കോട്ടയം: നടപ്പാക്കി പതിറ്റാണ്ട് കഴിഞ്ഞിട്ടും ഉദ്ദേശിച്ച ഫലം കാണാത്തതിനെത്തുടർന്ന് നിലവിലെ സേവനാവകാശ നിയമം പരിഷ്കരിക്കാൻ സർക്കാർ ആലോചന. കടുത്ത പിഴയുൾപ്പെടെ വ്യവസ്ഥ ചെയ്ത് നിയമത്തിൽ മാറ്റം വരുത്തുന്നതിനാണ് നീക്കം. വളരെ പ്രതീക്ഷയോടെ കൊണ്ടുവന്ന നിയമം ജീവനക്കാർ കാര്യമായെടുത്തിട്ടില്ലെന്നാണ് വിലയിരുത്തൽ. അതേസമയം, നിയമം നടപ്പാക്കാത്തതിന്റെ പേരിൽ ഇക്കാലയളവിൽ എത്രപേർക്കെതിരെ നടപടിയെടുത്തെന്ന കണക്കും സർക്കാറിന്റെ പക്കലില്ല.
2012ലെ കേരളപ്പിറവി ദിനത്തിലാണ് സേവനാവകാശനിയമം നടപ്പാക്കിയത്. പൊതുജനങ്ങൾക്ക് സമയബന്ധിതമായി സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നിയമം കൊണ്ടുവന്നത്. എന്നാൽ, കഴിഞ്ഞ 13 വർഷത്തിനിടെ ഈ നിയമത്തിന്റെ ലക്ഷ്യം നിറവേറ്റാനായോയെന്ന വിലയിരുത്തൽ സർക്കാർ നടത്തിയിട്ടില്ലെന്നതാണ് വസ്തുത.
നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷകന് സേവനം ലഭിച്ചില്ലെങ്കിൽ അപ്പീൽ ഫയൽ ചെയ്യാൻ അധികാരം നൽകുന്നതാണ് നിയമം. അപ്പീൽപ്രകാരം ആദ്യം വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനിൽനിന്നും അഞ്ഞൂറിനും അയ്യായിരത്തിനും ഇടയിൽ തുക പിഴ ചുമത്താനാകുമെന്നാണ് വ്യവസ്ഥ. താമസം വരുത്തിയ ഓരോ ദിവസത്തിനും 250 രൂപ നിരക്കിലാണ് പിഴ. പിഴത്തുക അയ്യായിരത്തിൽ കവിയരുതെന്ന വ്യവസ്ഥയുമുണ്ട്.
നിയമം പ്രാബല്യത്തിലുണ്ടെങ്കിലും അത് കർശനമായി നടപ്പാക്കുന്നതിനുള്ള ഒരു നടപടിയും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. നിയമത്തിൽ പറയുന്നതുപോലെ സേവനം നൽകുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ സർക്കാർ ക്രോഡീകരിക്കുകയും ചെയ്തിട്ടില്ല. ഇത്തരത്തിൽ എത്ര കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തെന്ന കണക്കും സർക്കാറിന്റെ പക്കലില്ല. ഇതുസംബന്ധിച്ച പരാതികൾ ഏറിവരുന്ന സാഹചര്യത്തിലാണ് നിയമം പരിഷ്കരിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.