മ​രു​തും​മൂ​ട്ടി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ

മ​രു​തും​മൂ​ട്ടി​ൽ സു​ര​ക്ഷ​വേ​ലി ത​ക​ർ​ന്നി​ട്ട് നാ​ളു​ക​ൾ; വീ​ണ്ടും കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു

മുണ്ടക്കയം: ദേശീയപാതയിലെ അപകടക്കെണിയായ മരുതുംമൂട് കൊടുംവളവിൽ വീണ്ടും അപകടം. നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞ് കോട്ടയം സ്വദേശികളായ യാത്രക്കാർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. അപകടത്തിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഈ വളവിലെ തകർന്ന ക്രാഷ് ബാരിയറാണ് വീണ്ടും അപകടത്തിന് വഴിവെച്ചത്. ഒരു വർഷം മുമ്പ് ഇതേ സ്ഥലത്ത് ലോറി ഇടിച്ച് ക്രാഷ് ബാരിയർ തകർന്നിരുന്നു. എന്നാൽ, നാളിതുവരെയായിട്ടും ഇത് പുനഃസ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. ഈ തകർന്ന ഭാഗത്തിന്റെ അവശേഷിച്ചിരുന്ന സുരക്ഷവേലി കൂടി തകർത്താണ് വ്യാഴാഴ്ച രാത്രിയിൽ കാർ താഴേക്ക് പതിച്ചത്.

റോഡിന്റെ അശാസ്ത്രീയമായ നിർമാണമാണ് ഇവിടെ അപകടങ്ങൾ പതിവാകാൻ പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ക്രാഷ് ബാരിയർ തകർന്നതിന് ശേഷം മാത്രം ഈ വിടവിലൂടെ ആറോളം വാഹനങ്ങളാണ് കൊക്കയിലേക്ക് മറിഞ്ഞത്. ചെറുതും വലുതുമായി മുപ്പതോളം അപകടങ്ങളാണ് ഈ കൊടുംവളവിൽ ഇതിനകം സംഭവിച്ചിട്ടുള്ളത്. ഇരുപതോളം ജീവനുകൾ ഈ വളവിൽ പൊലിഞ്ഞതായാണ് കണക്ക്.

നാട്ടുകാരുടെ നിരന്തരമായ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് ഇവിടെ ഒരു ക്രാഷ് ബാരിയർ സ്ഥാപിക്കാൻ അധികൃതർ തയാറായത്. എന്നാൽ, അത് തകർന്നിട്ടും തിരിഞ്ഞുനോക്കാൻ അധികൃതർ തയാറാകാത്തതാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. കൊടും വളവിൽ അപകടങ്ങൾ പതിവായതിനെത്തുടർന്ന് വളവിന് തൊട്ട് മുമ്പായി മുന്നറിയിപ്പ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിരുന്നെങ്കിലും ലൈറ്റുകൾ നാളുകളായി പ്രകാശിച്ചിട്ട്. ശബരിമല തീർഥാടന കാലത്താണ് ഏറ്റവുമധികം വാഹനാപകടങ്ങൾ ഈ വളവിൽ നടക്കുന്നത്.

സ്ഥിരമായി അപകടങ്ങൾ നടന്നിട്ടും ദേശീയപാത അധികൃതർ പുലർത്തുന്ന നിസ്സംഗതക്കെതിരെ നാട്ടുകാരിൽനിന്നും യാത്രക്കാരിൽനിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വലിയ ദുരന്തത്തിന് കാത്തുനിൽക്കാതെ, മരുതുംമൂട് വളവിൽ അടിയന്തരമായി പുതിയ ക്രാഷ് ബാരിയറുകളും ആവശ്യമായ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Tags:    
News Summary - Long days after the security fence broke in Maruthumoot; car falls into Kokkai again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.