കോട്ടയം: മലരിക്കൽ ആമ്പൽ ഫെസ്റ്റ് കാണാനെത്തുന്നവരിൽനിന്ന് ഫീസ് ഈടാക്കുന്നത് നിർത്തി. പണപ്പിരിവിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് മലരിക്കൽ ടൂറിസം സൊസൈറ്റിയുടെ നടപടി.
സംഭവം വിവാദമായതോടെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പണം പിരിക്കുന്നത് താൽക്കാലികമായി നിർത്തിയെന്ന് സൊസൈറ്റി അധികൃതർ വ്യക്തമാക്കിയത്. തുടർനടപടി ആലോചിക്കാൻ ബുധനാഴ്ച പാടശേഖര സമിതിയുടെ യോഗവും വിളിച്ചിട്ടുണ്ട്. സി.പി.എം േനതൃത്വത്തിലുള്ള സൊസൈറ്റി ഫെസ്റ്റ് കാണുന്നതിന് പൊതുജനങ്ങളിൽനിന്ന് ആദ്യം 30 രൂപയാണ് ഈടാക്കിയിരുന്നത്. പരാതി ഉയർന്നതോടെ ഇത് 20 രൂപയായി കുറച്ചു.
എന്നാൽ, ഒരു ചെലവും ഇല്ലാതിരിക്കെ, പണം ഈടാക്കുന്നത് നോക്കുകൂലിയാണെന്നും ആക്ഷേപം ഉയർന്നു. വള്ളത്തിൽ കയറാൻ 100 രൂപ വേറെയും ഈടാക്കുന്നുണ്ട്. ഫോട്ടോഗ്രഫിക്ക് 500 രൂപയും ഹെലികാം പറത്തുന്നതിനും 2000 രൂപയും കമേഴ്സ്യൽ ഫോട്ടോഗ്രഫിക്ക് 1000 രൂപയും നൽകണമെന്നായിരുന്നു സൊസൈറ്റി നിബന്ധന. എന്നാൽ, കാഴ്ചകൾ ആസ്വദിക്കാൻ എത്തുന്നവരിൽനിന്ന് പണം പിരിക്കുന്നതിനെതിരെ നാട്ടുകാരടക്കം രംഗത്തെത്തിയിരുന്നു. സി.പി.എമ്മിലെ ഒരുവിഭാഗവും അമർഷത്തിലായിരുന്നു.
സർക്കാറും ടൂറിസം വകുപ്പും അറിയാതെയാണ് ഗ്രാമീണ ടൂറിസം കാണുന്നതിന് ഫീസ് ഏർപ്പെടുത്തിയതെന്ന് ആക്ഷേപവും ഉയർന്നു. ടൂറിസം വകുപ്പിനും പരാതികൾ ലഭിച്ചു. ഇതോടെ മന്ത്രി മുഹമ്മദ് റിയാസ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ടൂറിസം വകുപ്പ് അധികൃതർക്ക് നിർദേശം നൽകുകയായിരുന്നു. ഇതനുസരിച്ചു ടൂറിസം വകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചു.
ടൂറിസം വകുപ്പ് അറിയാതെ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് ഇത്തരത്തിൽ പണപിരിവ് നടത്താനോ ടൂറിസം മേള നടത്താനോ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇതു സംബന്ധിച്ചും പരിശോധനയുണ്ടാകും. മലരിക്കൽ ടൂറിസം സൊസൈറ്റി പണം ഈടാക്കിയ സംഭവത്തിൽ പ്രാദേശിക സി.പി.എം നേതൃത്വത്തിലും ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. ജില്ല സി.പി.എം നേതൃത്വവും വിവരങ്ങൾ തേടുന്നതായാണ് സൂചന. മലരിക്കൽ ആമ്പൽ ഫെസ്റ്റിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിനും കാഴ്ചകാണാൻ അവസരം ഒരുക്കുന്നതിനുമാണ് മലരിക്കൽ ടൂറിസം സൊസൈറ്റി എന്ന പേരിൽ പ്രദേശവാസികളെ ഉൾപ്പെടുത്തി സഘം രൂപവത്കരിച്ചത്.
ഇവർക്കൊപ്പം തിരുവാർപ്പ് പഞ്ചായത്തും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും പാടശേഖര സമിതികളും സഹകരിക്കുന്നുണ്ട്.
എന്നാൽ, പണം പിരിക്കുന്നത് കർഷകർക്ക് വേണ്ടിയാണെന്നാണ് സൊൈസറ്റി വിശദീകരിക്കുന്നത്. സ്വകാര്യ പാടങ്ങളിലെ ആമ്പൽ പൂക്കൾ നിലനിർത്തുന്നതിൽ പാടശേഖര സമിതികൾക്കും കർഷകർക്കും വലിയ പങ്കാണുള്ളതെന്ന് ഇവർ പറയുന്നു. ഇതിനുള്ള പ്രോത്സാഹനമെന്ന നിലയിൽ കർഷകർക്കും പാടശേഖരസമിതികൾക്കുമാണ് 10 രൂപ നൽകുന്നത്.
വളൻറിയർമാരുടെ ചെലവുകൾക്കാണ് ബാക്കി 10 രൂപ ഉപയോഗിക്കുന്നത്. കർഷകരും ജനപ്രതിനിധികളും പെങ്കടുത്ത പൊതുയോഗത്തിലാണ് പണം പിരിക്കാൻ തീരുമാനമെടുത്തതെന്നും സൊസൈറ്റി അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.