നു. ഇപ്പോള്‍ യാത്രക്കാര്‍ എത്തിത്തുടങ്ങിയിട്ടും സര്‍വിസ് പുഃനസ്ഥാപിക്കാത്തത് വ്യാപക പ്രതിഷേധത്തിനും കാരണമാകുന്നുണ്ട്. നേരത്തേ ഒമ്പത് മണിക്ക് കെ.എസ്.ആർ.ടി.സി സർവിസ് ഉണ്ടായിരുന്നെങ്കിലും അതും നിലച്ചു.

പകൽ നിരന്തരം സർവിസുകൾ ഉള്ളതിനാൽ രാത്രിയിൽ ബസ് കാണുമെന്ന പ്രതീക്ഷയിൽ എത്തുന്നവരാണ് വലയുന്നത്. ജോലിക്കുശേഷം കൂട്ടിരിക്കാനും മറ്റ് സഹായങ്ങൾക്കുമായി പലരും സന്ധ്യക്കുശേഷം ആശുപത്രിയിലേക്ക് പോകാറുണ്ട്. ഇവരും പലപ്പോഴും നഗരത്തിൽ കുരുങ്ങുകയാണ്. ദിവസേന നൂറുകണക്കിന് രോഗികളാണ് പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്ന് ഉള്‍പ്പെടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോകാനെത്തുന്നത്. സ്ത്രീകളടക്കം ബസില്ലാത്ത വിവരം അറിയാതെ തിരുനക്കരയിലെത്തി കുടുങ്ങുന്ന സ്ഥിതിയാണ്.

രാത്രി ബസുകള്‍ ഇല്ലാതായതോടെ തിരുനക്കര ബസ്സ്റ്റാൻഡ് പലപ്പോഴും വിജനമാകും. ഈ സമയത്ത് ഒറ്റക്ക് സ്ത്രീകളടക്കം കാത്തുനിൽക്കുന്ന സ്ഥിതിയാണ്. പലപ്പോഴും ബസ് വരുമെന്ന ധാരണയില്‍ മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം ഓട്ടോകളെ ആശ്രയിക്കുകയാണ് യാത്രക്കാർ ചെയ്യുന്നത്. അവസരം മുതലെടുത്ത് ചില ഓട്ടോക്കാര്‍ 300 മുതല്‍ 500 രൂപവരെ ഈടാക്കുന്നതായും പരാതിയുണ്ട്.

ചിലർ വഴിയാത്രക്കാരോട് ചോദിച്ച് ബേക്കർ ജങ്ഷനിലെത്തി ഇവിടെ നിന്ന് എം.സിറോഡിലൂടെയുള്ള കെ.എസ്.ആർ.ഡി.സി ബസിൽ കയറി സംക്രാന്തിയിലിറങ്ങി അവിടെ നിന്ന് ഓട്ടോ വിളിച്ച് പോകുകയാണ്. ഭൂരിഭാഗവും സാധാരണക്കാരായതിനാൽ ഇവർക്ക് വലിയ സാമ്പത്തിക ഭാരമാണ് ഇത് വരുത്തിവെക്കുന്നത്. കൂട്ടിരിപ്പുകാർക്ക് പല ദിവസങ്ങളിൽ ഇത്തരത്തിൽ സഞ്ചരിക്കേണ്ടി വരും.

ഞായറാഴ്ചകളിൽ പലപ്പോഴും വലിയതോതിൽ സ്വകാര്യ ബസുകൾ സർവിസ് വെട്ടിക്കുറക്കുന്നതായും ആക്ഷേപമുണ്ട്. ഇതുമൂലം ഞായറാഴ്ച ചുങ്കം-മെഡിക്കൽ കോളജ് റൂട്ടിൽ വലിയ തോതിലുള്ള യാത്രക്ലേശമാണ് അനുഭവപ്പെടുന്നത്.

മെഡിക്കൽ കോളജ് റൂട്ടിലോടി വരുമാനമുണ്ടാക്കുന്ന ബസുകൾപോലും രാത്രിയിൽ സർവിസ് നടത്താത്തത് ക്രൂരതയാണെന്നും യാത്രക്കാർ പറയുന്നു.

Tags:    
News Summary - No bus at night; Misery for medical college travelers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.