കരുത്തനായി വി.എൻ. വാസവൻ; അപ്രതീക്ഷിതമായി കെ. അനില്‍കുമാർ

കോട്ടയം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും ഇടംനേടിയതോടെ മധ്യകേരളത്തിലെ പാർട്ടിയുടെ കരുത്തുറ്റ മുഖങ്ങളിലൊന്നായി കോട്ടയത്തുകാരുടെ വി.എന്‍.വി. കോട്ടയം ജില്ല സെക്രട്ടറിയായുള്ള പ്രവര്‍ത്തന മികവാണ് ആദ്യം മന്ത്രിയായും ഇപ്പോള്‍ സെക്രട്ടേറിയറ്റ് അംഗമായും തെരഞ്ഞെടുക്കപ്പെടാന്‍ വി.എൻ. വാസവന് തുണയായത്. കേരള കോണ്‍ഗ്രസിനെ എൽ.ഡി.എഫിലെത്തിക്കാൻ നടത്തിയ നീക്കങ്ങളും നിർണായകമായി. ജനകീയ പ്രശ്‌നങ്ങളില്‍ സജീവ ഇടപെടലുകളിലൂടെ നിറഞ്ഞുനിന്ന കോട്ടയത്തെ പാർട്ടി പ്രവർത്തകരുടെ വി.എൻ.വി, ഇനി സംസ്ഥാനത്തെ പാർട്ടി തീരുമാനങ്ങളിലും നിർണായകവാക്കാവും.

മന്ത്രിസ്ഥാനത്തിനൊപ്പം സെക്രട്ടേറിയറ്റിലും ഇടംനേടാനായതോടെ കോട്ടയത്തടക്കം പാര്‍ട്ടിയിലെ അദ്ദേഹത്തിന്‍റെ കരുത്തും വര്‍ധിച്ചു. സി.ഐ.ടി.യു ദേശീയ ജനറല്‍ കൗണ്‍സില്‍ അംഗം, റബ്‌കോ മുന്‍ ചെയര്‍മാൻ എന്നീ പദവികളും വഹിച്ചിട്ടുള്ള അദ്ദേഹം സി.ഐ.ടി.യു ജില്ല സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, കോട്ടയം ജില്ല സഹകരണ ബാങ്ക് പ്രസിഡൻറ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാമ്പാടി സ്വദേശിയാണ്. വാസവനൊപ്പം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ച പി.കെ. ബിജുവും കോട്ടയത്തിന്‍റെ സ്വന്തമാണ്. തൃശൂർ കേന്ദ്രമാക്കിയാണ് പ്രവർത്തനമെങ്കിലും കോട്ടയം മാഞ്ഞൂര്‍ സ്വദേശിയാണ് പി.കെ. ബിജു. സംസ്ഥാന സമിതിയിലേക്ക് കോട്ടയം ജില്ല സെക്രട്ടറി എ.വി. റസലും കെ. അനില്‍കുമാറുമാണ് പുതുതായി എത്തിയത്.

വാസവന്‍റെ സെക്രട്ടേറിയറ്റ് സ്ഥാനവും എ.വി. റസലിന്‍റെ സംസ്ഥാന സമിതി അംഗത്വവും ഉറപ്പായിരുന്നെങ്കിലും അനില്‍ കുമാറിന്‍റെ വരവ് അപ്രതീക്ഷിതമാണ്. സംസ്ഥാന സമ്മേളന പ്രതിനിധി പോലുമല്ലാതിരുന്ന അനില്‍കുമാര്‍ അവസാന നിമിഷ ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടാണ് സ്ഥാനം ഉറപ്പിച്ചത്. ഡി.വൈ.എഫ്.ഐ കാലത്തെ പ്രവര്‍ത്തന മികവ്, ധൈഷണിക മുഖം, ചാനല്‍ ചര്‍ച്ചകളില്‍ സാന്നിധ്യം എന്നിവയെല്ലാം മുതല്‍ക്കൂട്ടായി.

സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്‍റെ പിന്തുണക്കൊപ്പം പിണറായി വിജയന്‍റെ താൽപര്യവും അനിലിന് തുണയായി. സി.പി.എം ജില്ല സെക്രട്ടേറിയേറ്റ് അംഗമെന്ന നിലയിൽനിന്നാണ് പുതിയ ചുമതല. എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റും ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയുമായിരുന്ന അനിൽകുമാർ, മീനച്ചിലാർ - മീനന്തറയാർ -കൊടൂരാർ നദി പുനർസംയോജന പദ്ധതിയുടെ മുഖ്യസംഘാടകനാണ്. 11 ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഇദ്ദേഹം ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ സംസ്ഥാന ജോയന്‍റ് സെക്രട്ടറിയുമാണ്. കോട്ടയം തിരുവാർപ്പ് സ്വദേശിയാണ്.

കോട്ടയം ജില്ല സെക്രട്ടറിയെന്ന നിലയിലാണ് എ.വി. റസൽ സംസ്ഥാനസമിതിയിലെത്തിയത്. ചങ്ങനാശ്ശേരി സ്വദേശിയായ റസൽ ട്രേഡ്‌ യൂനിയൻ രംഗത്തും സജീവമായിരുന്നു. സി.ഐ.ടി.യു ജില്ല സെക്രട്ടറി, ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം സമ്മേളനം കോട്ടയത്തെ തലമുറമാറ്റത്തിനും സാക്ഷിയായി. കോട്ടയത്ത് പാർട്ടി ദുര്‍ബലമായിരുന്ന കാലയളവിൽ സജീവമായി നയിച്ച വൈക്കം വിശ്വന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗംകൂടിയായിരുന്ന കെ.ജെ. തോമസ് എന്നിവര്‍ സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവായി. പ്രായപരിധി കടമ്പയിൽതട്ടിയാണ് ഇരുവരുടെയും മാറ്റം.

എന്നാൽ, ഇരുവരെയും പ്രത്യേക ക്ഷണിതാക്കളായി നിലനിർത്തിയത് ശ്രദ്ധേയമായി. കേന്ദ്ര സെന്‍റർ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ജെയ്ക് സി. തോമസിന്‍റെ പേര് സംസ്ഥാന സമിതിയിലേക്കും ഉയര്‍ന്നു കേട്ടിരുന്നെങ്കിലും പരിഗണിച്ചില്ല.  

Tags:    
News Summary - more power for V.N. vasavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.