വലിയകാവ് റിസർവ് വനം
വനപാലകർക്ക് അവരുടെ കർത്തവ്യം ക്രിത്യമായി നിറവേറ്റിയിരുന്നുവെങ്കിൽ ഇന്ന് കേരളത്തിൽ വനവിസ്തൃതി ഇപ്പോഴത്തേതിെൻറ ഇരട്ടിയോളമായിരുന്നേനെ. വൻകിടക്കാരാണ് അതിർത്തി പങ്കിടുന്നതെങ്കിൽ അവർ പറയുന്നിടത്ത് ജണ്ട സ്ഥാപിച്ച് സല്യൂട്ടടിച്ച് നിൽക്കുന്നവരാണ് വനപാലകരെന്ന് നാട്ടുകാർ പറയുന്നു. പത്തനംതിട്ട-കോട്ടയം ജില്ലകളിൽ സെറ്റിൽമെന്റ് രജിസ്റ്ററിൽ വനമെന്ന് രേഖപ്പെടുത്തിയ ആയിരക്കണക്കിന് ഏക്കർ ഭൂമിയാണ് തോട്ടം ഉടമകൾ കൈയടക്കിവെച്ചിരിക്കുന്നത്. അവിടങ്ങളിലൊന്നും രേഖകൾ നോക്കിയല്ല ജണ്ടകൾ സ്ഥാപിച്ചത്.
തോട്ടം ഉടമകൾ കാട്ടിക്കൊടുത്തിടത്ത് ജണ്ട സ്ഥാപിച്ച് പോകുകയായിരുന്നു. അത്താഴ പട്ടിണിക്കാരനാണ് വനാതിർത്തിയിൽ താമസിക്കുന്നതെങ്കിൽ വനംവകുപ്പിെൻറ മുഖംമാറും. ഭൂമിയുടെ ഉടമസ്ഥതക്ക് കൈയിലുള്ള രേഖക്ക് കടലാസ് വിലപോലും കൽപിക്കില്ല. അതാണ് പൊന്തൻപുഴയിലും നടക്കുന്നത്. 7000 ഏക്കർ വനഭൂമി സ്വന്തമാക്കാൻ വട്ടമിട്ട് പറക്കുന്നവർക്ക് ചേക്കേറാൻ ഇടമൊരുക്കലാണ് ഇവിടെ വനംവകുപ്പ് നടത്തുന്നത്. പൊന്തൻപുഴയിലെ പട്ടിണിപ്പാവങ്ങളെ കേസുകളുടെ നൂലാമാലകളിൽ കുടുക്കി വനംവകുപ്പ് പീഡിപ്പിക്കുന്നതിന് കാരണവും മറ്റൊന്നുമല്ല. 7000 ഏക്കർ വനഭൂമി കേസിൽ നിരന്തരം തോറ്റുകൊടുക്കുന്നതും ഇതിനാൽതന്നെ.
വനംമേധാവിക്ക് വില്ലൻ പരിവേഷം
ഇപ്പോഴത്തെ വനംമേധാവി ബെന്നിച്ചൻ തോമസിന് വില്ലൻ പരിവേഷമാണ് പൊന്തൻപുഴക്കാർ കൽപിക്കുന്നത്. അവരുടെ ജീവിതദുരിതത്തിന് വിരൽ ചൂണ്ടുന്നത് അദ്ദേഹത്തിന് നേർക്കാണ്. പൊന്തൻപുഴ സമരസമിതി നൽകിയ പരാതിയും രേഖകളും പരിഗണിച്ച് റവന്യൂ-വനം മന്ത്രിമാരുടെ സാന്നിധ്യത്തിൽ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം 2019 ജനുവരിയിൽ നടന്നിരുന്നു. കർഷകരുടെ ഭൂമി വനത്തിനുള്ളിലാണെന്നാണ് അന്ന് പി.സി.സി.എഫ് ആയിരുന്ന ബെന്നിച്ചൻ തോമസ് വാദിച്ചതത്രെ. ഒരുനൂറ്റാണ്ടും ഒന്നര ദശകം മുമ്പ് ഇറങ്ങിയ ആലപ്ര റിസർവിെൻറ വിജ്ഞാപനവും 63വർഷം മുമ്പ് ഇറങ്ങിയ വലിയകാവ് റിസർവിെൻറ പുതുക്കിയ വിജ്ഞാപനവും അനുസരിച്ച് വനപരിധിയിൽപെടാത്ത ഭൂമിയാണ് 1218 കർഷകരുടെ കൈവശമുള്ളതെന്നായിരുന്നു സമരസമിതിയുടെ വാദം. പെരുമ്പെട്ടി വില്ലേജിലെ പഴയ സർവേ നമ്പർ 283/1 മുഴുവൻ വനമാണെന്നാണ് വനംവകുപ്പ് വാദിച്ചത്. ആ സർവേയുടെ ഭൂരിഭാഗം വനത്തിലാണെന്നേ വിജ്ഞാപനത്തിൽ പരാമർശിക്കുന്നുള്ളൂ എന്ന് സമരക്കാർ ചൂണ്ടിക്കാട്ടുന്നു. വിജ്ഞാപന പ്രകാരമുള്ള 1771 ഏക്കറിൽനിന്ന് 1977ന് മുമ്പ് 257 ഏക്കർ ഭൂമി കർഷകർ കൈയേറി എന്നാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്.
