പുതുപ്പള്ളി: നിർമാണം പൂർത്തിയാക്കാതെ ഉമ്മൻചാണ്ടി സ്മാരക മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം നടത്തിയതിനെതിരെയും വികസന സദസ്സ് പരിപാടിയിൽ തന്റെ ചിത്രവും പേരും ഉൾപ്പെടുത്തിയതിലും പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എം.എൽ.എ കുത്തിയിരിപ്പ് സമരം നടത്തി. ചടങ്ങ് നടന്ന വേദിക്ക് മുന്നിലെ കവാടത്തിന് സമീപം കസേരയിട്ടിരുന്നായിരുന്നു പ്രതിഷേധം.
വികസന സദസ്സ്, ഉമ്മൻചാണ്ടി സ്മാരക സിവിൽ സ്റ്റേഷൻ ഉദ്ഘാടനങ്ങൾ ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. തന്നെ മിനിസിവിൽ സ്റ്റേഷൻ ഉദ്ഘാടന പരിപാടിക്ക് ക്ഷണിച്ചില്ലെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ എം.എൽ.എയെ ചടങ്ങിലേക്ക് ക്ഷണിച്ചതായാണ് പഞ്ചായത്ത് അധികൃതർ അവകാശപ്പെടുന്നത്. മുമ്പും മണ്ഡലത്തിലെ സർക്കാർ പരിപാടിയിൽ പങ്കെടുക്കുന്നതിൽ തന്നോട് അവഗണന കാട്ടുന്നെന്നാരോപിച്ച് ചാണ്ടി ഉമ്മൻ നിരവധിതവണ പ്രതിഷേധിച്ചിട്ടുണ്ട്.
പുതുപ്പള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് ഉമ്മൻ ചാണ്ടിയുടെ പേരുനൽകാതെ അപമാനിച്ച ഇടതുപക്ഷം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിലെത്തിയപ്പോൾ പുതിയതന്ത്രം പയറ്റുകയാണെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു.
ബസ് സ്റ്റാൻഡിലെ കാത്തിരിപ്പുകേന്ദ്രത്തിനും മിനി സിവിൽസ്റ്റേഷനും ഉമ്മൻ ചാണ്ടിയുടെ പേരുനൽകുമെന്നാണ് പറയുന്നത്. ഇതിൽ ഒരു ആത്മാർഥതയുമില്ല. പുതുപ്പള്ളിയിലെ മിനി സിവിൽ സ്റ്റേഷന്റെ ആദ്യഘട്ടം പൂർത്തിയാക്കാതെ രണ്ടാംഘട്ടം നിർമാണം ആരംഭിക്കുമെന്ന പ്രഖ്യാപനം തട്ടിപ്പാണ്.
ഉമ്മൻചാണ്ടിയെ അപമാനിക്കുന്നതിന് തുല്യമാണ് നിർമാണം നിലച്ചുനിൽക്കുന്ന സിവിൽ സ്റ്റേഷന് അദ്ദേഹത്തിന്റെ പേരിടുന്നത്.
വികസന സദസ്സിനെ യു.ഡി.എഫ് ബഹിഷ്കരിച്ച സാഹചര്യത്തിൽ പ്രതിപക്ഷാംഗമായ തന്റെ ചിത്രവുംപേരും തന്റെ അനുമതിയില്ലാതെയാണ് ഉൾപ്പെടുത്തിയതെന്ന് എം.എൽ.എ ആരോപിച്ചു. ഇതിലുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് ചാണ്ടി ഉമ്മൻ രാവിലെ തന്നെ പരിപാടി ആരംഭിച്ച ഇടത്ത് എത്തിയത്.
പരിപാടി ആരംഭിക്കുന്നത് മുതൽ അവസാനിക്കുന്നത് വരെ പ്രവേശന കവാടത്തിന് മുന്നിൽ ഇരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.