തീപ്പിടുത്തമുണ്ടായ കോട്ടയം റെയിൽവേ സ്റ്റേഷൻ കാന്റീനിൽ അഗ്നിശമനേസന പരിശോധന നടത്തുന്നു
കോട്ടയം: കോട്ടയം റെയിൽവേ കാന്റീനിൽ തീപിടിത്തം. അതിവേഗം അണക്കാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. വ്യാഴാഴ്ച ഉച്ചക്ക് 12 ഓടെയാണു സംഭവം. ശബരിമല തീർഥാടകർ ഉൾപ്പെടെ നിരവധി പേർ നിത്യേന എത്തുന്ന ഏറെ തിരക്കുള്ള റെയിൽവേ സ്റ്റേഷനാണ് കോട്ടയത്തേത്. സ്റ്റേഷനിലെ കാന്റീനിലെ അടുക്കളയിൽ പാചകത്തിനിടെ ചട്ടിയിലെ എണ്ണയിൽനിന്ന് തീ ആളിപ്പടർന്നതാണ് അപകടത്തിന് കാരണമായത്. കാന്റീൻ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയ അയ്യപ്പഭക്തരടക്കം നിരവധി യാത്രാക്കാരും ഈ സമയം കെട്ടിടത്തിലുണ്ടായിരുന്നു.
അടുപ്പിൽ നിന്നുള്ള തീയ് പെട്ടെന്ന് കാന്റീനിന്റെ ചിമ്മിനിക്കുള്ളിലൂടെ മുകൾഭാഗത്തേക്ക് അതിവേഗം പടർന്നത് ആശങ്ക സൃഷ്ടിച്ചു. സമീപത്ത് മറ്റു ഭക്ഷണശാലകളും കടകളുമൊക്കെയുള്ള ഇടമായതിനാൽ തീ പടർന്നാൽ വലിയ ദുരന്തത്തിലേക്ക് നീങ്ങുമെന്നതാണ് ആശങ്ക പടർത്തിയത്. ഇതിനിടെ അടുക്കളയിലുണ്ടായിരുന്ന ചില സാധനങ്ങൾ കത്തിനശിച്ചു.
തീ ആളി പടരുന്നതു കണ്ട് സമീപത്തെ റെയിൽവേ പാഴ്സൽ ഓഫീസിലെ ജീവനക്കാരും പോർട്ടർമാരും ചേർന്ന് പരിസരത്ത് പലയിടത്തായി സ്ഥാപിച്ചിരുന്ന ഫയർ എസ്റ്റിംഗ്യൂഷറുകൾ ഉപയോഗിച്ച് അണക്കുകയായിരുന്നു. പാഴ്സൽ ഓഫിസ് ജീവനക്കാരൻ കുമരകം സ്വദേശി ഉണ്ണി ഫയർ എസ്റ്റിംഗ്യൂഷറുമായി അടുക്കളയിൽ കയറി അടുപ്പിലെ തീ അണച്ചതിനാൽ ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറുകളിലേക്ക് ഉൾപ്പെടെ തീ പടരാതെ വലിയ ദുരന്തം ഒഴിവാക്കാൻ സാധിച്ചു. വിവരമറിഞ്ഞ് ഫയർഫോഴ്സും, പൊലീസും ഉൾപ്പെടെ സേനകൾ ഉടൻ എത്തി. മറ്റു ഭാഗങ്ങളിലേക്ക് തീ പടർന്നിട്ടില്ലെന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ പരിശോധിച്ച് സ്ഥിരീകരിച്ചു. തീ പൂർണമായും അണച്ചതോടെയാണ് യാത്രക്കാർക്കുംം റെയിൽവേ ജീവനക്കാർക്കും ആശ്വാസമായത്.
റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പല ഭക്ഷണശാലകളിലും കടകളിലും മതിയായ സുരക്ഷ സംവിധാനങ്ങളില്ലെന്ന ആക്ഷേപം ശക്തമാണ്. അടുക്കളകളിൽ മതിയായ സൗകര്യമില്ലെന്നും അടുപ്പുകളിൽ നിന്നുള്ള പുക പുറത്തേക്ക് പോകാൻ പലയിടങ്ങളിലും സൗകര്യം ഇല്ലെന്നും പറയുന്നു. പലപ്പോഴും ഭക്ഷണശാലക്കുള്ളിലാണ് പുക തിങ്ങിനിൽക്കുന്നത്. മതിയായ സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഭക്ഷണശാലകൾ പ്രവർത്തിക്കാൻ അധികൃതർ അനുമതി നൽകാവൂ എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.