കൂട്ടിക്കൽ: ഉരുൾ ദുരന്തത്തിൽ മരിച്ചവരെ അനുസ്മരിച്ച് കൂട്ടിക്കൽ പഞ്ചായത്തിെൻറ നേതൃത്വത്തിൽ യോഗം ചേർന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.എസ്. മോഹനൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം അഞ്ജലി ജേക്കബ്, ജെസി ജോസ്, ജോമോൻ ചാക്കോ, രജനി സുധീർ, പി.കെ. സണ്ണി എന്നിവർ സംസാരിച്ചു. കൂട്ടിക്കൽ - കൊക്കയാർ പഞ്ചായത്തുകളിൽ ദുരന്തത്തിൽ മരിച്ച പതിമൂന്നുപേരുടെയും ചിത്രങ്ങൾക്ക് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രണാമം അർപ്പിച്ചു.
നിരാഹാര സമരവുമായി അതിജീവന കൂട്ടായ്മ
കൂട്ടിക്കൽ: അധികാരത്തിലിരിക്കുന്നവരുടെ ഒത്താശയോടെ നടത്തുന്ന പ്രകൃതിചൂഷണമാണ് കൂട്ടിക്കൽ-ഇളംകാട് മേഖലയിൽ ഉണ്ടായ ദുരന്തങ്ങൾക്ക് കാരണമെന്ന് പരിസ്ഥിതി-സാമൂഹിക പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ പറഞ്ഞു. കൂട്ടിക്കൽ പ്രളയദുരന്ത വാർഷികത്തിൽ അതിജീവന കൂട്ടായ്മ സംഘടിപ്പിച്ച നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞവും സിൽവർ ലൈനും പോലെയുള്ള വിനാശ പദ്ധതികൾക്കുവേണ്ടി വൻതോതിൽ പശ്ചിമഘട്ടം തകർക്കേണ്ടിവരും. ഇത്തരം പദ്ധതികളുമായി മുന്നോട്ട് പോകുന്ന സർക്കാറിന് ആത്മാർഥത സ്വന്തം ജനതയോടല്ലെന്ന് വ്യക്തമാകുകയാണ്. സർക്കാർ സഹായത്തിന് പകരം ജപ്തി ഭീഷണിയാണ് ദുരിതബാധിതർക്ക് ലഭിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രളയ ദുരിതബാധിതരുടെ സമ്പൂർണ പുനരധിവാസം ഉടൻ പൂർത്തിയാക്കുക, പൂർണമായും ഭാഗികമായും വീട് നഷ്ടപ്പെട്ടവർക്ക് വീട് പുനർനിർമിക്കാനും വീട്ടുപകരണങ്ങൾക്കും ധനസഹായം നൽകുക, ജപ്തി നടപടികൾ നിർത്തിവെക്കുക, ബാങ്ക് വായ്പകൾ നിരുപാധികം സർക്കാർ ഏറ്റെടുക്കുക, തകർന്ന പാലങ്ങളും റോഡുകളും ഉടൻ സഞ്ചാരയോഗ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. അതിജീവന കൂട്ടായ്മ രക്ഷാധികാരി മിനി കെ. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തക പ്രഫ. കുസുമം ജോസഫ്, കെ-റെയിൽ വിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ, ബാബു കുട്ടൻചിറ, സിന്ധു ജയിംസ്, എസ്. രാധാമണി, ശരണ്യ രാജ്, ഡോ. ഹരിപ്രസാദ്, നോബിൾ മാത്യു, ജോയി, രാജീവ് പുഞ്ചവയൽ, ജെ. മാനവ്, അമ്മു ലൂക്കോസ്, എൻ.കെ. ബിജു, ജിജോ കരയ്ക്കാട്, റോയിച്ചൻ, ഗോപി മാടപ്പാട്ട്, കെ.കെ. ഷാജൻ, വി.എം. ജോസഫ്, അൻസാരി മഠത്തിൽ, മുരളീധരൻ, ജെ. കോശി, ഡോ. ഹനീഫ, വി.പി. കൊച്ചുമോൻ, ബെന്നി ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ സർവിസ് സെന്റർ അഭിമുഖത്തിൽ ദുരിതബാധിതർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഉപവസിച്ച് കോൺഗ്രസ്
ഏന്തയാർ: പ്രളയ ദുരന്തബാധിതരെ പുച്ഛത്തോടെ കണ്ട മുഖ്യമന്ത്രിയാണ് കേരളത്തിലേതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ. പ്രളയ ദുരന്തവാർഷികത്തിെൻറ ഭാഗമായി കോൺഗ്രസ് കൂട്ടിക്കൽ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസം ഏന്തയാറ്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
21 ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാൻപോലും തയാറാകാതിരുന്ന മുഖ്യമന്ത്രി നാടിന് അപമാനമാണെന്നും ജോസി കൂട്ടിച്ചേർത്തു. മണ്ഡലം പ്രസിഡന്റ് ജിജോ കാരക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രഫ. റോണി കെ. ബേബി, റോയ് കപ്പലുമാക്കൽ, കെ.ആർ. രാജി, അബ്ദു ആലസം പാട്ടിൽ, ഷിയാദ് ചള്ളിയിൽ, റെജി വാര്യമറ്റം, വി.എം. ജോസഫ്, അൻസാരി മഠത്തിൽ, സണ്ണി തുരുത്തി പള്ളി, സുഷമ സാബു, ആൻസി അഗസ്റ്റിൻ, കെ.എം. വിനോദ്, ഐഷ ഉസ്മാൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ജോമോൻ ഐക്കര, പ്രകാശ് പുളിക്കൽ, നൗഷാദ് വെംബ്ലി എന്നിവർ സംസാരിച്ചു.
