കോട്ടയം: മാലിന്യസംസ്കരണത്തിന് പ്ലാസ്റ്റിക്കിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയുമായി കോട്ടയം നഗരസഭ. ഇതിനായി ബജറ്റിൽ 3.5 കോടി വകയിരുത്തി. 149.11 കോടി വരവും 144.77 കോടി ചെലവും 4.34 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർമാൻ ബി. ഗോപകുമാർ അവതരിപ്പിച്ചു. ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
പ്ലാസ്റ്റിക്, പി.വി.സി, ഡയപ്പറുകൾ എന്നിവയുടെ നിർമാർജനമാണ് പ്ലാസ്റ്റിക് ടു പവർ പദ്ധതിയിൽ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ബജറ്റിൽ കേന്ദ്രസർക്കാർ സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബയോ ഡീസൽ ഉൽപാദന പദ്ധതി വിഭാവനം ചെയ്തിരുന്നു. പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമായി പദ്ധതിയിൽ ഗുണഭോക്താവായി നഗരസഭയെ ഉൾപ്പെടുത്തിയിട്ടുണ്ട്. കോടിമതയിലെ പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് പദ്ധതിക്ക് ഉപയോഗിക്കാനാവും. നിലവിൽ പ്ലാസ്റ്റിക് പൊടിക്കാൻ മാത്രം ഉപകരിക്കുന്ന പ്ലാന്റിൽ എൻ.ഐ.ടി മാനദണ്ഡപ്രകാരമുള്ള മാറ്റങ്ങൾ വരുത്തും.
• തിരുനക്കരയിലെ റോഡുകൾ വീതി കൂട്ടും
തിരുനക്കരയിലെ റോഡുകൾക്ക് വീതി കുറവായതുമൂലം ഏതെങ്കിലും തരത്തിലുള്ള അത്യാഹിതം സംഭവിച്ചാൽ അഗ്നിരക്ഷാ സേനക്ക് എത്തിച്ചേരാൻ വഴിയില്ല. തിരുനക്കര ക്ഷേത്രവും ബഹുനില കെട്ടിടങ്ങളും ഹോസ്റ്റലുകളും വീടുകളും സ്ഥിതിചെയ്യുന്ന പടിഞ്ഞാറെനട-നെടുമങ്ങാട് ലെയ്നിന്റെ തുടക്കത്തിൽ 20 മീറ്റർ നീളത്തിലും താമരപ്പള്ളി ലെയ്നിന്റെ തുടക്കത്തിൽ 80 മീറ്റർ നീളത്തിലും പൊതുവാൾ ലെയ്നിന്റെ തുടക്കത്തിൽ 20 മീറ്റർ നീളത്തിലും തുളസിയമ്മാൾ ലെയ്നിന്റെ തുടക്കത്തിൽ 40 മീറ്റർ നീളത്തിലും കെ.കെ റോഡും ദേവലോകം-ഈരയിൽക്കടവ് റോഡിലെ റെയിൽവേ സബ്വേയുമായി ബന്ധിപ്പിക്കുന്ന അബ്ദുൽ കലാം റോഡ് 100 മീറ്റർ നീളത്തിലും എല്ലാ റോഡുകളും രണ്ടു മീറ്റർ വീതം വീതികൂട്ടാനും ബഹുവർഷ പദ്ധതിയായി 30 ലക്ഷം രൂപ വകയിരുത്തി. ബജറ്റ് വർഷത്തിൽ 15 ലക്ഷം രൂപ വിനിയോഗിക്കും.
• കോടിമത സമഗ്ര വികസന പദ്ധതി
കോടിമത എം.ജി റോഡിലെയും ടി.ബി റോഡിലെയും സമീപവാസികൾ നേരിടുന്ന ആരോഗ്യ, യാത്ര പ്രശ്നങ്ങൾ പരിഹരിക്കാൻ കോടിമത ഡ്രയിനേജ് പദ്ധതിക്ക് 30 ലക്ഷം രൂപയും എം.ജി റോഡുമായി ബന്ധിപ്പിക്കുന്ന സർവിസ് റോഡും അപ്രോച് റോഡും നിർമിക്കാൻ ബഹുവർഷ പദ്ധതിയായി 20 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.
• വനിത ഷോപ്പിങ് മാൾ
എം.എൽ റോഡിൽ നിർമിക്കുന്ന വനിത ഷോപ്പിങ് മാളിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായ പൈലിങ് ജോലി പുരോഗമിച്ചു വരുന്നു. മാളിന്റെ രണ്ടാംഘട്ട നിർമാണത്തിന് 1.38 കോടി വകയിരുത്തി.
• വഴിവിളക്കുകൾ ഇനി എൽ.ഇ.ഡി
നിലാവ് പദ്ധതി പാതിവഴിയിൽ നിലച്ചതോടെ എല്ലാ വാർഡിലെയും അവശേഷിക്കുന്ന ട്യൂബ്ലൈറ്റുകൾക്ക് പകരമായി 35/70 വാട്സിന്റെ എൽ.ഇ.ഡി ബൾബ് സ്ഥാപിക്കാൻ 25 ലക്ഷം രൂപ വകയിരുത്തി.
• ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കും
തിരക്കേറിയതും സ്ഥലസൗകര്യമില്ലാത്തതുമായ സ്ഥലങ്ങളിൽ മൂത്രവിസർജനത്തിന് മാത്രം ഉപയോഗിക്കാവുന്ന വാട്ടർലെസ് ബയോടോയ്ലറ്റുകൾ സ്ഥാപിക്കും. പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെ ശാസ്ത്രിറോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും ബങ്കുകൾക്കും സമീപത്തും പാലസ് റോഡിലും പരീക്ഷണാർഥത്തിൽ ആദ്യഘട്ടം സ്ഥാപിക്കും. ഇതിന് 10 ലക്ഷം രൂപ നീക്കിവെച്ചു.
• കോട്ടയത്തെ കോർപറേഷൻ പദവിയിലേക്ക് ഉയർത്തണം
കുമരകം, വാഗമൺ, മൂന്നാർ, തേക്കടി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രധാന സിരാകേന്ദ്രം എന്ന നിലയിലും ശബരിമല തീർഥാടനത്തിന്റെ മുഖ്യഇടത്താവളം എന്ന നിലയിലും കോട്ടയം നഗരത്തിന്റെ പ്രാധാന്യം ഏറിവരുകയാണ്.
അടിസ്ഥാന സൗകര്യവികസനങ്ങൾ നടപ്പാക്കുന്നതിനും കേന്ദ്രസർക്കാറിന്റെ പദ്ധതികളും ധനസഹായവും ലഭ്യമാക്കാനും നഗരസഭയെ കോർപറേഷൻ പദവിയിലേക്ക് ഉയർത്താൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാറിനോടും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയോടും അഭ്യർഥിച്ചു.
• മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ എ.ഐ കാമറ
വഴിയോരങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെയും അവരുടെ വാഹനങ്ങളും പിടികൂടാൻ എ.ഐ കാമറകൾ സ്ഥാപിക്കും. പോർട്ടബിൾ എ.ഐ കാമറകൾ സ്ഥാപിക്കാൻ 1.5 കോടി വകയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.