1. പുതുപ്പള്ളിയിൽആളുകളെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു 2. മൂന്നിലവ് പഞ്ചായത്തിലെ റോഡിലൂടെ വെള്ളം ഒഴുകുന്നു 3. തോട്ടയ്ക്കാട്
മോസ്ക്കോയില്‍ നിര്‍ത്തിയിട്ട ബസിൽ വെള്ളം കയറിയ നിലയില്‍
കോട്ടയം: ഞായറാഴ്ച രാത്രിമുതൽ പെയ്ത അതിശക്ത മഴയിൽ കോട്ടയം, ചങ്ങനാശ്ശേരി താലൂക്കുകളിലെ നിരവധിയിടങ്ങളിൽ വെള്ളംകയറി. പ്രധാന റോഡുകള്‍ ഉള്‍പ്പെടെ വെള്ളത്തിലായി. ഞായറാഴ്ച രാത്രി 11മണിയോടെ തുടങ്ങിയ മഴക്ക് രാവിലെ ആറുമണിയോടെയാണ് ശമനമായത്.
കങ്ങഴ, കറുകച്ചാല്‍, നെടുംകുന്നം, വെള്ളാവൂര്‍, പാമ്പാടി, കൂരോപ്പട, മീനടം പഞ്ചായത്തുകളില്‍പ്പെടുന്ന പ്രദേശങ്ങളിലാണ് ശക്തമായ മഴപെയ്തത്. മറ്റു പ്രദേശങ്ങളിൽ മഴ പെയ്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായിട്ടില്ല. വെള്ളം കയറിയ പ്രദേശങ്ങളിൽനിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. ശനിയാഴ്ച ജില്ലയിൽ സാമാന്യം ശക്തമായ മഴയുണ്ടായിരുന്നു.
എന്നാൽ, ഞായറാഴ്ച പകൽ നല്ല വെയിൽ തെളിഞ്ഞു. മഴ മാറിനിന്നെന്ന് കരുതുമ്പോഴാണ് രാത്രി ഇടിമുഴക്കത്തോടെ മഴ തുടങ്ങിയത്. രാവിലെ ആറുമണിവരെ ഇടവേളയില്ലാതെ മഴ തുടർന്നു.
മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകളുടെ മതിലുകൾ തകർന്നു. കൈത്തോടുകളോട് ചേർന്ന പ്രദേശങ്ങളിലും താഴ്ന്ന ഭാഗങ്ങളിലും വെള്ളംകയറി. വെള്ളാവൂരിൽ മൺതിട്ട ഇടിഞ്ഞുവീണു വീടിെൻറ ഒരുഭാഗം തകർന്നു. മീനച്ചില്‍ താലൂക്കിന്റെ കിഴക്കന്‍ മേഖലയില്‍ തിങ്കളാഴ്ച വൈകീട്ടോടെ കനത്ത മഴ തുടങ്ങിയത് മലയോര മേഖലയെ വീണ്ടും ഭീതിയിലാക്കി.
തീക്കോയി മേഖലയിലും കനത്ത മഴ പെയ്തു. മഴക്കൊപ്പമുള്ള നേരിയ ഇടിമുഴക്കം ജനങ്ങളെ പരിഭ്രാന്തരാക്കുന്നുണ്ട്. വാകക്കാട് റോഡിലും പൂഞ്ഞാർ പള്ളിവാതിൽ റോഡിലും വെള്ളംകയറി.
റോഡുകളിലും വെള്ളം
കെ.കെ റോഡില്‍ പാമ്പാടി കാളച്ചന്തയിലും 12ാം മൈല്‍ കുരിശിന് സമീപവും വെള്ളംകയറി ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കറുകച്ചാല്‍-മണിമല റോഡിലും വെള്ളംകയറി ഗതാഗത തടസ്സമുണ്ടായി. വെട്ടത്തുകവല-പാമ്പാടി റോഡില്‍ ഞണ്ടുകുളം പാലം, പുത്തന്‍പുരപടി, മാത്തൂര്‍പ്പടി എന്നിവിടങ്ങളില്‍ വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു.
പുതുപ്പള്ളി-കറുകച്ചാല്‍ റോഡില്‍ തോട്ടക്കാട് അമ്പലപ്പടി ജങ്ഷനില്‍ വെള്ളംകയറി ഗതാഗതം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഒറവക്കല്‍ - കൂരോപ്പട റോഡിലും വെള്ളംകയറി. നെടുംകുന്നം പഞ്ചായത്തിലെ നെടുമണ്ണി പാലം വെള്ളത്തില്‍ മുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.