കോട്ടയം: എം.ജി സർവകലാശാലയിലെ ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്‍റർ, കേരള സ്റ്റാർട്ട് മിഷനുമായി ചേർന്ന് നടത്തുന്ന റിസർച് ഇൻക്യുബേഷൻ പ്രോഗ്രാമിലേക്ക് ഇൻക്യുബേഷൻ മാനേജർ, അസി. മാനേജർ (ബിസിനസ്), അസി. മാനേജർ (ടെക്‌നോളജി) എന്നീ തസ്തികകളിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലൈഫ് സയൻസ് വിഷയങ്ങളിലേതെങ്കിലും ഒന്നിലുള്ള പിഎച്ച്.ഡി യോഗ്യതയും മാനേജ്‌മെന്‍റ് വൈദഗ്ധ്യവും സ്റ്റാർട്ടപ് സംരംഭങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലും വിജയകരമായി പ്രവർത്തിപ്പിക്കുന്നതിലുമുള്ള മുൻപരിചയവും ഉള്ളവരായിരിക്കണം ഇൻക്യുബേഷൻ മാനേജർ തസ്തികയിലേക്കുള്ള അപേക്ഷകർ. കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാർ ഏജൻസികളുടെ സംരംഭകത്വ വികസനത്തിനും അനുബന്ധപ്രവർത്തനങ്ങളുടെ പ്രചാരണത്തിനുമായി പരിപാടികൾ ആവിഷ്‌കരിച്ച് നടത്തുന്നതിനുള്ള മികച്ച ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം. അപേക്ഷകന്റെ പ്രായം 35നും 42നും ഇടയിലായിരിക്കണം. നിയമിക്കപ്പെടുന്നയാൾക്ക് പ്രതിമാസം 50,000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. അസി. മാനേജർ (ബിസിനസ്) തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത എം.ബി.എയാണ്. കൂടാതെ, മാനേജ്‌മെന്‍റ് വൈദഗ്ധ്യവും ബിസിനസ് ഡെവലപ്‌മെന്‍റ്, പ്രോജക്ട് മാനേജ്‌മെന്‍റ് എന്നിവയിലും ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) എസ്റ്റിമേറ്റ് എന്നിവ തയാറാക്കുന്നതിലും കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തി പരിചയമെങ്കിലുമുള്ളവരായിരിക്കണം അപേക്ഷകർ. ഇൻകുബേഷൻ / ഇന്നൊവേഷൻ സംരംഭകത്വ വികസന മേഖലകളിലുള്ള പരിചയവും ഉണ്ടായിരിക്കണം. അസി. മാനേജർ (ടെക്‌നോളജി) തസ്തികയിലേക്ക് എൻജിനീയറിങ്ങിലുള്ള അംഗീകൃത ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരെയാണ് പരിഗണിക്കുക. കൂടാതെ മാനേജ്‌മെന്‍റ് മേഖലയിലുള്ള മതിയായ വൈദഗ്ധ്യവും പ്രോജക്ട് മാനേജ്‌മെന്‍റ്, ടെക്‌നോളജി ഡെവലപ്‌മെന്‍റ്, ഇന്നൊവേഷൻ -സ്റ്റാർട്ടപ് സംരംഭകത്വ വികസനം തുടങ്ങിയവയിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തി പരിചയവുമുണ്ടായിരിക്കണം. അസി. മാനേജർ തസ്തികകൾക്കുള്ള പ്രായപരിധി 25-32ഉം പ്രതിമാസ പ്രതിമാസം 30,000 രൂപയുമായിരിക്കും. താൽപര്യമുള്ളവർ 2622@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ഏപ്രിൽ 15നകം അപേക്ഷ അയക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. പരീക്ഷഫീസ് രണ്ടാം വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആൻഡ് മ്യൂസിയോളജി (2017, 2018, 2019, 2020 അഡ്മിഷൻ - റെഗുലർ / 2013-2016 അഡ്മിഷൻ - സപ്ലിമെന്‍ററി) പരീക്ഷകൾ ഏപ്രിൽ 29ന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 19വരെയും 525 രൂപ പിഴയോടുകൂടി ഏപ്രിൽ 20നും 1050 രൂപ സൂപ്പർഫൈനോടുകൂടി ഏപ്രിൽ 21നും അപേക്ഷിക്കാം. പരീക്ഷഫലം 2021 മാർച്ചിൽ നടന്ന നാലാംവർഷ ബി.എസ്സി എം.എൽ.ടി(2008 മുതലുള്ള അഡ്മിഷൻ - സ്‌പെഷൽ മേഴ്‌സി ചാൻസ്) പരീക്ഷഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 19.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.