ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലെ മാ​യം ക​ണ്ടെ​ത്താ​ൻ ജി​ല്ല​യി​​ലെ​ത്തി​യ സ​ഞ്ച​രി​ക്കു​ന്ന ല​ബോ​റ​ട്ട​റി

ഭക്ഷ്യവസ്തുക്കളിലെ മായം; പരിശോധന ലാബ് വീട്ടുമുറ്റത്തേക്ക്

കോട്ടയം: ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താൻ ഇനി ലാബ് വീട്ടുമുറ്റങ്ങളിലേക്ക് ഓടിയെത്തും. സുരക്ഷ പരിശോധന കർശനമാക്കുന്നതിന്‍റെ ഭാഗമായി ജില്ലയിൽ സഞ്ചരിക്കുന്ന ലബോറട്ടറിയെത്തി. വെള്ളവും പാലും അടക്കമുള്ള ഭക്ഷ്യവസ്തുക്കളിൽ മായം കലർന്നിട്ടുണ്ടോയെന്ന് ഇനി നാട്ടിലെത്തുന്ന മൊബൈൽ ലാബ് പറയും.

കഴിഞ്ഞദിവസം ആറ് ജില്ലക്കായി ഉദ്ഘാടനം ചെയ്ത മൊബൈൽ ലാബിലൊന്നാണ് കോട്ടയത്തെത്തിയത്. കലക്ടറേറ്റിൽ എത്തിച്ച ലാബിൽ കമ്പ്യൂട്ടറടക്കമുള്ള സംവിധാനം സജ്ജമാക്കുകയാണ്. ഉടൻ ഇത് പ്രവർത്തന സജ്ജമാകുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയുമായി (എഫ്.എസ്.എസ്.എ) ചേർന്ന് സർക്കാർ സജ്ജമാക്കിയ ലാബിൽ പാൽ, വെള്ളം, എണ്ണ തുടങ്ങിയവയുടെ പ്രാഥമിക പരിശോധനക്കുള്ള സംവിധാനമാണുള്ളത്. സാമ്പിളിൽ മായമോ കൃത്രിമ നിറങ്ങളോ ചേർത്തതായി കണ്ടെത്തിയാൽ വിശദ പരിശോധനക്ക് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ റീജനൽ ലാബിലേക്ക് അയക്കും.

പരിശോധനക്കായി ഒമ്പത് ഭക്ഷ്യസുരക്ഷ ഓഫിസർമാരാകും വാഹനത്തിലുണ്ടാകുക. ജില്ലയിൽ എല്ലായിടത്തും വാഹനമെത്തും. നിലവിൽ സാമ്പിൾ ശേഖരിച്ച് പുറത്തെ ലാബുകളിൽ പരിശോധിക്കുകയാണ് പതിവ്. ഫലവും വൈകും. മൊബൈൽ ലാബിൽ പരിശോധിക്കുന്നതോടെ ഇതിനു പരിഹാരമാകും. ഹോട്ടലുകളും ബേക്കറികളും ഉൾപ്പെടെ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളിൽ മാത്രമല്ല വീടുകളിലെ കുടിവെള്ള സാമ്പിളുകളും പരിശോധിക്കാൻ കഴിയും. മായം സംശയിക്കുന്ന സാമ്പിളുകൾ ആളുകൾക്ക് ലാബിൽ എത്തിച്ച് പരിശോധിക്കാം.

മുൻകൂട്ടി ഷെഡ്യൂൾ തയാറാക്കി നിശ്ചിത ദിവസം ഓരോ താലൂക്കിലും വാഹനം ഓടിയെത്തും. രാവിലെ ഒമ്പതര മുതൽ വൈകീട്ട് അഞ്ചരവരെയാകും പ്രവർത്തനം. പൂർണമായും സൗജന്യമായിരിക്കും പരിശോധന.

വാഹനത്തിലെ ഉദ്യോഗസ്ഥർ കടകളിലും മാർക്കറ്റുകളിലും പരിശോധന നടത്തി സാമ്പിൾ ശേഖരിച്ച് പരിശോധിക്കും. ഗ്രാമ, നഗരഭേദമില്ലാതെ ലാബിന്‍റെ പ്രവർത്തനം ലഭ്യമാകും. വീടുകളിൽനിന്ന് കുടിവെള്ളവും എണ്ണയും പാലും ഉൾപ്പെടെ വസ്തുക്കൾ പരിശോധിക്കാനും ആലോചിക്കുന്നുണ്ട്.

ശേഷദിവസങ്ങളിൽ വിവിധ വകുപ്പുകളുമായി ചേർന്നും പരിശോധന നടത്തും. ഫിഷറീസ്, ഡെയറി ഡെവലപ്മെന്‍റ്, സ്പൈസസ് എന്നിവയുടെ സഹായത്തോടെ വെളിച്ചെണ്ണ, പാൽ, പച്ചക്കറി, പഴം എന്നിവ കൃത്യമായി പരിശോധിക്കും.

ഭക്ഷ്യവസ്തുക്കളിൽ എങ്ങനെ മായം കണ്ടെത്താം എന്നതിനെക്കുറിച്ച് മൊബൈൽ ലാബിന്‍റെ സഹായത്തോടെ റെസിഡന്‍റ്സ് അസോസിയേഷനുകൾ, സ്കൂളുകൾ, കോളജുകൾ, പൊതുജനങ്ങൾ കൂടുതലായി എത്തുന്ന മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ബോധവത്കരണവും പരിശീലനവും സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. അംഗൻവാടി, കുടുംബശ്രീ പ്രവർത്തകരെയും പരിശീലനത്തിൽ ഉൾപ്പെടുത്തും.

സംസ്ഥാനത്തെ മൊബൈൽ ലാബുകളെ ഡെപ്യൂട്ടി ഭക്ഷ്യസുരക്ഷ കമീഷണറുടെ നേതൃത്വത്തിൽ ജി.പി.എസ് വഴി നിരീക്ഷിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾ ലാബിന്റെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം ജില്ല അസി.കമീഷണർ അലക്സ് കെ. ഐസക് പറയുന്നു. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഒഫ് ഇന്ത്യയുടെ ഈറ്റ് റൈറ്റ് ഇന്ത്യ പ്രോജക്ടിന്‍റെ ഭാഗമായാണ് സംസ്ഥാനത്തിന് മൊബൈൽ ലാബുകൾ അനുവദിച്ചിരിക്കുന്നത്.

Tags:    
News Summary - Food adulteration testing lab into the backyard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.