കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുംപിരികൊണ്ടതോടെ പാഴ്ത്തടികൾ പാഴല്ലാതായി. സ്ഥാനാർഥികളുടെ ഫ്ലക്സ്ബോർഡുകൾക്ക് ആവശ്യമേറിയതോടെയാണ് പാഴ്ത്തടികൾക്കും പ്രിയമായത്. സ്ഥാനാർഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും പതിച്ച ബോർഡ് സ്ഥാപിക്കാൻ തടി പട്ടിക കൂടിയേ തീരു. മുമ്പ് ഒരടിക്ക് എഴു രൂപയിൽ താഴെ ആയിരുന്ന പട്ടികയുടെ വില പത്തുരൂപക്ക് മുകളിലേക്ക് ഉയർന്നിരിക്കുകയാണ്. മുമ്പ് ഇഷ്ടം പോലെ പാഴ്ത്തടി കിട്ടിയിരുന്നിടത്ത് ഇപ്പോൾ ദൗർലഭ്യമാണ്. പാഴ്ത്തടി കിട്ടാനില്ലാത്തത് സ്ഥാനാർഥികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
ചില സ്ഥാനാർഥികൾ സ്വന്തം പുരയിടത്തിലെ തടികൾ മുറിച്ച് മില്ലുകളിൽ എത്തിച്ചു. ജില്ലയിൽ തടിമില്ലുകൾ എണ്ണം കുറയുകയും പ്രദേശിക കച്ചവടങ്ങൾ ഇല്ലാതായി പെരുമ്പാവൂർക്ക് വ്യാപാരം മാറിയതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സ്ഥിരമായി മൽസരിക്കുന്നവർ മുൻകൂട്ടി പട്ടിക ഓർഡർ ചെയ്തതിനാൽ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. പുതുതായി സ്ഥാനാർഥികളായവരാണ് പ്രതിസന്ധി നേരിടുന്നത്. പാഴ്ത്തടി ഗണത്തിൽപെടുന്ന വട്ട, മരുത്, പെരുമരം തുടങ്ങിയവക്ക് നിലവിൽ 10,000 രൂപക്ക് മുകളിലാണ് ടണ്ണിന് വില. എങ്കിലും ഫ്ലക്സ് പ്രിന്റിങ് ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് തെരഞ്ഞെടുപ്പ് കാലം ചാകരയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.