കോട്ടയം: പരീക്ഷ എഴുതാൻ കൂടുതൽ സമയം വേണമെന്ന ഭിന്നശേഷിക്കാരനായ ബിരുദ വിദ്യാർഥിയുടെ ആവശ്യം പരിഗണിക്കാൻ മനുഷ്യാവകാശ കമീഷൻ നിർദേശം.
അധികസമയം അനുവദിക്കാൻ മെഡിക്കൽ ബോർഡ് മെഡിക്കൽ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് ഉത്തരവിട്ടത്. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടിനാണ് നിർദേശം. വിട്ടുമാറാത്ത വേദന, ക്ഷീണം, വൈജ്ഞാനിക പ്രയാസങ്ങൾ എന്നീ അസ്വസ്ഥതകൾ അലട്ടുന്ന ഫൈബ്രോമയാൾജിയ, കാർപൽ ടണൽ സിൻഡ്രോം സി.ടി.എസ് എന്നീ രോഗാവസ്ഥകളുള്ള ബിരുദവിദ്യാർഥിയുടെ പരാതിയിലാണ് നടപടി.
അധികസമയം അനുവദിക്കണമെങ്കിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് എം.ജി സർവകലാശാല നിഷ്കർഷിക്കുന്ന സാഹചര്യത്തിലാണ് ബെഞ്ച്മാർക്ക് വൈകല്യങ്ങൾ പരിഗണിക്കാതെ പരാതിക്കാരന് സർട്ടിഫിക്കറ്റ് അനുവദിക്കാൻ കമീഷൻ നിർദേശം നൽകിയത്. ഇതിന് മുമ്പ് കോട്ടയം മെഡിക്കൽ കോളജിലെ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരായെങ്കിലും പരിശോധിച്ച സ്പെഷലിസ്റ്റുകൾ തന്റെ അവസ്ഥ അദൃശ്യമാണെന്ന് കണക്കാക്കി സർട്ടിഫിക്കറ്റ് നിരസിച്ചെന്നും പരാതിക്കാരൻ അറിയിച്ചു.
മൂന്നുതവണ പരാതിക്കാരന് സർട്ടിഫിക്കറ്റില്ലാതെ തന്നെ അധികസമയം അനുവദിച്ചതാണെന്നും എന്നാൽ, ഭാവിയിൽ അധികസമയം അനുവദിക്കണമെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് തീരുമാനമെടുത്തിട്ടുണ്ടെന്നും കമീഷനെ മഹാത്മാഗാന്ധി സർവകലാശാല രജിസ്ട്രാർ അറിയിച്ചു. എല്ലാ ഭിന്നശേഷി വിദ്യാർഥികൾക്കും പരീക്ഷകൾക്ക് ബെഞ്ച്മാർക്ക് വൈകല്യം പരിഗണിക്കാതെ സഹായിയുടെ സേവനം ലഭ്യമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതായി കമീഷൻ ചൂണ്ടിക്കാണിച്ചു.
യു.ജി.സി മാർഗനിർദേശപ്രകാരവും ഭിന്നശേഷി വിഭാഗം വിദ്യാർഥികൾക്ക് സഹായിയുടെ സേവനം വേണ്ടെന്നുവച്ചാൽ പരീക്ഷയെഴുതാൻ അധികസമയം അനുവദിക്കണമെന്ന് നിഷ്കർഷിച്ചിട്ടുള്ളതായി ഉത്തരവിൽ പറഞ്ഞു. പരാതിക്കാരൻ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകണമെന്നും കമീഷൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.