വൈക്കം: വൈക്കം താലൂക്കിലെ വടയാർ, കുലശേഖരമംഗലം വില്ലേജുകളിലെയും എറണാകുളം കണയന്നൂർ താലൂക്കിൽ ഇളംകുളം വില്ലേജിലുമായി 70.86 ഏക്കർ ഭൂമി മിച്ചഭൂമിയായി കണ്ടെത്തി ഏറ്റെടുക്കാൻ ലാൻഡ് ബോർഡ് ഉത്തരവായി. ഇതിൽ 55.72 ഏക്കർ റബർ തോട്ടം അനധികൃത തരംമാറ്റം നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് സർക്കാറിലേക്ക് മിച്ചഭൂമിയെന്ന നിലയിൽ ഏറ്റെടുക്കാൻ വൈക്കം താലൂക്ക് ലാൻഡ് ബോർഡ് യോഗ തീരുമാനം. ഭൂമി ഏറ്റെടുക്കാൻ വൈക്കം, കണയന്നൂർ തഹസിൽദാർമാർക്ക് ലാൻഡ് ബോർഡ് ചെയർമാൻ നിർദേശം നൽകി.
വൈക്കം താലൂക്ക് ലാൻഡ് ബോർഡിന് കീഴിലുള്ള ഔസേഫ് മാത്യു കൊല്ലംപറമ്പിൽ, ട്രസ്റ്റി വി.ജെ. പാപ്പു വി.എം റെസിഡൻസി തൃപ്പൂണിത്തറ എന്നിവരുടെ 52 വർഷത്തിലേറെ പഴക്കമുള്ള മിച്ചഭൂമി കേസിലാണ് വൈക്കം താലൂക്ക് ലാൻഡ് ബോർഡ് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിൽ ഇളംകുളം വില്ലേജിൽ നാല് ഏക്കറിലധികവും വടയാർ വില്ലേജിൽ 13 ഏക്കറും കുലശേഖരമംഗലം വില്ലേജിൽ 16 ഏക്കറും ഉൾപ്പെടെ 70 ഏക്കർ ഗുഡ് ടൈറ്റിൽ ഉള്ള ഭൂമിയാണ്.
റബർ പ്ലാന്റേഷൻ ഇനത്തിൽ നേരത്തേ തന്നെ പരിഗണിച്ചിരുന്ന 55 ഏക്കറിലധികം ഭൂമിയും ട്രസ്റ്റിന്റെ മറവിൽ അനധികൃതമായി തരംമാറ്റിയതായി ലാൻഡ് ബോർഡ് കണ്ടെത്തി. ഇളംകുളം വില്ലേജിലെ കോടികൾ വിലമതിക്കുന്ന 4.22 ഏക്കർ ഭൂമി കടവന്ത്രക്ക് സമീപം ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ റോഡിനോട് ചേർന്ന സ്ഥലമാണ്. സോണൽ ലാൻഡ് ബോർഡ് നിലവിൽ വന്ന ശേഷം തോട്ടഭൂമി തരംമാറ്റിയതിന് 55.72 ഏക്കറും മിച്ചഭൂമിയായി സർക്കാറിലേക്ക് ഏറ്റെടുക്കുന്ന ആദ്യ കേസാണിത്.
ഈമാസം ഒമ്പതിന് ചേർന്ന വൈക്കം താലൂക്ക് ലാൻഡ് ബോർഡ് യോഗത്തിൽ കോട്ടയം സോണൽ ലാൻഡ് ബോർഡ് ചെയർമാനും ഡെപ്യൂട്ടി കലക്ടറുമായ എസ്. സനിൽകുമാർ, എക്സ് ഒഫീഷ്യോ അംഗം വൈക്കം തഹസിൽദാർ എ.എൻ. ഗോപകുമാർ, വൈക്കം, താലൂക്ക് ലാൻഡ് ബോർഡ് അംഗങ്ങളായ എം.ഡി. ബാബുരാജ്, പി.ജി. തൃഗുണസെൻ, കെ.കെ. ഗണേശൻ, ഹെഡ് മിനിസ്റ്റീരിയൽ ഓഫിസർ ടി.വി. ഷമി, ആതറൈസ്ഡ് ഓഫിസർ സ്വപ്ന എസ്. നായർ, വടയാർ വില്ലേജ് ഓഫിസർ മോളി ദാനിയേൽ, കുലശേഖരമംഗലം വില്ലേജ് ഓഫിസർ രഞ്ജിത് എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഭൂമി മിച്ചഭൂമിയായി കണ്ടെത്തി ഏറ്റെടുക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.