കുടിവെള്ള പദ്ധതിക്ക് പ്രദേശത്ത് പൈപ്പുകൾ എത്തിക്കുന്നു
കോട്ടയം: മീനച്ചിൽ താലൂക്കിന്റെ ദാഹമകറ്റാൻ 1243 കോടിയുടെ മലങ്കര-മീനച്ചിൽ കുടിവെള്ള പദ്ധതി പ്രവർത്തനങ്ങൾ 21ന് തുടങ്ങും. 2012ൽ ഏതാനും പഞ്ചായത്ത് മേഖലക്കായി ഭരണാനുമതി നൽകിയിരുന്ന പദ്ധതിക്കാണ് നീണ്ട കാത്തിരിപ്പിനു ശേഷം കേന്ദ്ര ജൽ ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി നടപടിയായത്.
കെ.എം. മാണി ധനമന്ത്രിയായിരുന്ന കാലത്താണ് മീനച്ചിൽ താലൂക്കിലെ കടനാട് പഞ്ചായത്തിൽ നീലൂരിൽ പദ്ധതി ആരംഭിക്കാൻ ഭരണാനുമതി നൽകിയതും ജലസംഭരണിക്ക് ഭൂമി ഏറ്റെടുത്തതും. 42,230 കുടുബങ്ങള്‍ക്കായി ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം. 2085 കി.മീ. പൈപ്പ് ലൈനും 154 ജലസംഭരണിയും ഇതിനായി സ്ഥാപിക്കും. കടനാട്, രാമപുരം, ഭരണങ്ങാനം, മീനച്ചിൽ, തലപ്പലം, മേലുകാവ്, മൂന്നിലവ്, തലനാട്, തിടനാട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ എന്നീ പഞ്ചായത്തുകൾക്കാണ് ജൽ ജീവൽ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഇടുക്കി ജില്ലയിലെ മലങ്കര ഡാം റിസര്‍വോയറിൽനിന്ന് മുട്ടം വില്ലേജിലെ മാത്തപ്പാറയിൽ ഫ്ലോട്ടിങ് പമ്പ് ഹൗസ് നിർമിച്ചാണ് പദ്ധതിക്ക് ആവശ്യമായ റോ വാട്ടർ ശേഖരിക്കുന്നത്.
മുട്ടം വില്ലേജിൽ വള്ളിപ്പാറക്ക് സമീപം ബൂസ്റ്റിങ് സ്റ്റേഷൻ നിർമിച്ച് ഒരു ഘട്ടംകൂടി ബൂസ്റ്റ് ചെയ്ത് കടനാട് പഞ്ചായത്തിലെ നീലൂരിൽ പിക്കാൻ ഉദ്ദേശിക്കുന്ന 45 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജല ശുദ്ധീകരണശാലയിൽ എത്തിക്കും. ഇവിടെനിന്ന് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ വെട്ടിപറമ്പിന് സമീപം 25 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതലസംഭരണിയിലേക്ക് എത്തും. ഇവിടെ നിന്നുമാണ് പൂഞ്ഞാർ, പൂഞ്ഞാർ തെക്കേകര, കൂട്ടിക്കൽ, തലനാട്, തിടനാട്, തീക്കോയി പഞ്ചായത്തുകൾക്ക് ജലം ലഭ്യമാകുക. നീലൂർ ശുദ്ധീകരണശാലയിൽനിന്ന് കടനാട്, രാമപുരം, മേലുകാവ്, മൂന്നിലവ്, ഭരണങ്ങാനം, മീനച്ചിൽ, തലപ്പലം പഞ്ചായത്തുകളിലും ജലം എത്തും.
പദ്ധതിക്കുള്ള ടെൻഡർ നടപടി പൂർത്തീകരിച്ചു കഴിഞ്ഞു. പൈപ്പുകൾ വിവിധ പഞ്ചായത്തുകളിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്. മീനച്ചിലിന്റെ കിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് തടസ്സരഹിതമായി കുടിനീർ എത്തിക്കുന്നതിൽ അഭിമാനമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മലങ്കര-മീനച്ചിൽ പദ്ധതിക്കൊപ്പം പാലാ, ഈരാറ്റുപേട്ട നഗരസഭകൾക്കായി അമൃത് പദ്ധതിയും കരൂർ പഞ്ചായത്ത് മേഖലക്കായി പ്രത്യേക കുടിവെള്ള പദ്ധതിയും നടപ്പാക്കുന്നുണ്ടെന്ന് ജോസ് കെ. മാണി എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.