കോട്ടയം: ചൂടിന്റെ കാഠിന്യം വർധിച്ചതോടെ തീപിടിത്തങ്ങളും വർധിക്കുന്നു. കോട്ടയം നഗരത്തോട് ചേർന്ന് നാലിടത്താണ് ശനിയാഴ്ച തീപിടിത്തമുണ്ടായത്. ഇതിൽ ചവിട്ടുവരി ഇരുകവലപ്പടിയിലെ പറമ്പിലും തിരുവാതുക്കൽ അമ്പലക്കടവിലും വലിയതോതിൽ തീപടർന്നു. ഭരണങ്ങാനം പഞ്ചായത്ത് രണ്ടാം വാർഡിൽ ഔസേപ്പറമ്പിൽ മൈക്കിൾ മാമ്മന്റെ റബർപുരക്കും ശനിയാഴ്ച തീപിടിച്ചു. ഇതിനു പുറമെ, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിവിധ തരിശുഭൂമിയിലും തീപിടിത്തമുണ്ടായി. അടിക്കാടുകളും ഉണങ്ങിനിൽക്കുന്ന പുല്ലുമാണ് തുടർച്ചയായി കത്തുന്നത്.
മൂന്നുദിവസത്തിനിടെ 10 സ്ഥലങ്ങളിൽ പടർന്ന തീയാണ് കോട്ടയം അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ അണച്ചത്.
വെള്ളിയാഴ്ച വൈകീട്ട് അതിരമ്പുഴ ശ്രീകണ്ഠമംഗലം കുറ്റിയമലയിൽ റബർ തോട്ടത്തിലും തീപിടിത്തമുണ്ടായി. വ്യാഴാഴ്ച മൂന്നിടത്തായിരുന്നു തീപടർന്നത്. ഞായറാഴ്ചയും നഗരത്തോട് ചേർന്ന മൂന്നിടത്ത് തീപിടിത്തമുണ്ടായിരുന്നു. അന്ന് ഏറ്റുമാനൂർ നവോദയ ഭാഗത്ത് ഒരേക്കർ തരിശുഭൂമിയാണ് കത്തിനശിച്ചത്. ചപ്പുചവറുകൾ അശ്രദ്ധമായി കത്തിക്കുന്നതാണ് തീപിടിത്തങ്ങൾക്കും കാരണമെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറയുന്നു. പലരും
ഉച്ചസമയത്താണ് ഇവകത്തിക്കുന്നത്. ഈ സമയത്ത് കാറ്റുള്ളത് തീ ആളിപ്പടരാൻ ഇടയാക്കുന്നു. ചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ ബോഡി സ്പ്രേ ഉൾപ്പെടെയുള്ള കുപ്പികൾ ഇതിലുണ്ടെങ്കിൽ ഇവ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്.
ചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ വെള്ളം സമീപത്ത് തന്നെ കരുതണമെന്നും അഗ്നിരക്ഷാസേന പറയുന്നു. വെയിലുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾപാർക്ക് ചെയ്യുമ്പോൾ കാറിനുള്ളിൽ മർദം കൂടുന്നത് ഒഴിവാക്കണം. വിൻഡോ ഗ്ലാസ് അൽപം താഴ്ത്തിയിട്ടാൽ ഉള്ളിലെ ചൂട് കുറക്കാം.
അതിനിടെ ജില്ലയിൽ ചൂട് കുറവില്ലാതെ തുടരുകയാണ്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ അനുഭവപ്പെട്ടതിനെക്കാൾ പകൽ താപനിലയിൽ രണ്ട് ഡിഗ്രി സെൽഷ്യൽസിന്റെ വരെയാണ് വർധന. മാർച്ച്, എപ്രിൽ മാസങ്ങളിലും താപനില ഉയരുമെന്നാണ് സൂചനകൾ. പസഫിക് സമുദ്രത്തിൽ നിലനിൽക്കുന്ന എൽനിനോ പ്രതിഭാസമാണ് അന്തരീക്ഷ താപനില ഉയരാനിടയാക്കുന്നത്. ഇതിനൊപ്പം തെക്കുകിഴക്കൻ അറബിക്കടലിൽ താപനില വർധിച്ചതോടെ അവിടെനിന്ന് കരയിലേക്ക് വീശുന്ന ഉഷ്ണക്കാറ്റും ചൂട് കൂടാൻ കാരണമായിട്ടുണ്ടെന്നും കാലാവസ്ഥ വിദഗ്ധർ പറയുന്നു.
