കോട്ടയം: നിയോജക മണ്ഡലത്തിന് ആകെ ലഭിച്ചത് മണിപ്പുഴ-മൂലേടം റെയിൽവേ മേൽപ്പാലം ഗെസ്റ്റ് ഹൗസ് റോഡിന് അനുവദിച്ച ഒരു കോടി രൂപ മാത്രം. തകർന്ന മേൽപ്പാലത്തിലൂടെ യാത്ര ദുരിതമായതിനെ തുടർന്ന് നാളുകളായി പ്രക്ഷോഭം നടക്കുന്ന പ്രദേശമാണിത്. പണം അനുവദിച്ചതോടെ റോഡിന് ശാപമോക്ഷമാകുമെന്നതാണ് ആശ്വാസം. കഞ്ഞിക്കുഴിയിൽ ഫ്ലൈ ഓവർ നിർമിക്കുമെന്നായിരുന്നു കഴിഞ്ഞ ബജറ്റിലെ പ്രധാനപ്രഖ്യാപനം. എന്നാൽ, നടപടിയൊന്നും ആരംഭിച്ചിട്ടില്ല. ഭരണാനുമതി നൽകണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ധനമന്ത്രിക്ക് കത്ത് നൽകിയതിൽ ഒതുങ്ങി തുടർനടപടി.
1.60 കോടിയാണ് ബജറ്റിൽ അനുവദിച്ചിരുന്നത്. 20 പദ്ധതികൾക്കാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുക ആവശ്യപ്പെട്ടിരുന്നത്. കോട്ടയം-മണിപ്പുഴ-കാക്കൂർ ലിങ്ക് റോഡ്, കോട്ടയം പൊതുമരാമത്ത് ഓഫിസ് കോംപ്ലക്സ് പുതിയ കെട്ടിടം, കുമാരനെല്ലൂർ വടക്കേനട പാലം, നെഹ്റു സ്റ്റേഡിയത്തിന് പ്രളയക്കെടുതിയിൽനിന്ന് രക്ഷയായി മണ്ണിട്ടുയർത്തി ടർഫ് നിർമാണം, കച്ചേരിക്കടവ് ടൂറിസം വികസനം രണ്ടാംഘട്ട വികസനം, ചുങ്കം പാലത്തിനു സമീപം ഇരുകരകളും സംരക്ഷണഭിത്തി നിർമിക്കൽ, താഴത്തങ്ങാടി അറുപുഴ കുളപ്പുരക്കടവ് ഭാഗത്ത് മീനച്ചിലാറിന്റെ അരിക് കെട്ടി വള്ളംകളിക്ക് ഉപയുക്തമാക്കൽ, സൂര്യകാലടി റഗുലേറ്റർ കം ബ്രിഡ്ജ് പണി പൂർത്തിയാക്കൽ, പടിഞ്ഞാറൻ ബൈപാസിന് അരിക് സംരക്ഷണം നൽകി ബി.എം ബി.സി നിലവാരത്തിൽ ആധുനികവൽക്കരിക്കുക തുടങ്ങിയ പദ്ധതികൾക്ക് ടോക്കൺ അനുവദിച്ചിട്ടുണ്ട്.
പാലാ: വലവൂരിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി) യുടെ തുടര്‍ഘട്ടമായി ഇന്‍ഫോസിറ്റി ആരംഭിക്കാൻ അഞ്ചുകോടി രൂപ ബജറ്റില്‍ വകയിരുത്തി. പാലായില്‍ നിര്‍മാണം ആരംഭിച്ച കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിന്റെ ഒന്നാംഘട്ട പൂര്‍ത്തീകരണത്തിന് മൂന്നു കോടി രൂപയുടെയും പാലാ ജനറല്‍ ആശുപത്രി ലിങ്ക് റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി റോഡ് നവീകരണത്തിന് രണ്ടു കോടി രൂപയുടെയും അനുമതി ലഭിച്ചു. എം.പി ഫണ്ടില്‍ 2.5 കോടി രൂപ അനുവദിച്ച പാലാ കെ.എം. മാണി മെമ്മോറിയല്‍ ജനറല്‍ ആശുപത്രിയിലെ റേഡിയേഷന് ഓങ്കോളജി ബ്ലോക്കിന്റെ പൂര്‍ത്തീകരണത്തിന് അഞ്ചുകോടി രൂപയുടെയും പാലാ കേന്ദ്രമായ പ്രഫഷനല്‍ എംപ്ലോയ്മെന്റ് ആന്‍ഡ് സ്കില്‍ ഡെവലപ്മെന്റ് സെന്ററിന് മൂന്നു കോടിയുടെയും അരുണാപുരത്ത് റഗുലേറ്റർ കം ബ്രിഡ്ജിന് മൂന്നു കോടിയുടെയും അനുമതി ലഭിച്ചതായി ജോസ് കെ. മാണി പറഞ്ഞു.
