ഈരാറ്റുപേട്ട: നാലാംവാർഡിൽ പഴുക്കാക്കാനത്ത് കാറ്റാടിപ്പാടം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യതപഠനത്തിനൊരുങ്ങി മൂന്നിലവ് പഞ്ചായത്ത്. പദ്ധതിക്കായി വാർഷിക പദ്ധതിയിലുൾപ്പെടുത്തി 60,000 രൂപ പഞ്ചായത്ത് അനുവദിച്ചു. ഇതിനായി ശാസ്ത്ര സാഹിത്യ പരിഷത്തിനുകീഴിൽ പാലക്കാട്ട് സ്ഥിതി ചെയ്യുന്ന ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിനെ സമീപിക്കുകയും വിദഗ്ധസംഘം സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.
മേഖലയിലെ വർഷംതോറുമുള്ള കാറ്റിന്റെ ഗതി, ശക്തി എന്നിവ പഠിച്ച് കാറ്റാടിപ്പാടം സ്ഥാപിക്കാനുള്ള സാധ്യത പഠനത്തിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇല്ലിക്കൽ കല്ല്, കട്ടിക്കയം, ഇലവീഴാപൂഞ്ചിറ എന്നിവയുടെ സമീപം സ്ഥിതി ചെയ്യുന്ന മലയോര മേഖലയായ ഈ പ്രദേശത്ത് പദ്ധതി വരുന്നതോടെ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനാകും. ഇല്ലിക്കൽകല്ല് വിനോദസഞ്ചാരമേഖലയിൽ വൈദ്യുതി എത്തിക്കുന്നതിനും പദ്ധതി ഉപകരിക്കും.
പദ്ധതി നടപ്പാക്കാനായാൽ പഞ്ചായത്തിലെ വിനോദസഞ്ചാര മേഖലക്ക് കൂടുതൽ ഉണർവ് നൽകുമെന്ന് പ്രസിഡന്റ് പി. എൽ. ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.