പാലാ: ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാനപാതയിൽ പുലിയന്നൂരിൽ അപകടം പതിവാകുമ്പോഴും പരിഹാര നടപടികൾക്ക് മടിച്ച് അധികൃതർ. പാലാ ബൈപാസിന്റെ ഭാഗമായി പഴയ റോഡ് സംസ്ഥാനപാതയിൽ സംഗമിക്കുന്നിടത്താണ് അപകടങ്ങൾ പതിവ്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ നാറ്റ്പാക് ടീം എത്തി പഠനം നടത്തുമെന്ന് മാസങ്ങൾക്ക് മുമ്പ് പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. എന്നാൽ, തുടർനടപടികളുണ്ടായില്ല.
ദിവസവും ഇവിടെ അപകടങ്ങൾ നടക്കുന്നുണ്ട്. പാലത്തിന് തൊട്ടുമുമ്പ് ഇടത് വശത്തേക്കും വലത് വശത്തേക്കും രണ്ടു പ്രധാന റോഡുകളുണ്ട്. ഏറ്റുമാനൂർ ഭാഗത്തുനിന്ന് ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾ പാലത്തിന് മുമ്പ് ഇടതുവശത്തെ പഴയ റോഡിലൂടെ മരിയൻ ആശുപത്രി ജങ്ഷനിൽ കടന്നും വലത് വശത്തെ സമാന്തര റോഡിലൂടെ നേരെ സെന്റ് തോമസ് കോളജ് ജങ്ഷനിലൂടെ കൊട്ടാരമറ്റം വഴിയുമാണ് പാലാ നഗരത്തിലേക്ക് പ്രവേശിക്കുന്നത്.
രണ്ടു റോഡുകളിലൂടെ കോട്ടയം ദിശയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾ പാലത്തിന് തൊട്ടുമുമ്പ് യാത്ര ഒരേ റോഡിലൂടെയാകുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പമാണ് പ്രധാനമായും അപകടങ്ങള്‍ക്കിടയാക്കുന്നത്. പ്രധാന റോഡിൽനിന്ന് ഐ.ഐ.ഐ.ടി റോഡിലേക്ക് തിരിയുമ്പോൾ വാഹനങ്ങൾ മറ്റുള്ളവയുമായി കുട്ടിയിടിക്കുന്നതും പതിവാണ്.
എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങളെ മറികടന്ന ഇടത് വശത്തേക്ക് ട്രാക്ക് മാറുമ്പോൾ ഉണ്ടാകുന്ന ശ്രദ്ധക്കുറവ്, അമിതവേഗം എന്നിവയും അപകടങ്ങൾക്കിടയാക്കുന്നു.
തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ജനപ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘം മുമ്പ് സംയുക്തമായി സ്ഥലപരിശോധന നടത്തി സ്ഥിതിഗതി വിലയിരുത്തിയിരുന്നങ്കിലും ഒന്നുമുണ്ടായില്ല. നാറ്റ്പാക് സംഘമെത്തി ശാസ്ത്രീയ പഠനം നടത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.