കോട്ടയം: അതിദാരിദ്ര്യ നിർമാർജനം ലക്ഷ്യമാക്കി അവശ്യരേഖകളുടെ വിതരണത്തിനായി ആരംഭിച്ച ‘അവകാശം അതിവേഗം’ പദ്ധതി ജില്ലയിൽ പൂർത്തിയായി. സംസ്ഥാനത്ത് പദ്ധതി പൂർത്തിയാക്കിയ ആദ്യ ജില്ലയാണ് കോട്ടയം. ‘അവകാശം അതിവേഗം’ പദ്ധതിയുടെ ഭാഗമായി ‘തുണ’ പേരിൽ ജില്ല ഭരണകൂടം ആവിഷ്കരിച്ച പദ്ധതിയിലൂടെ ആധാർ കാർഡ്, റേഷൻ കാർഡ്, സാമൂഹിക സുരക്ഷ പെൻഷൻ, അവകാശ രേഖകൾ, തൊഴിലുറപ്പ് കാർഡ്, വോട്ടർ ഐ.ഡി, ഭിന്നശേഷിക്കാർക്കുള്ള തിരിച്ചറിയൽ രേഖ മുതലായവ വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണം, റവന്യൂ, സിവിൽ സപ്ലൈസ്, എൻ.ആർ.ഇ.ജി.എസ് മിഷൻ തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.
11 ബ്ലോക്കുകളിലും ആറു നഗരസഭകളിലും പ്രത്യേകം ക്യാമ്പുകൾ സംഘടിപ്പിച്ചും കിടപ്പുരോഗികളുടെ വീടുകളിൽ നേരിട്ടെത്തിയും വിവിധ വകുപ്പുകളുടെ സഹകരണത്തോടെയുമാണ് തുണ പദ്ധതി പൂർത്തീകരിച്ചത്.
150 റേഷൻ കാർഡ്, 105 ആധാർ കാർഡ്, 66 തെരഞ്ഞടുപ്പ് തിരിച്ചറിയൽ രേഖ, 100 ക്ഷേമ പെൻഷൻ ഇവ കൂടാതെ കുടുംബശ്രീ അംഗത്വം, ബാങ്ക് അക്കൗണ്ട്, ഭിന്നശേഷി ഐ.ഡി കാർഡ്, തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ കാർഡ് എന്നിവ നൽകി. അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയ ആദ്യം പൂർത്തീകരിച്ചതിന് സ്വതന്ത്ര സംഘടനയായ സ്കോച് ഗ്രൂപ് നൽകുന്ന ദേശീയ പുരസ്കാരം ജില്ലക്ക് ലഭിച്ചിരുന്നു.സേവനപദ്ധതികളിൽ ഉൾപ്പെടുത്തി അതിദരിദ്രർക്കായി പാചകം ചെയ്ത ഭക്ഷണ വിതരണം, പാലിയേറ്റിവ് കെയർ സേവനങ്ങൾ തുടങ്ങിയവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്നുണ്ട്.
മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ കലക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.