വാനര വസൂരി: ജില്ലയിൽ രണ്ടുപേർ നിരീക്ഷണത്തിൽ

കോട്ടയം: സംസ്ഥാനത്ത് വാനര വസൂരി സ്ഥിരീകരിച്ചയാളോടൊപ്പം വിമാനത്തിൽ സഞ്ചരിച്ച കോട്ടയം സ്വദേശികളായ രണ്ടുപേർക്ക് 21 ദിവസത്തേക്ക് വീട്ടിൽ നിരീക്ഷണം നിർദേശിച്ചതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു. രണ്ടുപേർക്കും വാനര വസൂരിയുടെ ലക്ഷണങ്ങൾ നിലവിലില്ല. എന്തെങ്കിലും ലക്ഷണം പ്രകടമായാൽ സാമ്പിൾ ശേഖരിച്ച് പുണെയിലേക്ക് അയക്കും.

ജില്ലയിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ ചർച്ച ചെയ്യുന്നതിന് ജില്ലതല ദ്രുതകർമ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ, ത്വഗ്രോഗം, സാംക്രമിക രോഗം, ജനറൽ മെഡിസിൻ, മൈക്രോ ബയോളജി മേധാവികൾ, ഹോമിയോ, ആയുർവേദ ഡി.എം.ഒമാർ, മൃഗസംരക്ഷണ വകുപ്പ് ജില്ല മേധാവി, ജില്ല രോഗനിരീക്ഷണ ഓഫിസർ, ഐ.എം.എ പ്രതിനിധി എന്നിവർ പങ്കെടുത്തു.

ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കോവിഡ് പ്രതിരോധമാർഗങ്ങളായ മാസ്‌ക് ഉപയോഗം, കൈകഴുകൽ, അകലം പാലിക്കൽ എന്നിവ പാലിക്കുന്നതിലൂടെ രോഗം പകരുന്നത് തടയാനാവുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. കൂടുതൽ രോഗികൾ ഉണ്ടാകുന്ന സാഹചര്യം ഉണ്ടായാലും ലഘുവായ പനിയും ലക്ഷണങ്ങളുമായതിനാൽ വീട്ടിലെ വിശ്രമത്തിലൂടെയും പരിചരണത്തിലൂടെയും ചികിത്സിക്കാം.

കോവിഡിന് ഏർപ്പെടുത്തിയ അധിക സൗകര്യങ്ങളും സുരക്ഷാ ഉപാധികളും പരിശീലനവും നിലവിലെ സാഹചര്യത്തിൽ ആരോഗ്യ സംവിധാനങ്ങൾ സജ്ജമാണെന്നും യോഗം വിലയിരുത്തി. എന്നാൽ, വാനര വസൂരി കണ്ടെത്തിയ രാജ്യങ്ങളിൽനിന്ന് എത്തി 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമായാൽ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുകയും ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും ചെയ്യണം.

രോഗാണു ശരീരത്തിൽ പ്രവേശിച്ച് ആറുമുതൽ 13 ദിവസത്തിനുള്ളിലാണ് സാധാരണ ലക്ഷണങ്ങൾ പ്രകടമാവുക. എന്നാൽ, ചിലരിൽ ഇത് 21 ദിവസം വരെയും നീണ്ടുപോകാം. ലക്ഷണങ്ങൾ പ്രകടമാകുന്നതിന് ഏതാനും ദിവസംമുമ്പ് മുതൽ രോഗം പൂർണമായി ഭേദമാകുന്നതുവരെ രോഗിയിൽനിന്ന് മറ്റുള്ളവരിലേക്ക് പകരാവുന്നതാണ്.

Tags:    
News Summary - monkeypox: Two people are under observation in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.