അർബുദ ചികിത്സാ സൗകര്യം വിപുലീകരിക്കാനും കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും ലക്ഷ്യമിട്ട് പ്രത്യേക വിഹിതം വകയിരുത്തിയത് പാലാ കെ.എം. മാണി സ്മാരക ഗവ. ജനറൽ ആശുപത്രി ഓങ്കോളജി വിഭാഗത്തിന് സഹായകരമാകും. അർബുദ ചികിത്സാ വിഭാഗത്തിന് മാത്രമായി 152.5 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 24.5 കോടി രൂപ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലെ അർബുദ ചികിത്സക്കായി നീക്കിവെച്ചതാണ്.
ഏറ്റുമാനൂര്‍: നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനം സാധ്യമാവുന്ന നിലയില്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി വി.എന്‍. വാസവന്. മെഡിക്കല്‍ കോളജില്‍ മജ്ജ മാറ്റിവെക്കല്‍ സൗകര്യം ഒരുക്കുന്നതിന് ഉൾപ്പെടെ തുക നീക്കിവച്ചിട്ടുണ്ട്.
ആശുപത്രിയിലെ മാലിന്യ നിർമാര്‍ജനത്തിനും മാതൃ-ശിശു ആരോഗ്യ കേന്ദ്രങ്ങളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉയര്‍ത്തുന്നതിനും പ്രത്യേകം തുക ബജറ്റില്‍ വകയിരുത്തി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 62 കോടി രൂപയുടെ നാനോ സയന്‍സ് സെന്ററിന് പുറമെ മഹാത്മാഗാന്ധി സര്‍വകലാശാലക്ക് 38.45 കോടി രൂപ വകയിരുത്തി.
കൈപ്പുഴ വില്ലേജ് ഓഫിസിനെ സ്മാര്‍ട്ട് വില്ലേജ് ഓഫിസായി ഉയർത്തുന്നതിന് 45 ലക്ഷം രൂപ, തിരുവാര്‍പ്പ് കുമരകം പാണ്ടം ബസാര്‍ റോഡിന്റെ രണ്ടാംഘട്ട നിര്‍മാണത്തിന് 17 കോടി രൂപ എന്നിങ്ങനെ അനുവദിച്ചു.
മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായി 15 റോഡുകൾക്ക് ബജറ്റിൽ സൂചകാനുമതി ലഭിച്ചു. മണ്ഡലത്തിലെ വിവിധ സ്കൂളുകൾ, ഫയർ സ്റ്റേഷൻ എന്നിവയുടെ നിർമാണവും ഉൾപ്പെടുത്തി.
മുണ്ടക്കയം: ബജറ്റിൽ പൂഞ്ഞാർ മണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു. വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിനും കൃഷിയെയും മലയോര ജനതയെയും സംരക്ഷിക്കുന്നതിനും പ്രത്യേക പാക്കേജ് അനുവദിച്ചത് കോരുത്തോട്, മുണ്ടക്കയം, എരുമേലി പഞ്ചായത്തുകൾക്ക് ആശ്വാസമാകും. ടൂറിസം വികസനത്തിന് പ്രത്യേക ഊന്നൽ നൽകി അധിക ധനവിഹിതം അനുവദിക്കുന്നത് തീക്കോയി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിലെ ടൂറിസം വികസനത്തിന് സഹായകമാണ്. എരുമേലി കൂടി ഉൾപ്പെടുത്തിയാണ് ശബരിമല മാസ്റ്റർ പ്ലാൻ അംഗീകരിച്ചത്.
