പരിസ്ഥിതി ലോല പ്രദേശം; അതിരുകള്‍ മാറ്റിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലെന്ന് ആക്ഷേപം

മുണ്ടക്കയം: കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ പുനര്‍നിര്‍ണയിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ഇ.എസ്.എ) അതിരുകള്‍ മാറ്റിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് ആക്ഷേപം ശക്തം. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരാണ് വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വേണ്ടി നിയമം മാറ്റിമറിക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനമായി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഇ.എസ്.എ അതിര്‍ത്തികളാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കോര്‍പറേറ്റുകള്‍ക്ക് വന്‍കിട പദ്ധതികള്‍ക്കായി ചെറിയ വിലക്ക് ഭൂമി നേടിക്കൊടുക്കുക എന്നതാണ് ഉദ്ദേശ്യം. ഇതിൽ വന്‍ അഴിമതി സാധ്യത തള്ളിക്കളയാനാവില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഉന്നതതല വര്‍ക്കിങ് ഗ്രൂപ്പ് നിര്‍ദേശിച്ച പ്രകാരം കേരള സര്‍ക്കാര്‍ വ്യാപക ഭൗതിക പഠനം നടത്തി പുനഃപരിശോധിച്ചതാണ് നിലവിലുള്ള ഇ.എസ്.എ അതിര്‍ത്തി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ട സമയത്ത് കേരളത്തിലെ 123 ഗ്രാമങ്ങള്‍ മുഴുവനായി ഇ.എസ്.എ ആയി ഉള്‍പ്പെടുത്തി. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ഇ.എസ്.എ അതിരുകള്‍ പുനര്‍നിര്‍ണയിക്കാനും പ്രാദേശിക വിഷയങ്ങള്‍ പരിഗണിക്കാനും അവസരം നല്‍കി. ഇതനുസരിച്ചാണ് കേരള സര്‍ക്കാര്‍ വ്യാപകമായ ഭൗതിക പഠനവും പരിശോധനയും നടത്തിയത്. ഓരോ ഗ്രാമത്തിനുള്ളിലും പരിസ്ഥിതി പ്രാധാന്യമുള്ള പ്രകൃതിദത്ത പ്രദേശങ്ങളും ജനവാസങ്ങള്‍, കൃഷിയിടങ്ങള്‍, സ്വകാര്യഭൂമി, തോട്ടങ്ങള്‍, വികസിത മേഖലകള്‍ എന്നിവ ഉള്‍പ്പെടുന്ന സാംസ്‌കാരിക ഭൂദൃശ്യങ്ങളും വ്യക്തമായി വേര്‍തിരിച്ചായിരുന്നു പഠനം നടന്നത്.

ഈ ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഉന്നതതല വര്‍ക്കിങ് ഗ്രൂപ്പ് നിര്‍ദേശിച്ച 13,108 ചതുരശ്ര കിലോമീറ്റര്‍ ഇ.എസ്.എ പരിധി 9,993.7 ചതുരശ്ര കിലോമീറ്ററായി കുറച്ചു. അതായത്, 123 ഗ്രാമങ്ങള്‍ മുഴുവനും ഇ.എസ്.എ അല്ല, മറിച്ച് അവയിലെ പരിസ്ഥിതി പ്രാധാന്യമുള്ള ഭാഗങ്ങള്‍ മാത്രമായിരിക്കും ഇ.എസ്.എ. ഈ പരിധി ചുരുക്കി ഏകദേശം 8,500 ചതുരശ്ര കിലോമീറ്ററായി നിശ്ചയിക്കുന്ന പുതിയ നിർദേശവും കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

ഇതിനിടയാണ് സ്‌റ്റേറ്റ് എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റി ഗ്രാമങ്ങളെ മുഴുവനായി ഇ.എസ്.എ ആയി പരിഗണിക്കുന്ന സമീപനം സ്വീകരിക്കുന്നത്. അതോറിറ്റിയുടെ ഈ നിലപാട് നിലവിലുള്ള വിജ്ഞാപനങ്ങളുടെയും ശാസ്ത്രീയ അതിര്‍ത്തി നിര്‍ണയപ്രക്രിയയുടെയും അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഇ.എസ്.എയുടെ ശാസ്ത്രീയ അതിര്‍ത്തി നിര്‍ണയം അവഗണിച്ച് മുഴുവന്‍ ഗ്രാമങ്ങളെയും ഇ.എസ്.എ ആയി കണക്കാക്കുകയാണെങ്കില്‍ അത് കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍, സ്വകാര്യഭൂമികള്‍, വീടുകള്‍ തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കും. ഭൂമിയുടെ ഉപയോഗത്തില്‍ വലിയ മാറ്റങ്ങള്‍ വരികയും ചെയ്യും. ഇതോടൊപ്പം, റിയല്‍ എസ്‌റ്റേറ്റ് മൂല്യം കുറയുകയും സാധാരണ ജനങ്ങളുടെ ജീവിതോപാധിയെ ബാധിക്കുകയും ചെയ്യും.

ഔദ്യോഗിക ഭൂപടങ്ങളിലൂടെയും ഏജന്‍സികളുടെ ബന്ധപ്പെട്ട വെബ്‌സൈറ്റുകളിലൂടെയും കേരളത്തിലെ ഇ.എസ്.എ അതിര്‍ത്തികള്‍ നിര്‍ണയിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനെ അവഗണിച്ച് 123 മുഴുവന്‍ ഗ്രാമങ്ങളെയും ഇ.എസ്.എ ആയി കണക്കാക്കുന്നത് നിയമപരമായും സാമൂഹികമായും തെറ്റായ സമീപനമാണെന്നും കോടതിയെ സമീപിക്കുമെന്നും ചെറുകിട കര്‍ഷകരും ഭൂ ഉടമകളുംപറയുന്നു.

Tags:    
News Summary - Environmentally sensitive area; Allegations of interference by high-ranking officials to change boundaries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.