അനുസ്മരണം സംഘടിപ്പിച്ചു
കൊക്കയാർ: കൊക്കയാർ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ ഓർമക്കായി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി. നാരകംപുഴ യൂനിയൻ ബാങ്ക് ജങ്ഷനിൽ നടന്ന യോഗം മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപ്പള്ളി അധ്യക്ഷത വഹിച്ചു. ടോണി തോമസ്, വി.ജെ. സുരേഷ് കുമാർ, ഓലിക്കൽ സുരേഷ്, അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ, സ്റ്റാൻലി സണ്ണി, നൗഷാദ് വെംബ്ലി, ഷാഹുൽ പറയക്കൽ, ടി.ഐ. മാത്യു, ഡി. രാജീവ്, ഷാഹുൽ പാറയ്ക്കൽ, കെ.എം. ഇസ്മായിൽ, രഞ്ജിത്, കെ. ഷിബു, ആഷിക് പരീത് എന്നിവർ സംസാരിച്ചു.
വർഷം ഒന്നും പിന്നിടുമ്പോഴും പ്രളയ ബാധിതരോട് സർക്കാറും ത്രിതല പഞ്ചായത്തും കാട്ടുന്ന അവഗണനക്കെതിരെ തിങ്കളാഴ്ച കോൺഗ്രസ് കരിദിനം ആചരിക്കും. ഇതിെൻറ ഭാഗമായി രാവിലെ 10ന് വില്ലേജ് ഓഫിസ് പടിക്കൽ ധർണ നടത്തും. മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപ്പള്ളി അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൽ ഉദ്ഘാടനം ചെയ്യും.
മരണപ്പെട്ട വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് അധ്യാപകർ
കാഞ്ഞിരപ്പള്ളി: കൂട്ടിക്കലിലെ പ്രളയദുരന്തത്തിൽ മരണപ്പെട്ട നൂറുൽ ഹുദാ യു.പി സ്കൂളിലെ അംന സിയാദ്, അമീൻ സിയാദ്, ഇവരുടെ മാതാവ് കൂടിയായ നഴ്സറി അധ്യാപിക ഫൗസിയ എന്നിവരുടെ വീട്ടിലെത്തി അധ്യാപകരും പി.ടി.എയും. ഭാര്യയെയും മക്കളെയും നഷ്ടപ്പെട്ട വേദനയിൽനിന്ന് ഇപ്പോഴും സിയാദ് മുക്തനായിട്ടില്ല. അധ്യാപകൻ നാസർ മുണ്ടക്കയത്തിെൻറയും പി.ടി.എ പ്രസിഡന്റ് നാദിർഷ കോനാട്ട് പറമ്പിലിെൻറയും നേതൃത്വത്തിലാണ് ഭവന സന്ദർശനം നടത്തിയത്. കുട്ടികളുമായുള്ള ഓർമകളിൽ അനധ്യാപകനായ രാജഗോപാൽ വിതുമ്പി.
കിഴക്കൻ മേഖലയിലെ റോഡുകൾക്കായി അനുവദിച്ചത് 52.06 കോടി
കോട്ടയം: കഴിഞ്ഞവർഷം ഒക്ടോബറിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ കൂട്ടിക്കലടക്കമുള്ള ജില്ലയിലെ കിഴക്കൻ മേഖലയിൽ റോഡുകൾക്കായി അനുവദിച്ചത് 52.06 കോടിയെന്ന് അധികൃതർ. ശക്തമായ മഴയിൽ ഇടിഞ്ഞുപോയ മണിമല-പഴയിടം-ചേനപ്പാടി-എരുമേലി റോഡിന്റെ സംരക്ഷണഭിത്തി 16.03 ലക്ഷം രൂപ ചെലവിൽ പുനരുദ്ധരിച്ചു.
