കോട്ടയം: നാട്ടകം കുടിവെള്ള പദ്ധതി നടപ്പാക്കാൻ ദേശീയപാത മുറിച്ച് പൈപ്പ് സ്ഥാപിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിൽനിന്ന് അനുമതി ലഭിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകാത്തതിനെ തുടർന്ന് വർഷങ്ങളായി പദ്ധതി മുടങ്ങിക്കിടക്കുകയായിരുന്നു. വിഷയം ചൂണ്ടിക്കാട്ടി ജനകീയ കർമസമിതി സമരപാതയിലാണ്. ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിക്ക് നിവേദനം നൽകിയതിനെ തുടർന്ന് മോർത്ത് റീജനൽ ഓഫിസർ വി.ജെ. ചന്ദ്രഗോറെ, മോർത്ത് സൂപ്രണ്ടിങ് എൻജിനീയർ ബി.ടി. ശ്രീധർ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ദിലീപ് ഗോപാൽ, പി.ഡബ്ല്യു.ഡി നാഷനൽ ഹൈവേ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സി. രാകേഷ് എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു.
ഇവർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അനുമതി ലഭിച്ചത്. പദ്ധതി പൂർത്തിയാക്കണമെങ്കിൽ പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 28 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിക്കണം. ഈ തുക അനുവദിക്കണമെന്നും ബന്ധപ്പട്ടവരുടെ യോഗം വിളിക്കണമെന്നുമാവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന് ഇരുവരും നിവേദനം നൽകി. നാട്ടകം, മറിയപ്പള്ളി പ്രദേശത്തേക്ക് നിലവിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയിലെ പൈപ്പുകൾ പഴക്കം ചെന്നതിനാൽ 20 ദിവസം കൂടുമ്പോഴാണ് വെള്ളം കിട്ടുന്നത്. ഇതിനു പരിഹാരമായി, നാട്ടകം പ്രദേശത്തെ 30 മുതൽ 44 വരെയുള്ള 15 വാർഡുകളിലെ ആറായിരത്തോളം വീടുകളിൽ കുടിവെള്ളം എത്തിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുൻകൈ എടുത്ത് 2016 ൽ ആരംഭിച്ചതാണ് നാട്ടകം കുടിവെള്ള പദ്ധതി.
കിഫ്ബി പദ്ധതി പ്രകാരമുള്ള 21 കോടി രൂപയുടെ പദ്ധതി ആയിരുന്നു ഇത്. ആദ്യഘട്ടത്തിൽ 12 കോടി ചെലവാക്കി വെള്ളൂപ്പറമ്പ് പമ്പിങ് സ്റ്റേഷൻ മുതൽ സംസ്ഥാന ജില്ല റോഡുകളുടെ അതിർത്തിവരെ പൈപ്പുകൾ സ്ഥാപിച്ചും മറിയപള്ളി ഓവർഹെഡ് ടാങ്കിന്റെ ക്ഷമത ഏഴുലക്ഷം ലിറ്ററിൽ നിന്ന് 13 ലക്ഷം ലിറ്റർ ആയി ഉയർത്തിയും 90 ശതമാനം പണികൾ പൂർത്തിയാക്കി. കോട്ടയം കലക്ടറേറ്റ് മുതൽ കഞ്ഞിക്കുഴി, മണിപ്പുഴ മുതൽ മറിയപ്പള്ളി, മറിയപ്പള്ളി മുതൽ കോടിമത എന്നിങ്ങനെ നാലു കിലോ മീറ്റർ നീളം പൈപ്പ് ഇടാൻ ദേശീയപാത അധികൃതർ അനുമതി നൽകിയില്ല. മറ്റ് പണികൾ പൂർത്തീകരിച്ചശേഷം 2022 ൽ വീണ്ടും അനുമതി തേടിയെങ്കിലും ലഭിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.