കോട്ടയം: താഴത്തങ്ങാടി കരകളെയും മീനച്ചിലാറിന്റെ ഓളങ്ങളെയും സാക്ഷിനിർത്തി നെഹ്റു ട്രോഫിയിലെ വിജയം ആവർത്തിച്ച് വീയപുരം ചുണ്ടൻ. സമയത്തെ വെല്ലുവിളിച്ച് മീനച്ചിലാറിന്റെ ഓളങ്ങളിൽ തീപടർത്തി ഫിനിഷിങ് പോയന്റ് താണ്ടിയപ്പോൾ കരഘോഷവും ആഹ്ലാദവും അലതല്ലി.
നെഹ്റു ട്രോഫി വള്ളംകളിയുടെ സമാനമായാണ് താഴത്തങ്ങാടിയിലും ജലരാജാക്കന്മാർ പോരാട്ടത്തിനിറങ്ങിയത്. മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിൽ നഷ്ടമായ ജലകിരീടം തിരികെപ്പിടിക്കാൻ നടുഭാഗം, മേൽപാടം ചുണ്ടൻവള്ളങ്ങളുടെയും കിരീടം നിലനിർത്താനുള്ള പോരാട്ടത്തിൽ വീയപുരം ചുണ്ടന്റെയും പോരാട്ടം കാണികൾ ശ്വാസമടക്കിയാണ് കണ്ടുനിന്നത്.
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗും വിവിധ ഗ്രേഡുകളിലുള്ള ചെറുകളിവള്ളങ്ങളും പങ്കെടുക്കുന്ന 124ാം കോട്ടയം വള്ളംകളിയിലാണ് വീയപുരത്തിന്റെ മാസ് എൻട്രി. അവസാനം വരെ കാണികളെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ വീയപുരം പങ്കെടുത്ത ഹീറ്റ്സിൽ തന്റേതായ ആധിപത്യം ഉറപ്പിച്ചാണ് ഫൈനലിലേക്ക് പ്രവേശിച്ചത്. വീയപുരം, മേൽപാടം, നടുഭാഗം ചുണ്ടനുകൾ മത്സരിച്ച അവസാന റൗണ്ട് മത്സരത്തിൽ 3:18:080 മിനിറ്റിലാണ് വീയപുരം ചുണ്ടന്റെ ഫിനിഷിങ്. 3:18:280 മിനിറ്റിൽ മേൽപാടം ചുണ്ടനും 3:19:673 മിനിറ്റിൽ നടുഭാഗം ചുണ്ടനും ഫിനിഷ് ചെയ്തു.
ഒമ്പത് ചുണ്ടൻവള്ളങ്ങളും 15 ചെറുവള്ളങ്ങളുമാണ് കോട്ടയം വള്ളംകളിയിൽ മത്സരിച്ചത്. ചെറുവള്ളങ്ങളുടെ മത്സരത്തിൽ ഗ്രേഡ് എ വെപ്പ് വിഭാഗത്തിൽ നെപ്പോളിയൻ ഒന്നാമതെത്തി. ഗ്രേഡ് എ ഇരുട്ടുകുത്തി വിഭാഗത്തിൽ മൂന്നുതൈക്കനും, ഗ്രേഡ് ബി ഇരുട്ടുകുത്തി വിഭാഗത്തിൽ താനിയൻ, ചുരുളൻ വിഭാഗത്തിൽ വേളങ്ങാടനും ഗ്രേഡ് ബി വെപ്പ് വിഭാഗത്തിൽ പി.ജി. കരിപ്പുഴയും ഒന്നാം സ്ഥാനക്കാരായി. താഴത്തങ്ങാടിയുടെ കരകളിൽ ഇടംപിടിച്ച വള്ളംകളി പ്രേമികളുടെ ആരവങ്ങളുടെ അകമ്പടിയോടെയാണ് ജലരാജാവിന്റെ കിരീടം വീയപുരം ചുണ്ടന്റെ ശിരസ്സിലുറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.