എരുമേലി പൊലീസ് സ്റ്റേഷൻ-കൊടിത്തോട്ടം പ്രൊപ്പോസ് റോഡിന് 24.99 ലക്ഷം അനുവദിച്ചു. കോൺക്രീറ്റിങ് പൂർത്തീകരിച്ചു. ടാറിങ് പുരോഗമിക്കുന്നു. പെരുത്തോട്-തുമരുംപാറ-ഇരുമ്പൂന്നിക്കര റോഡിന് 25 ലക്ഷം രൂപ അനുവദിച്ചു.
കൊരട്ടി-ഓരുങ്കൽ-കരിമ്പിൻതോട് റോഡിലെ ഓരുങ്കൽ കടവ് പാലത്തിന് സമീപത്തെ കേടുപാട് സംഭവിച്ച റോഡ് 18.21 ലക്ഷം രൂപ ചെലവിൽ പുനരുദ്ധരിച്ചു. മടുക്ക-കൊമ്പുകുത്തി ടി.ആർ ആൻഡ് ടീ തോട്ടംകവല റോഡിന് 20.36 ലക്ഷം രൂപ അനുവദിച്ചു.
മൈക്കോളജി റോഡിന്റെ പുനരുദ്ധാരണത്തിന് 20.36 ലക്ഷം രൂപ അനുവദിച്ചു. കരിനിലം-പുഞ്ചവയൽ-504 കോളനി-കുഴിമാവ് റോഡിലെ സംരക്ഷണഭിത്തി അറ്റകുറ്റപ്പണി 20 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തീകരിച്ചു. കൂട്ടിക്കൽ-കാവാലി-പ്ലാപ്പള്ളി-ഏന്തയാർ റോഡിന്റെ അറ്റകുറ്റപ്പണി 14.59 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ചു. കാഞ്ഞിരപ്പള്ളി-ഇടക്കുന്നം റോഡിന്റെ ഡ്രെയിനേജ് പ്രവർത്തികൾ 12.04 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ചു.
വിഴിക്കത്തോട്-ചേനപ്പാടി റോഡിന്റെ ഡ്രെയിനേജ് 12.92 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ചു. ഡൊമിനിക് തൊമ്മൻ റോഡിന്റെ ഡ്രെയിനേജ് 14.46 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ചു. ആനക്കല്ല്-വണ്ടൻപാറ-നരിവേലി-പൊടിമറ്റം റോഡിന്റെ ഡ്രെയിനേജ് പ്രവർത്തികൾ 14.55 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ചു. പ്രളയത്തിൽ വിവിധ റോഡുകളിലും കലുങ്കുകളിലും അടിഞ്ഞ മണ്ണ് നീക്കാനും വൃത്തിയാക്കുന്നതിനുമുള്ള 6.49 ലക്ഷം രൂപയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചു.
മുണ്ടക്കയം-കൂട്ടിക്കൽ-ഇളംകാട്-വല്യേന്ത-കോലാഹലമേട്-വാഗമൺ റോഡിനായി 34.73 കോടിയുടെ പ്രവൃത്തികൾ നടക്കുന്നു. പ്രളയത്തെത്തുടർന്ന് നാശനഷ്ടമുണ്ടായ റോഡിലെ സംരക്ഷണ ഭിത്തി, പ്രതലം, പാരപ്പറ്റ് എന്നിവയുടെ അടിയന്തര പ്രവൃത്തികൾ പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കി. കൂട്ടിക്കൽ-കാവാലി-ചോലത്തടം റോഡ് നിർമാണത്തിനായി 10 കോടി അനുവദിച്ചു. പൂഞ്ഞാർ-കൈപ്പള്ളി-ഏന്തയാർ റോഡിൽ മൂന്നു കോടിയുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു. സംരക്ഷണ ഭിത്തി പുനർനിർമിക്കുന്നതിനുള്ള 1.50 കോടിയുടെ ടെൻഡർ നടപടി പൂർത്തീകരിച്ചു.അടിവാരം-കൊടുങ്ങ റോഡിൽ അടിഞ്ഞ കല്ലും മണ്ണും നീക്കി. റോഡിന്റെ സംരക്ഷണഭിത്തി പുനർനിർമിക്കാൻ 10.55 ലക്ഷം അനുവദിച്ചു. ടെൻഡർ നടപടി പൂർത്തീകരിച്ച് കരാറായി. പെരുങ്ങുളം-ചട്ടമ്പി-കൈപ്പള്ളി റോഡിന്റെ സംരക്ഷണഭിത്തി 25 ലക്ഷം രൂപ ചെലവിൽ പുനർനിർമിച്ചു. 24.81 ലക്ഷം രൂപയുടെ പ്രവൃത്തികളും പുരോഗമിക്കുന്നു. പൂഞ്ഞാർ-കൂട്ടിക്കൽ റോഡിന്റെ ഉപരിതല ഡ്രെയിനേജിന്റെ നിർമാണം മൂന്നുലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.