കോട്ടയം: പാലാ ചക്കാമ്പുഴയിൽ മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചതോടെ നാട് ഭീതിയിൽ. രാമപുരം, കരൂർ പഞ്ചായത്തുകളിൽ മൂന്നുമാസമായി മഞ്ഞപ്പിത്തം പടരുകകയാണ്. വെള്ളം പരിശോധനയും ബോധവത്കരണവുമായി ആരോഗ്യവകുപ്പ് അധികൃതർ രംഗത്തുണ്ടെങ്കിലും രോഗവ്യാപനം കുറയുന്നില്ല. നിലവിൽ രാമപുരം പഞ്ചായത്തിൽ 15 പേർ രോഗബാധിതരാണ്. ഡോക്ടർമാർക്ക് രോഗം വന്നതോടെ പഞ്ചായത്തിലെ സ്വകാര്യആശുപത്രി അടച്ചു.
പള്ളിയോടു ചേർന്നുള്ള ആശുപത്രിയിലെ ഡോക്ടർമാർക്കും കോൺവെന്റിലുള്ളവർക്കുമാണ് രോഗം ആദ്യം വന്നത്. പള്ളിയിലെ കിണറ്റിൽ മാലിന്യം കലർന്നതാണ് മഞ്ഞപ്പിത്തം വ്യാപിക്കാൻ കാരണമെന്നാണ് കരുതുന്നത്. പരിശോധനയിൽ കിണർ വെള്ളത്തിൽ ഇ കോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി.
ഡിസംബർ മുതലാണ് മഞ്ഞപ്പിത്തം പടരാൻ തുടങ്ങിയത്. ജനുവരി രണ്ടാംവാരം അവസാനം പെരുന്നാൾ പ്രദക്ഷിണത്തിൽ പങ്കെടുത്തവർക്ക് പള്ളിയിൽനിന്ന് വെള്ളം വിതരണം ചെയ്തിരുന്നു. ഇവർക്കും രോഗം ബാധിച്ചു. വിവരമറിഞ്ഞ് ഗവ. ആശുപത്രിയിൽനിന്ന് ആരോഗ്യവിഭാഗം പരിശോധനക്കെത്തിയപ്പോഴാണ് കിണറ്റിലെ വെള്ളം കുടിച്ചവർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചതെന്ന് വ്യക്തമായത്. തുടർന്ന് കിണറ്റിലെയും ഫിൽറ്ററിലെയും വെള്ളം പരിശോധിച്ചപ്പോൾ മനുഷ്യവിസർജ്യത്തിൽ കാണുന്ന ബാക്ടീരിയകളുടെ സാന്നിധ്യം വ്യക്തമായി.
പള്ളിയുടെ കിണറിനു സമീപത്തുകൂടിയാണ് സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പ് കടന്നുപോകുന്നത്. ഈ ഭാഗം തുറന്നുപരിശോധിച്ചപ്പോൾ മാലിന്യം കിണറ്റിൽ കലരുന്നതായി കണ്ടെത്തി. ചോർച്ച അടച്ച് വെള്ളം വറ്റിക്കുകയും രണ്ടുതവണ സൂപ്പർക്ലോറിനേഷൻ നടത്തുകയും ചെയ്തതായി ആരോഗ്യവിഭാഗം പറഞ്ഞു. ശേഷം പരിശോധിച്ച നാലു സാമ്പിളുകളും ബാക്ടീരിയമുക്തമാണെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, പള്ളിക്കിണറ്റിലെ വെള്ളം ഉപയോഗിക്കാത്തവർക്കും രോഗം ബാധിക്കുന്നുണ്ട്. ഇവരിൽനിന്ന് ആരോഗ്യവിഭാഗം വിവരങ്ങൾ ശേഖരിക്കുകയാണ്. ശനിയാഴ്ച ഒരു വീട്ടിൽ അമ്മക്കും മകൾക്കും രോഗം സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.