ഏഴാം ധനകാര്യകമീഷൻ ചെയർമാൻ ഡോ. കെ.എൻ. ഹരിലാൽ കോട്ടയം നഗരസഭ
സന്ദർശിച്ചപ്പോൾ
കോട്ടയം: തദ്ദേശസ്ഥാപനങ്ങളിലെ നികുതി പിരിവ് ഊർജിതമാക്കുന്നതിന് സെമി ജുഡീഷ്യൽ അധികാരമുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നതിന് ശിപാർശ ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഏഴാം ധനകാര്യ കമീഷൻ ചെയർമാൻ ഡോ. കെ.എൻ. ഹരിലാൽ.
കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നത്. സാധ്യതയുള്ള വരുമാന സ്രോതസ്സുകൾ പോലും കാര്യക്ഷമമായി പ്രയോജനപ്പെടുത്താൻ കഴിയാത്ത സ്ഥിതിക്ക് മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക ജില്ല ആസൂത്രണസമിതി യോഗത്തിൽ പങ്കെടുത്ത ചെയർമാന് അംഗങ്ങളും ജനപ്രതിനിധികളും നിർദേശങ്ങൾ സമർപ്പിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കുന്നതിനും സാമ്പത്തിക ശാക്തീകരണത്തിനുമുള്ള നിർദേശങ്ങൾ സ്വീകരിക്കാനാണ് ചെയർമാൻ എത്തിയത്.
പരമ്പരാഗത ചെലവുകൾക്കുള്ള ഫണ്ട്(ജനറൽ പർപസ് ഫണ്ട്) നൽകുമ്പോൾ വരുമാനം കുറവുള്ള പഞ്ചായത്തുകൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന് ജില്ല പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടക്കൽ ആവശ്യപ്പെട്ടു. അധികാര വികേന്ദ്രീകരണം അധികാര കേന്ദ്രീകരണത്തിലേക്ക് മടങ്ങിപ്പോകുന്ന അവസ്ഥ ഗൗരവത്തോടെ പരിഗണിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി അജയൻ കെ. മേനോൻ പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം ഉറപ്പാക്കണമെന്ന് വെളിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി ആവശ്യപ്പെട്ടു. ഉത്തരവാദിത്തങ്ങൾ കൂടിവരുമ്പോഴും അതനുസരിച്ച് സ്റ്റാഫ് പാറ്റേൺ ഇല്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ ചൂണ്ടിക്കാട്ടി. പട്ടികജാതി പട്ടികവർഗ ഫണ്ടുകൾ കൂടുതലായി അനുവദിക്കണമെന്ന് ജില്ല പഞ്ചായത്തംഗം നിർമല ജിമ്മി ആവശ്യപ്പെട്ടു.
തോടുകളിലെ എക്കൽ നീക്കുന്നതിനുള്ള ചുമതല മൈനർ ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിൽനിന്നു മാറ്റി പഞ്ചായത്തുകളെ ഏൽപ്പിക്കണമെന്ന് കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ ആവശ്യപ്പെട്ടു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ജില്ല ആസൂത്രണസമിതി അംഗങ്ങളായ പി.എം. മാത്യു, ശുഭേഷ് സുധാകരൻ, ജെസി ഷാജൻ, സുധ കുര്യൻ, കൃഷ്ണകുമാരി രാജശേഖരൻ, ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൾഖാദർ, വാഴൂർ പഞ്ചായത്തംഗം വി.പി. റെജി, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസറ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ പി.ആർ. ശ്രീലേഖ, ജില്ല പട്ടികജാതി ഓഫിസർ എം.എസ്. സുനിൽ എന്നിവരും നിർദേശങ്ങൾ പങ്കുവെച്ചു. ഉച്ചകഴിഞ്ഞ് കമീഷൻ കോട്ടയം നഗരസഭ ഓഫിസും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.