എന്നാൽ, 1994ൽ റീസർവേ പൂർത്തിയായപ്പോൾ വനവിസ്തൃതി 127 ഏക്കർ കൂടിയതായി തെളിഞ്ഞു. കൈയേറ്റം നടന്നിട്ടും വനവിസ്തൃതി വർധിച്ചു എന്ന വാദം എങ്ങനെ ശരിയാകുമെന്ന ചോദ്യം സമരക്കാർ ഉയർത്തുന്നു.
വിരുദ്ധ വാദങ്ങളുയർന്നതോടെ പെരുമ്പെട്ടിയിലെ ഭൂമി വീണ്ടും ജോയന്റ് സർവേ നടത്തി 1958 നോട്ടിഫിക്കേഷൻ പ്രകാരം വനപരിധിക്കുള്ളിലാണോ പുറത്താണോ എന്നു കണ്ടെത്തണമെന്ന് യോഗത്തിൽ തീരുമാനമുണ്ടായി.
കള്ളി പുറത്തായി; വനംവകുപ്പ് പിന്തിരിഞ്ഞു
കോഴിക്കോട് കേന്ദ്രമായ വനം സർവേ ഓഫിസിെൻറ മുൻകൈയിൽ റവന്യൂ വനം വകുപ്പിലെ ഉദ്യോഗസ്ഥർ അടങ്ങിയ 17 അംഗ സംയുക്ത സർവേ സംഘം വനത്തിെൻറ അതിർത്തി ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ സർവേ ചെയ്തു. അളവുകൾ നോട്ടിഫിക്കേഷനുമായി ഒത്തുനോക്കിയിട്ട് ഈ സർവേയുടെ ഇടക്കാല റിപ്പോർട്ട് 2019 മാർച്ചിൽ പ്രസിദ്ധീകരിച്ചു. വനത്തിെൻറ നോട്ടിഫിക്കേഷൻ അനുസരിച്ചുള്ള കല്ലുകൾ ഭൂമിയിൽ യഥാസ്ഥാനത്ത് നിലനിൽക്കുന്നു, കർഷകരുടെ ഭൂമി വനത്തിന് പുറത്താണെന്ന് മനസ്സിലാക്കുന്നു എന്നുമായിരുന്നു റിപ്പോർട്ടിെൻറ ഉള്ളടക്കം. അതോടെ സത്യം പുറത്തുവന്നു.
തങ്ങളുടെ വാദം പൊളിഞ്ഞു എന്ന് വ്യക്തമായതോടെ വനംവകുപ്പ് സർവേയിൽനിന്ന് പൊടുന്നനേ പിന്തിരിഞ്ഞു. അതിനാൽ അന്തിമ സർവേ റിപ്പോർട്ട് പുറത്തുവന്നില്ല. ബെന്നിച്ചൻ തോമസിെൻറ ഇടപെടലാണ് സർവേ മുടക്കിയതെന്നാണ് സമരക്കാർ ആരോപിക്കുന്നത്. സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള 284 ജണ്ടകളിൽ വനവും കർഷകരുടെ ഭൂമിയുമായി അതിർത്തി പങ്കിടുന്ന 250 ജണ്ടകളും സർവേസംഘം അളന്നുകഴിഞ്ഞിരുന്നു. ആലപ്ര വലിയകാവ് വനങ്ങളുടെ ഇടയിലെ, മനുഷ്യവാസം ഇല്ലാത്തിടത്തെ, 34 ജണ്ടകൾ മാത്രമാണ് അളക്കാൻ അവശേഷിച്ചത്. അപ്പോഴാണ് സർവേയിൽനിന്ന് വനംവകുപ്പ് പിന്തിരിഞ്ഞത്. അതിന് കാരണമായി വനംവകുപ്പ് പറഞ്ഞത് 1958ലെ സ്കെച്ച് എങ്ങുംകാണാനില്ല എന്നായിരുന്നു. അതില്ലാതെ ഭൂമി അളക്കാൻ കഴിയില്ലെന്നും പറഞ്ഞു. എങ്ങും കാണാനില്ലെന്ന് വനംവകുപ്പ് പറഞ്ഞ ആ സ്കെച്ച് ജനങ്ങൾ കണ്ടെത്തി. ബെന്നിച്ചൻ തോമസ് ഡി.എഫ്.ഒയായി മുമ്പ് ജോലി ചെയ്തിരുന്ന കോട്ടയം ഓഫിസിൽനിന്നായിരുന്നു അത്. പക്ഷേ, അതുപയോഗിച്ച് സർവേ പൂർത്തിയാക്കാൻ വനംവകുപ്പ് ഇതുവരെ തയാറായിട്ടില്ല.
20ദിവസം കൊണ്ട് പൂർത്തിയാക്കാൻ സർക്കാർ നിർദേശിച്ച സർവേ മൂന്നുവർഷങ്ങൾ കഴിഞ്ഞിട്ടും മുടങ്ങിക്കിടക്കുകയാണ്. 2021ജനുവരിയിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി സർവേ പുനരാരംഭിക്കാൻ വീണ്ടും യോഗതീരുമാനം ഉണ്ടായി. എന്നിട്ടും ഒന്നും നടന്നില്ല.
തുടരും.....
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.