കുമരകം: ‘നെല്ല് വിറ്റാൽ പണം കൃത്യമായി ലഭിക്കുന്നില്ല, ചാലുകളാകട്ടെ പോളകൾ കയറി നശിക്കുന്നു; ഇതുമൂലം കൃഷി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്’ -കർഷകർ അവരുടെ പരാതിയുടെ ഭാണ്ഡങ്ങൾ തുറന്നു. മീൻകൃഷിയിൽ വലിയ വരുമാനമില്ല, ഒപ്പം നീർനായ്ക്കളുടെ ഭീഷണിയും പരാതികൾ ഇങ്ങനെ നീളുന്നു. കുട്ടനാട്ടിലെ ‘ഒരു നെല്ലും ഒരു മീനും’ പദ്ധതിപ്രകാരം കൃഷി ചെയ്തുവരുന്ന കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാനും ശാസ്ത്രീയ നിർദേശങ്ങൾ ചർച്ച ചെയ്യാനും കേന്ദ്രസർക്കാറിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ശാസ്ത്രപഠന സംഘം കുമരകത്ത് വിവിധ സ്ഥലങ്ങൾ സന്ദർശിക്കാനെത്തിയപ്പോഴാണ് കർഷകർ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ അവതരിപ്പിച്ചത്. ഗുണമേന്മയുള്ള മത്സ്യവിത്തുകളുടെ ലഭ്യതക്കുറവ് കർഷകർ ചൂണ്ടിക്കാട്ടി.
സബ്സിഡി നിർത്തലാക്കിയതും പദ്ധതിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി നീർനായ് ശല്യം രൂക്ഷമാണ്. ഇവ കൂട്ടത്തോടെയെത്തി മീനുകളെ പിടികൂടുന്ന നിരവധി സംഭവങ്ങളാണ് ഉണ്ടാകുന്നത്. കൃത്യമായി ഇൻഷുറൻസ് തുക ലഭ്യമാകാത്തത് കർഷകർ ചൂണ്ടിക്കാണിച്ചു. മത്സ്യക്കൃഷിയിലൂടെ കർഷകർക്ക് കുറഞ്ഞ വരുമാനമേ ലഭിക്കുന്നുള്ളൂയെന്നും സംഘം മനസിലാക്കി. നെല്ലിന്റെ തുക സമയബന്ധിതമായി ലഭിക്കാത്തതും പാടശേഖരത്തേക്കുള്ള ചാലുകൾ പോള കയറി നിറയുന്നതും പാടത്തേക്കു വെള്ളം കയറ്റി ഇറക്കാൻ കഴിയാത്തതും നെൽകൃഷിക്ക് ദോഷകരമാകുന്നതായും സംഘം വിലയിരുത്തി.
പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ കർഷകരുമായി സംഘം ചർച്ച നടത്തി. കുമരകം പടിഞ്ഞേറേ പള്ളിക്കായൽ, കവണാറ്റിൻകര പള്ളിപ്പാടം എന്നിവിടങ്ങളിൽ സംഘം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. ഡോ. ഇമൽഡ ജോസഫ് (സി.എം.എഫ്.ആർ.ഐ, കൊച്ചി), ഡോ. സന്ദീപ് (സി.ഐ.ബി.എ, ചെന്നൈ), ആൽബിൻ ആൽബർട്ട്(എൻ.എഫ്ഡി.ബി) എന്നിവരാണ് പഠന സംഘത്തിലുണ്ടായിരുന്നത്. പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ഷീബ റബേക്ക ഐസക്, ഫിഷറീസ് ജില്ല ഡെപ്യൂട്ടി ഡയറക്ടർ മുജീബ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.