ഈരാറ്റുപേട്ടയുടെ സമഗ്ര വികസനത്തിന് ഉപകരിക്കുന്നതും വാഗമൺ ടൂറിസത്തിന് കുതിപ്പേകുന്നതുമായ മീനച്ചിലാറിന് കുറുകെയുള്ള കാരക്കാട്-ഇളപ്പുങ്കൽ പാലം നിർമാണത്തിന് 10 കോടിയുടെ ഭരണാനുമതി ലഭ്യമായി. ഈരാറ്റുപേട്ട-തൊടുപുഴ റോഡിനെയും ഈരാറ്റുപേട്ട-വാഗമൺ റോഡിനെയും ബന്ധിപ്പിക്കത്തക്ക നിലയിൽ ടൗണിൽ പ്രവേശിക്കാതെ യാത്ര ചെയ്യാവുന്ന വിധമാണ് പുതിയ പാലത്തിന്റെ വിഭാവന.
പാലം യാഥാർഥ്യമാകുന്നതോടെ ഈരാറ്റുപേട്ടയുടെയും കാരക്കാട് പ്രദേശത്തിന്റെയും സമഗ്ര വികസനത്തിന് ഉപകരിക്കും. നിയോജക മണ്ഡലത്തിന്റെ സമഗ്രമായ പുരോഗതിക്ക് ഉപകരിക്കുന്ന നിരവധി പദ്ധതികൾക്കും ടോക്കൺ പ്രൊവിഷനോടെ പ്രാഥമിക അനുമതി ലഭ്യമായിട്ടുണ്ട്.
പൊൻകുന്നം: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ വിവിധ സാംസ്കാരിക, കായിക, റോഡ് പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചതായി ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു. കറുകച്ചാലില്‍ ചങ്ങനാശ്ശേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ആസ്ഥാനവും സാംസ്കാരിക പഠന കേന്ദ്രവും നിർമിക്കാൻ ഒരു കോടി രൂപ വകയിരുത്തി.
ചങ്ങനാശ്ശേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഇപ്പോള്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ദീര്‍ഘകാലം മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന പ്രഫ. കെ. നാരായണക്കുറുപ്പിന്റെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈബ്രറി പ്രവര്‍ത്തിക്കാൻ സൗജന്യമായി വിട്ടുനല്‍കിയ ഭൂമിയാണ് ഇതിനായി ഉപയോഗിക്കുന്നത്. പതിനഞ്ചാംമൈല്‍-കെ.കെ. റോഡ്-ഇളങ്ങുളം റോഡ് ബി.എം ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിന് അഞ്ചു കോടി, മാലം-മാന്തുരുത്തി-തൈപ്പറമ്പ് റോഡ് ബി.എം ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിന് ഏഴു കോടി എന്നിങ്ങനെ തുക അനുവദിച്ചിട്ടുണ്ട്.
പൊന്‍കുന്നം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി ഗ്രൗണ്ടില്‍ കായിക അടിസ്ഥാന സൗകര്യം, കറുകച്ചാല്‍, നെടുങ്കുന്നം, കങ്ങഴ, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളില്‍ കായിക അടിസ്ഥാന സൗകര്യവികസനം, കാനം-പത്തനാട് റോഡ്, കാഞ്ഞിരപ്പാറ കാനം റോഡ്, കന്നുകുഴി മണിമല റോഡ്, മണിമല വള്ളംചിറ കോട്ടാങ്ങല്‍ റോഡ്, ചാരുവേലി പൂവത്തോലി വള്ളിയാതോട്ടം കറിക്കാട്ടൂര്‍ കൊവന്തപ്പടി റോഡ് എന്നിവയുടെ ബി.എം.ബി.സി നവീകരണം എന്നിങ്ങനെയാണ് മറ്റ് പദ്ധതികള്‍.
