കോ​ട്ട​യ​ത്ത്‌ സം​യു​ക്ത ക്രൈ​സ്ത​വ മ​ദ്യ​വ​ർ​ജ​ന സ​മി​തി സം​ഘ​ടി​പ്പി​ച്ച ‘മ​യ​പ്പെ​ടു​ത്ത​രു​ത് മ​ദ്യ​ന​യം’ മ​ത​മേ​ല​ധ്യ​ക്ഷ സം​ഗ​മ​ത്തി​ൽ​നി​ന്ന്

മദ്യനയത്തിൽ സർക്കാറിന് ജനപക്ഷ നിലപാടില്ല –പാളയം ഇമാം

കോട്ടയം: മദ്യനയത്തിൽ സർക്കാറി​ന്​ ജനപക്ഷ നിലപാടില്ലെന്നും സമ്പൂർണ മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് ഉറപ്പുതരുന്നവർക്ക് മാത്രം തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്നും പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി. കോട്ടയത്ത്‌ സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി സംഘടിപ്പിച്ച 'മയപ്പെടുത്തരുത് മദ്യനയം' എന്ന മതമേലധ്യക്ഷ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യനയത്തിൽ മാറ്റമില്ലെന്ന് ധ്വനിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ ആശങ്കജനകമാണ്. ഇത് നിലപാടെടുക്കേണ്ട സമയമാണെന്നും വിരൽത്തുമ്പിൽ ഇരിക്കുന്ന സമ്മതിദാനാവകാശം ബോധ്യത്തോടെ വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാറി​െൻറ വികസനനയം അംഗീകരിക്കുന്നവർക്കുപോലും സ്വീകരിക്കാൻ കഴിയുന്നതല്ല മദ്യനയമെന്ന്​ ശാന്തിഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു.

രണ്ട് പ്രളയത്തെ അതിജീവിക്കാൻ മുൻകൈയെടുത്ത സർക്കാർ മദ്യനയത്തിൽ മദ്യപ്രളയം സൃഷ്​ടിക്കുകയായിരുന്നുവെന്ന് വിഷയാവതരണം നടത്തിയ ബിഷപ് ഡോ. ഗീവർഗീസ് മാർകൂറിലോസ് ആരോപിച്ചു.

പഞ്ചായത്ത്‌-നഗരപാലിക ബില്ലിലെ യഥാക്രമം 232, 447 വകുപ്പുകൾ വെള്ളം ചേർക്കാതെ നടപ്പാക്കുമെന്നും സംസ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കാമെന്നും പ്രകടനപത്രികയിൽ എഴുതച്ചേർക്കുകയും അത് ഇച്ഛാശക്തിയോടെ നടപ്പാക്കുകയും ചെയ്യണമെന്ന് മുന്നണികളോട് ആവശ്യപ്പെടുന്ന തുറന്ന കത്ത് ക്നാനായ ആർച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് പ്രകാശനം ചെയ്തു. മദ്യനിരോധന വാഗ്ദാനം നൽകാത്തവർക്ക് വോട്ട് നൽകി​െല്ലന്ന് അധ്യക്ഷത വഹിച്ച ബിഷപ് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു.

മുഖ്യാതിഥികൾ ചേർന്ന് സമരജ്വാല തെളിയിച്ചു. ബിഷപ് ഡോ. ഉമ്മൻ ജോർജ് ഐക്യദാർഢ്യ സന്ദേശം നൽകി. സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി ജനറൽ സെക്രട്ടറി റവ. അലക്സ് പി. ഉമ്മൻ, ഡോ. എം.സി. സിറിയക്, പ്രഫ. ഡോ. സാബു ഡി. മാത്യു, കോശി മാത്യു, റവ. ഡോ. ടി.ടി. സഖറിയ, റവ. തോമസ്‌ പി. ജോർജ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Government has no pro-people stance on liquor policy - Palayam Imam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.