കോട്ടയം: ചൂട് കൂടുന്നതിനാല്‍ സൂര്യാതപം ഏല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ നേരിട്ട് വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ്.
ശരീരത്തില്‍ കനത്ത ചൂട് നേരിട്ട് ഏല്‍ക്കുന്നവര്‍ക്കാണ് സൂര്യാഘാതം ഏല്ക്കാന് സാധ്യത കൂടുതല്‍. അന്തരീക്ഷതാപം പരിധിക്കപ്പുറം ഉയര്‍ന്നാല്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് പോകാന്‍ തടസ്സം നേരിടുന്നതോടെ ശരീരത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം.
ശരീരോഷ്മാവ് ഉയരുക, ചര്‍മം വരണ്ടുപോകുക, ശ്വസനപ്രക്രിയ സാവധാനമാകുക, തലവേദന, ക്ഷീണം, ബോധക്ഷയം, പേശിവലിവ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
സൂര്യാഘാതത്തെക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. വെയിലത്ത് ജോലി ചെയ്യുമ്പോൾ നേരിട്ട് വെയില് ഏല്ക്കുന്ന ശരീരഭാഗങ്ങളിൽ പൊള്ളലേൽക്കുന്ന അവസ്ഥയാണ്. ചുവന്ന് തുടുക്കുന്നതിനൊപ്പം നീറ്റലും വേദനയും അനുഭവപ്പെടുകയും ചെയ്യാം. കടുത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതുമൂലമാണ് ഇങ്ങനെയുണ്ടാകുന്നത്.
അമിതമായ വിയര്‍പ്പ്, ക്ഷീണം, തലക്കറക്കം, തലവേദന, ഓക്കാനം, ഛർദി, ബോധക്ഷയം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവര്‍, വെയിലത്ത് ജോലിചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
കോട്ടയം: ചൂട് വർധിക്കുന്ന സാഹചര്യത്തിൽ തീപിടിത്തം തടയാനും പൊള്ളലേൽക്കാതിരിക്കാനും പ്രത്യേക ശ്രദ്ധ വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി. പലപ്പോഴും അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണം.
അൽപം ശ്രദ്ധിച്ചാൽ പല തീപിടിത്തങ്ങളും ഒഴിവാക്കാനും പൊള്ളലിൽനിന്ന് രക്ഷനേടാനും സാധിക്കും.
അശ്രദ്ധയോടെ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍പോലും വന്‍ തീപിടിത്തത്തിലേക്ക് നയിക്കാറുണ്ട്. പേപ്പർ, ചപ്പുചവറുകൾ, കരിയില അടക്കമുള്ള കൂട്ടിയിട്ട് കത്തിക്കുമ്പോൾ തീപിടിത്തമുണ്ടാകാൻ സാധ്യതയുണ്ട്. പാചകം ചെയ്യുമ്പോഴും ശ്രദ്ധിക്കണം. തീയിട്ടശേഷം ഇത് കൃത്യമായി അണക്കാത്തതും അപകടങ്ങളിലേക്ക് നയിക്കാം.
ഷോർട്ട് സർക്യൂട്ടും കാരണമാകാറുണ്ട്. കഠിനമായ ചൂടായതിനാൽ തീ വളരെവേഗം പടർന്നുപിടിക്കും. പുല്ല് അടക്കമുള്ളവയെല്ലാം ഉണങ്ങി നിൽക്കുന്ന സമയമാണെന്ന ബോധ്യം എല്ലാഘട്ടത്തിലുമുണ്ടാകണം.
തീ ശരീരത്തിലേക്ക് പടരാതിക്കാനുള്ള മുൻ കരുതൽ സ്വീകരിക്കണമെന്നും അതോറിറ്റി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.