വൈക്കം: ബജറ്റിൽ വൈക്കത്തെ വികസന പദ്ധതികൾക്ക് മികച്ച പരിഗണന ലഭിച്ചതായി സി.കെ. ആശ എം.എൽ.എ പറഞ്ഞു. സത്യഗ്രഹ ശതാബ്ദി സ്മാരക പഠനകേന്ദ്രം -അഞ്ചുകോടി രൂപ, വെള്ളൂർ റബർ പാർക്ക് ലിമിറ്റഡ് -ഒമ്പതു കോടി, ഉല്ലല-കൊതവറ റോഡിലെ കൊതവറ പാലം നിർമാണം -3.25 കോടി, തോട്ടകം ഗവ. എൽ.പി സ്കൂളിന് പുതിയ കെട്ടിടം -ഒരു കോടി, ചെമ്പ് ടോൾ-ചുങ്കം റോഡ് പുനർനിർമാണം -4.50 കോടി, കുടവെച്ചൂർ ഗവ. ദേവീവിലാസം ഹയർസെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടം -ഒരു കോടി, ചെമ്മനത്തുകര ഗവ. യു.പി. സ്കൂളിന് പുതിയ കെട്ടിട നിർമാണത്തിന് 1.25 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
വെട്ടിക്കാട്ടുമുക്ക് സമാന്തര പാലം, വാഴമന-കൊട്ടാരം റോഡ് വീതികൂട്ടി ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പുനർനിർമാണം, വരിക്കാംകുന്ന്-മനക്കകടവ്-ബ്രഹ്മമംഗലം റോഡിൽ ബ്രഹ്മമംഗലം കുരിശുപള്ളി ജങ്ഷൻ മുതൽ ബ്രഹ്മമംഗലം പഞ്ചായത്ത്ജങ്ഷൻ വരെ ബി.എം. ആൻഡ് ബി.സി നിലവാരത്തിൽ പുനർനിർമാണം, വൈക്കം തോട്ടുവക്കം പടിഞ്ഞാറെപ്പാലം, വൈക്കം മുനിസിപ്പാലിറ്റിയിൽ കുടിവെള്ള വിതരണത്തിന് പുതിയ വാട്ടർ ടാങ്ക്, ടി.വി. പുരം പഞ്ചായത്ത് സ്റ്റേഡിയം എന്നിവക്ക് ടോക്കൺ പ്രൊവിഷനോടെ തുക അനുവദിച്ചിട്ടുണ്ട്.
ചങ്ങനാശ്ശേരി: ബജറ്റിൽ മണ്ഡലത്തിലെ 130 കോടി രൂപയുടെ പദ്ധതികൾ ഇടം പിടിച്ചു. മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ വകുപ്പുകൾ വഴി ജല സ്രോതസ്സുകളുടെ നവീകരണം, സംരക്ഷണഭിത്തി നിർമാണവും പുനരുദ്ധാരണവും, മറ്റ് അനുബന്ധപ്രവൃത്തികൾ, ഭൂജല വകുപ്പ് വഴി വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റി പ്രദേശത്തും പുതിയ ജലവിതരണ പദ്ധതികളുടെ നിർമാണം, കുട്ടനാട് പാക്കേജ് വഴി പാടശേഖരത്തിന്റെ അകംബണ്ട് പുറംബണ്ട് എന്നിവ ബലപ്പെടുത്തി മടവീഴ്ച തടയുന്നതിനും കൃഷി മെച്ചപ്പെടുത്തുന്നതിനും, തോടുകളുടെയും ചാലുകളുടെയും ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കി കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനും 50 കോടി രൂപ വകയിരുത്തി.
അലോപ്പതി, ആയുർവേദം, ഹോമിയോ വകുപ്പുകൾക്ക് ആവശ്യമായ കെട്ടിടം മറ്റു അനുബന്ധ സൗകര്യങ്ങൾ എന്നിവക്ക് 15 കോടി രൂപ അനുവദിച്ചു.
