കോട്ടയം: കുമരകം നാലുപങ്ക് ബോട്ട് ടെര്‍മിനല്‍ ലേക്ക് വില്ലേജ് തുറന്നു. നാലുപങ്ക് ലേക്ക് വില്ലേജ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ കുമരകത്തെ ജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കുമരകത്തിന്റെ കായല്‍ ഭംഗി ആസ്വദിക്കാനും ഒപ്പം ബോട്ടിങ്, ഫുഡ് കോര്‍ട്ട്, വിവാഹ പാര്‍ട്ടികള്‍, മീറ്റിങ്ങുകള്‍ തുടങ്ങിയവ നടത്താനുമുള്ള സൗകര്യങ്ങളും ഇവിടെ ഉണ്ടാകും. നവംബര്‍ അവസാനത്തോടെ നാലുപങ്ക് ലേക്ക് വില്ലേജ് വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കും എന്നു നടത്തിപ്പുകാരായ ഗാര്‍ഗി ഗ്രൂപ്പ് എം.ഡി രാജേഷ് ബാബു പറഞ്ഞു. ലേക്ക് വില്ലേജിന്റെ നവീകരണ ഉദ്ഘാടനംമന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പാണ് അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ബോട്ട് ടെര്‍മിനലിന്റെ ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടനം നടന്നതല്ലാതെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. 3.8 കോടി രൂപ ചെലവഴിച്ചാണ് ടെര്‍മിനല്‍ നിര്‍മിച്ചത്. പിന്നീട് ഇവടെ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിരുന്നല്ല.
അടുത്തിടെ 5 ലക്ഷം രൂപ ചെലവഴിച്ച ആദ്യഘട്ട നവീകരണ പ്രവര്‍ത്തനം നടത്തിരുന്നു. കവാടം നിര്‍മാണം, ടെര്‍മിനല്‍ ഭാഗത്ത് ഇരിപ്പിടം നിര്‍മാണം എന്നിവയാണ് ഒരുക്കിയത്. ടൂറിസം വകുപ്പ് പണിത ടെര്‍മിനല്‍ പഞ്ചായത്തിനു കൈമാറിയിരുന്നു.
40 ഹൗസ് ബോട്ടുകള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യത്തോടെയാണു ടെര്‍മിനല്‍ നിര്‍മിച്ചത്. ഇവിടെ നിന്നു വിനോദ സഞ്ചാരികളെ കായല്‍ യാത്രക്ക് കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം. എന്നാല്‍ നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം ഇതുവരെ ഒരു ഹൗസ് ബോട്ട് പോലും ഇവിടെ അടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണു കായല്‍ ഭംഗിയും സൂര്യാസ്തമയവും ആസ്വദിക്കാന്‍ പറ്റിയ സ്ഥലം എന്ന നിലയിലും ലേക്ക് വില്ലേജായി വികസിപ്പിക്കാന്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.