കോട്ടയം നഗരസഭയിൽ 211 കോടി കാണാതായ സംഭവം; ജീവനക്കാരുടെ വിവരങ്ങൾ തേടി അന്വേഷണസംഘം
കോട്ടയം: മുനിസിപ്പാലിറ്റിയിൽ 2020 മുതൽ 24 വരെ വർഷങ്ങളിൽ റവന്യു, അക്കൗണ്ട്സ്, ജനറൽ സെക്ഷനുകളിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ തേടി തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽനിന്നുള്ള പരിശോധനസംഘം. കഴിഞ്ഞ നാലുമുതൽ ഏഴുവരെ മുനിസിപ്പാലിറ്റിയിൽ പരിശോധന നടത്തിയ സീനിയർ ഫിനാൻസ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘമാണ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് അന്വേഷണക്കുറിപ്പ് നൽകിയിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ പേര്, തസ്തിക, ജോലിചെയ്തിരുന്ന കാലയളവ്, നിലവിൽ ജോലി ചെയ്യുന്ന ഓഫിസ് തുടങ്ങിയ വിവരങ്ങളാണ് ആരാഞ്ഞത്.
ഈ കാലയളവിൽ ഇതേ സെക്ഷനുകളിൽ ജോലി ചെയ്തിരുന്ന കരാർ/ ദിവസ വേതന അടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരുടെ പേരുകളും തസ്തികകളും ജോലിചെയ്തിരുന്ന കാലയളവും ലഭ്യമാക്കണം. 17 അന്വേഷണക്കുറിപ്പുകളാണ് സെക്രട്ടറിക്ക് നൽകിയിട്ടുള്ളത്. ഇതിന് മറുപടി തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് സെക്രട്ടറി അറിയിച്ചു. പ്രാഥമിക റിപ്പോർട്ട് മുനിസിപ്പാലിറ്റിക്ക് ലഭ്യമാക്കിയിട്ടില്ല. അടിയന്തര വിഷയങ്ങളിൽ മറുപടി കുറിച്ചുകൊണ്ടുപോയിരുന്നതായും സെക്രട്ടറി വ്യക്തമാക്കി.
പ്രധാന ചോദ്യങ്ങൾ
- 2023 മാർച്ച് 31 മുതൽ 204 മാർച്ച് 31 വരെ കാലയളവിൽ സൗത്ത് ഇന്ത്യൻ ബാങ്ക്, സ്റ്റേറ്റ് ഓഫ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര ബാങ്ക് ബുക്കുകളിൽ രസീത് ചെയ്തിട്ടുള്ള 1.03 കോടി രൂപ ബാങ്കിൽ വരവ് വന്നിട്ടില്ല.
- 2024 ഏപ്രിൽ ഒന്നുമുതൽ ജൂലൈ 24 വരെയുള്ള ചെക്ക് രജിസ്റ്റർ പരിശോധിച്ചതിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ അക്കൗണ്ടിൽ വരവ്വെച്ച തുകകളും പഞ്ചായത്തിലെ രസീത് ചെയ്തിട്ടുള്ള ചെക്കുകളിലെ തുകകളും തമ്മിൽ വ്യത്യാസമുണ്ട്. ചില ചെക്ക് തുകകൾ അക്കൗണ്ടിൽ വന്നതായി രേഖപ്പെടുത്തിയിട്ടില്ല.
- രസീതുകൾ വഴി വരവുവെച്ച 15.55 കോടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിൽ വന്നിട്ടില്ല.
- 2013 മുതൽ 2024 വരെയുള്ള സ്റ്റേറ്റ് ബാങ്ക് ഇന്ത്യ അക്കൗണ്ടിൽ വിവിധ സോണൽ ഓഫിസുകളിൽ സ്വീകരിച്ച 53.42 ലക്ഷം രൂപ അക്കൗണ്ടിൽ ഒടുക്കിയതായി കാണുന്നില്ല.
- 2020-21 സാമ്പത്തിക വർഷം ലഭിച്ച 12 ഗഡു ജി.പി.എഫിൽ എട്ട് ഗഡുവും ഗ്യാപ്പ് ഫണ്ടും ഉൾപ്പെടെ 4.90 കോടി രൂപ അക്കൗണ്ട് ചെയ്തിട്ടില്ല.
- 2024 മാർച്ച് 31ന് 65,74,708 രൂപ ട്രഷറി പി.എഫ് അക്കൗണ്ടിൽനിന്നു മാറ്റിയതിന്റെ വിശദീകരണം.
- ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ അക്കൗണ്ടിലെ 70,419 രൂപയുടെ ചെക്കുകൾ ബൗൺസായി. ഈ തുകയും ബൗൺസിങ് ചാർജും അക്കൗണ്ടിൽ വരവ് വന്നിട്ടുണ്ടോ?
- പെർഫോമൻസ് ഓഡിറ്റിന്റെ പകർപ്പ്, ബാങ്ക് ട്രഷറി അക്കൗണ്ടുകൾ, ഇടപാടുകൾ നടത്തുന്ന അക്കൗണ്ടുകളുടെ എണ്ണം, ക്ലോസ് ചെയ്യാൻ നൽകിയ അക്കൗണ്ടുകളുടെ വിവരം, 2020 മുതൽ അവതരിപ്പിച്ച ബജറ്റിന്റെ പകർപ്പ്, 2020 മുതൽ അവതരിപ്പിച്ച വാർഷിക ധനകാര്യ പത്രികയുടെ പകർപ്പ്, ജീവനക്കാരുടെ പി.എഫ്, എൻ.പി.എസ്, തുടങ്ങിയവ ഏത് മാസം വരെ ഒടുക്കി, ഏതൊക്കെ ഹെഡ് ഓഫ് അക്കൗണ്ടിൽ, എ.ജി. ഓഡിറ്റ് ഓഫിസിൽനിന്ന് കഴിഞ്ഞ 10 വർഷത്തിനകം നടത്തിയ പരിശോധന റിപ്പോർട്ടുകളുടെ പകർപ്പുകളും മറുപടികളും തുടങ്ങിയ വിവരങ്ങളും ആരാഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.