കോട്ടയം, പാമ്പാടി, കടുത്തുരുത്തി, ഈരാറ്റുപേട്ട, വൈക്കം, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പാലാ എന്നിവിടങ്ങളിലാണ് ജില്ലയിൽ അഗ്നിരക്ഷാസേന നിലയങ്ങളുള്ളത്. വേനൽക്കാലത്ത് ഇവർക്ക് ജോലിഭാരം ഇരട്ടിയാകുന്നത് പതിവാണ്. ഇതടക്കം കണക്കിലെടുത്ത് ജില്ലയിൽ അഞ്ച് കേന്ദ്രങ്ങളിൽ കൂടി ഫയർസ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന് നേരത്തെ ജില്ല അഗ്നിശമനസേന ശിപാർശ ചെയ്തിരുന്നു. ചിങ്ങവനം, ഏറ്റുമാനൂർ, കുമരകം, എരുമേലി, മുണ്ടക്കയം, കറുകച്ചാൽ എന്നിവിടങ്ങളിൽ നിലയങ്ങൾ സ്ഥാപിക്കണമെന്നായിരുന്നു ആവശ്യം.
ജില്ലയിൽ പുതുതായി ശിപാർശ ചെയ്ത അഞ്ചെണ്ണത്തിൽ കുമരകത്ത് അഗ്നിരക്ഷാസേനാ നിലയം ആരംഭിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും സ്ഥലം കണ്ടെത്താനായിട്ടില്ല. കായൽ യാത്രക്കിടെ അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് കോട്ടയത്ത് നിന്ന് സേന എത്തണമെന്നതാണ് സ്ഥിതി. അപകടങ്ങളുണ്ടായാൽ മത്സ്യത്തൊഴിലാളികൾ, ഹൗസ്ബോട്ട് ജീവനക്കാർ എന്നിവരാണ് ആശ്രയം. കോട്ടയത്തുനിന്ന് കുമരകത്തെ അപകടസ്ഥലത്ത് സേന എത്തുമ്പോൾ സമയമേറെ എടുക്കും. ഇതിന് പരിഹാരം കാണാനായിരുന്നു പുതിയ നിലയത്തിനുള്ള തീരുമാനം. എരുമേലിയിൽ നിലയം സ്ഥാപിക്കുന്നതിന് പഞ്ചായത്ത് സ്ഥലം അനുവദിച്ചിട്ടുണ്ട്. എന്നാൽ, തുടർനടപടികൾക്ക് വേണ്ടത്ര വേഗതയില്ല.
ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാത്തത് അഗ്നിരക്ഷാസേനയെ വലക്കുന്നുമുണ്ട്. വാഹനങ്ങളുണ്ടെങ്കിലും ഡ്രൈവര്‍മാരുടെ ക്ഷാമം മൂലം ഒന്നോ രണ്ടോ ഫോൺ കോളുകള്‍ ഒരുമിച്ചുവന്നാല്‍ പ്രതിസന്ധിയിലാകുന്ന സ്ഥിതിയാണ്. ജില്ലയിലെ എട്ട് സ്റ്റേഷനുകളിലായി 60 ഡ്രൈവര്‍മാരെ ആവശ്യമാണെങ്കിലും നിലവിലുള്ളത് 42 പേര് മാത്രം. കോട്ടയം സ്റ്റേഷനില്‍ 15 വാഹനങ്ങളുണ്ടെങ്കിലും ഡ്രൈവര്‍മാര്‍ ഏഴുമാത്രം. പാലായില്‍ ഏഴ് വാഹനങ്ങള്‍ക്ക് നാലും ചങ്ങനാശ്ശേരിയില്‍ ഏഴ് വാഹനങ്ങള്‍ക്കും ആറും ഡ്രൈവര്‍മാര്‍ മാത്രം. പാമ്പാടിയില്‍ ആറുവണ്ടി ഓടിക്കാന്‍ അഞ്ചുപേരാണുള്ളത്. വൈക്കത്ത് ഏഴ് വേണ്ടിയിടത്ത് നാലും ഈരാറ്റുപേട്ടയില്‍ ആറിന് പകരം അഞ്ചും പേരാണുള്ളത്.
കാഞ്ഞിരപ്പള്ളിയില്‍ ഏഴ് പേർ വേണമെന്നിരിക്കെ, അഞ്ചും ഡ്രൈവര്‍മാരാണുള്ളത്. എന്നാൽ, കടുത്തുരുത്തിയില്‍ അഞ്ച് വാഹനങ്ങള്‍ക്കായി ആറുഡ്രൈവര്മാരുണ്ട്. രാവിലെ 8.45ന് കയറി പിറ്റേന്ന് രാവിലെ 8.45ന് ഇറങ്ങുന്ന രീതിയിലാണ് ഒരാളുടെ ഷിഫ്റ്റ്. പിറ്റേന്ന് അവധിയായിരിക്കും. ഇതിനിടെ ആരെങ്കിലും ലീവോ ഓഫോ എടുത്താല്‍ അടിമുടി താളംതെറ്റും. എല്ലാ ഫയർ സ്റ്റേഷനുകളിലുമായി ഒമ്പത് ആംബുലന്‍സുകളാണുള്ളത്. അപകടസ്ഥലത്തും രോഗികളെ കൊണ്ടുപോകാനുമാണ് സംവിധാനമെങ്കിലും ഡ്രൈവര്‍ ക്ഷാമം മൂലം ആംബുലൻസ് വിളിച്ചാൽ പലപ്പോഴും പോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
കോട്ടയം: സംസ്ഥാനത്ത് ഉയർന്ന ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ തീപിടിത്തം വർധിക്കാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡമ്പിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇവിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും കൃത്യമായ സുരക്ഷ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യണം. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാൻ സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അതോറിറ്റി അറിയിച്ചു.
കോട്ടയം: ജില്ലയിലടക്കം വെള്ളിയാഴ്ച താപനില ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രിവരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്കും സാധ്യതയുണ്ട്.
കോട്ടയം -736
പാലാ -339
കാഞ്ഞിരപ്പള്ളി -327
പാമ്പാടി -300
വൈക്കം -296
കടുത്തുരുത്തി -273
ഈരാറ്റുപേട്ട -240
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.