ചങ്ങനാശ്ശേരി ബൈപാസിൽ റെയിൽവേ സ്റ്റേഷന് മുന്നിൽ മിനി ബസ് ഹബ് നിർമാണം, നഗരസഭയിൽ മുനിസിപ്പൽ ടൗൺഹാൾ റോഡ് നിർമാണം, ഗവ. ആയുർവേദ ആശുപത്രി പുതിയ കെട്ടിടം, നഗരസഭയിൽ കക്കാട്ട്കടവ് നടപ്പാലം നിർമാണം, ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടം, നഗരസഭ-ളായിക്കാട് ബൈപാസിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമാണം, തൃക്കൊടിത്താനം ഗവ. എൽ.പി സ്കൂളിന് പുതിയ അടുക്കള, ചിത്രകുളത്തിന് സംരക്ഷണ ഭിത്തി നിർമാണം തുടങ്ങിയവയാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചത്. ചങ്ങനാശ്ശേരിക്ക് അര്‍ഹമായ പരിഗണന ലഭിച്ചതായി ജോബ് മൈക്കിൾ എം.എല്‍.എ പറഞ്ഞു.
കോട്ടയം: കിട്ടിയോന്നു ചോദിച്ചാൽ കിട്ടി, കിട്ടിയില്ലേന്നു ചോദിച്ചാൽ ഇല്ല. ബജറ്റിൽ ജില്ലക്ക് എന്ത് എന്ന് നോക്കിയാൽ ഒറ്റവാക്കിൽ ഇങ്ങനെയാണ് മറുപടി. പുതിയ പദ്ധതികളില്ല.
എന്നാൽ, വലിയ പദ്ധതികളെ പരിഗണിച്ചിട്ടുമുണ്ട്.
ജില്ലയുടെ അഭിമാനമായ നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതിക്ക് 4.96 കോടി രൂപ വകയിരുത്തി. കേരള റബർ ലിമിറ്റഡിന് ഒമ്പതു കോടി. തെക്കുംതലയിലെ കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇത്തവണ 11 കോടി രൂപയാണ് നീക്കിവെച്ചത്; കഴിഞ്ഞ തവണത്തേതിന്റെ ഇരട്ടി. മെഡിക്കൽ കോളജിൽ മജ്ജ മാറ്റിവെക്കൽ സൗകര്യം ഒരുക്കുന്നതിന് 1.75 കോടി, കോട്ടയം അടക്കം അഞ്ച് മെഡിക്കൽ കോളജുകളിൽ ഇന്റർവെൻഷനൽ റേഡിയോളജി ഉൾപ്പെടെ അത്യാധുനിക ഇമേജിങ് സൗകര്യം ഒരുക്കുന്നതിന് 15 കോടി, കോട്ടയം അടക്കം മൂന്ന് മെഡിക്കൽ കോളജുകളിൽ ഓങ്കോളജി ആൻഡ് ടെർഷ്യറി കെയർ സെന്ററുകളിൽ ഉപകരണങ്ങൾ വാങ്ങാൻ 20 കോടി, വൈക്കം സത്യഗ്രഹ സ്മാരകത്തിന് അഞ്ചു കോടി എന്നിങ്ങനെ അനുവദിച്ചു.
എം.ജി സര്‍വകലാശാലയില്‍ നാനോ സയന്‍സ് ആൻഡ് നാനോ ടെക്നോളജി മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് 62 കോടി രൂപയുടെ പദ്ധതിക്ക് തത്ത്വത്തില്‍ ഭരണാനുമതിയായതായി ബജറ്റില്‍ പരാമര്‍ശമുണ്ട്. നിര്‍മാണം അന്തിമഘട്ടത്തില്‍ എത്തിയ സയന്‍സ് സിറ്റി ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിക്കുമെന്ന പ്രഖ്യാപനവും പ്രതീക്ഷ നൽകുന്നു. പദ്ധതി പൂര്‍ത്തീകരണത്തിന് 25 കോടി രൂപ നീക്കിവെച്ചതായും ആദ്യഘട്ടമായി 10 കോടി അനുവദിച്ചതായും പറയുന്നുണ്ട്.
അങ്കമാലി-ശബരി പദ്ധതി നടത്തിപ്പിന് ആവശ്യമായ ഫണ്ട് എം.ഐ.ഡി.പിയിൽ നൽകിയ വിഹിതത്തിൽനിന്ന് അനുവദിക്കുമെന്നാണ് വാഗ്ദാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.