കാഞ്ഞിരപ്പള്ളി: മലയോരമേഖലയുടെ കവാടമായ കാഞ്ഞിരപ്പള്ളി പട്ടണത്തിലെ ദേശീയപാതയോരത്തെ അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇതിന് പുറമെ പാതയോരത്ത് വാഹനങ്ങൾ കിടക്കുന്നതിനാൽ കാൽനടയാത്രക്കാർ യാത്രക്കായി റോഡിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. തിരക്കേറിയ പാതയോരത്തുകൂടി നടക്കുന്ന കാൽനടയാത്രക്കാർ ഏത് നിമിഷവും അപകടത്തിൽപെടാവുന്ന സ്ഥിതിയാണുള്ളത്.
കാഞ്ഞിരപ്പള്ളി ടൗണിൽ കുരിശുങ്കൽ കവല മുതൽ പൂതക്കുഴി വരെ ദേശിയപാതയുടെ ഇരുവശവും വാഹനങ്ങൾ പാർക്കിങിനായി കയ്യേറിയ സ്ഥിതിയാണുള്ളത്. പല സ്ഥലങ്ങളിലും നോ പാർക്കിങ് ബോർഡുണ്ടെങ്കിലും അതിന് സമീപത്തുവരെ വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്.
പൂതക്കുഴിയിൽ റാണി ആശുപത്രിക്ക് സമീപമുള്ള കൊടുംവളവിൽ വലിയ വാഹനങ്ങൾ അടക്കം പതിവായി പാതയോരം കൈയ്യടക്കിയിരിക്കുകയാണ്. ഇത് കാൽനടയാത്രക്കാർക്കും ദേശിയ പാതയിലെ വാഹനയാത്രികർക്കും ഒരേ പോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. പാതയോരത്ത് വളർന്ന് നിൽക്കുന്ന ചെടികളും കാഴ്ച മറക്കുന്ന സ്ഥിതിയാണ്. ദേശിയപാതയിലൂടെ വളവ് തിരിഞ്ഞു വരുമ്പോൾ കാഴ്ചതടസം മൂലവും കാൽനടയാത്രക്കാർ റോഡിലൂടെ വരുന്നത് കാരണവും അപകടം സംഭവിക്കാം.
പലപ്പോഴും ഇവിടെ രൂപപ്പെടുന്ന ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം കാഞ്ഞിരപ്പള്ളി ടൗണിനെ സ്തംഭനാവസ്ഥയിലാക്കാറുണ്ട്. പലപ്പോഴും ഇത് നിയന്ത്രിക്കുന്നതിന് ആവശ്യമായ പൊലീസുകാർ ടൗണിൽ ഉണ്ടാകാറില്ല. മിക്കപ്പോഴും മൂന്നോ നാലോ ഹോംഗാർഡുകൾ മാത്രമാണ് ടൗണിൽ ആകെ ഡ്യൂട്ടിയിലുള്ളത്. ഇവരെ കൊണ്ട് ടൗണിലെ ആകെ ഗതാഗത കുരുക്ക് നിയന്ത്രിക്കുക പ്രായോഗികമല്ല. ട്രാഫിക്ക് പൊലീസ് പെട്രോളിങ് യൂനിറ്റ് ആരംഭിച്ചാൽ ഗതാഗതനിയന്ത്രണം കൂടുതൽ കാര്യക്ഷമമാകും.
കാഞ്ഞിരപ്പള്ളി ടൗണിൽ ദേശിയപാതയോരത്തെ അനധികൃത പാർക്കിങ് കർശനമായി ഒഴിവാക്കി ഗതാഗതക്കുരുക്കും അപകടരഹിതമായ കാൽനടയാത്രയും വാഹനയാത്രയും ഉറപ്പാക്കാനും അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.