കോട്ടയം: ജില്ലയെ ഞെട്ടിച്ച് കൂട്ടആത്മഹത്യകൾ തുടർക്കഥയാകുമ്പോൾ, പലതിലും വില്ലനാകുന്നത് കുടുംബപ്രശ്നങ്ങളെന്ന് പൊലീസ്. അറിഞ്ഞും അറിയാതെയും പോകുന്ന കുടുംബപ്രശ്നങ്ങളാണ് സമീപകാലത്തെ മിക്ക ആത്മഹത്യകളുടെയും പിന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നേരത്തേ സാമ്പത്തിക പ്രശ്നങ്ങളായിരുന്നു ആത്മഹത്യകള്‍ക്കു പിന്നിലെ പ്രധാന കാരണമെങ്കില്‍, ഇപ്പോള്‍ കുടുംബപ്രശ്നങ്ങളാണ് മുന്നില്‍. കോവിഡിന് ശേഷമാണ് കുടുംബപ്രശ്നങ്ങളും തുടര്ആത്മഹത്യകളും വര്‍ധിച്ചത്.
ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന കേസുകളിൽ പകുതിയും കുടുംബപ്രശ്നങ്ങളാണ്. വിവാദമായ രണ്ട് കൂട്ട ആത്മഹത്യകള്‍ നടന്ന ഏറ്റുമാനൂരിൽ മൂന്നുമാസത്തെ 700 പരാതികളില്‍ അഞ്ഞൂറോളം പരാതികള്‍ കുടുംബപ്രശ്നങ്ങളായിരുന്നു.
ഗൃഹനാഥന്മാരുടെ മദ്യപാനം, തുടര്‍ന്നുള്ള ശാരീരിക ഉപദ്രവം എന്നിവയാണ് പ്രധാന പരാതികള്‍. സംശയം, ഈഗോ തുടങ്ങിയ കാരണങ്ങളാല്‍ പരാതികളുമായി സ്റ്റേഷനിലെത്തുന്നവരില്‍ ഏറെയും. പകുതിയോളം കേസുകള്‍ പൊലീസിലും വിരട്ടലിലും ഉപേദേശത്തിലും സെറ്റിലാകുമെങ്കില് ബാക്കി അവശേഷിക്കും.
ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ അടുത്തിടെ രണ്ട് കൂട്ട ആത്മഹത്യകളാണ് നടന്നത്. ഫെബ്രുവരി 28നായിരുന്നു ഏറ്റുമാനൂർ സ്വദേശിയായ ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഇതിന്റെ ഞെട്ടൽ മാറുംമുമ്പാണ് ചൊവ്വാഴ്ച വീണ്ടും അമ്മയും രണ്ട് മക്കളും മരണത്തിലേക്ക് എടുത്തുചാടിയത്.
കുരുന്നുമക്കളായ നേഹ, നോറ എന്നിവരുമായി നീറിക്കാട് സ്വദേശി ജിസ്മോള്‍ തോമസാണ് മീനച്ചിലാറ്റില്‍ പേരൂര്‍ പള്ളിക്കുന്ന് കടവില്‍ ചാടി ജീവനൊടുക്കിയത്. ദിവസങ്ങൾക്ക് മുമ്പ് എരുമേലി ശ്രീനിപുരത്ത് മകളുടെ പ്രണയബന്ധം സംബന്ധിച്ച തർക്കത്തിനിടെ, പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തിയ വീട്ടമ്മയും ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും മരിച്ചിരുന്നു.
ജില്ലയിൽ മൂന്നുമാസത്തിനിടെ 40ഓളം പേര് ജീവനൊടുക്കിയതായാണ് പൊലീസിന്റെ കണക്കിൽ. ഇതിൽ ഏറെയും യുവാക്കളും മധ്യവയസ്കരുമാണ്. സ്ത്രീകളും ഏറെയുണ്ട്. ജീവനൊടുക്കിയ യുവാക്കളില്‍ ഏറെയും 36-40 വയസ്സിന് ഇടയിലുള്ളവരാണ്. കോവിഡിന് ശേഷമുള്ള ജീവിതസാഹചര്യത്തിലെ മാറ്റം ഉള്‍പ്പെടെ ആത്മഹത്യകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായി വിദഗ്ധര്‍ പറയുന്നു.
മനസ്സിന് ഉറപ്പില്ലായ്മ ദുരന്തങ്ങള്‍ വര്‍ധിപ്പിക്കുന്നു. നേരിടുന്നതിന് പകരം മരണത്തെപ്പറ്റിയാണ് ചിന്ത. സാമ്പത്തിക പ്രശ്നങ്ങള്‍, ലഹരി, കുടുംബകലഹം, ഓണ്‍ലൈന്‍ ഗെയിം ചലഞ്ചുകള്‍ ഉള്‍പ്പെടെയുള്ളവ ജീവനൊടുക്കുന്നതിലേക്കു പലരെയും നയിക്കുന്നു- ഇവർ ചൂണ്ടിക്കാട്ടുന്നു.
ആത്മഹത്യ പ്രവണതയുള്ളവരുടെ എണ്ണവും ഏറിയിരിക്കുകയാണ്. വേദനരഹിതമായ ആത്മഹത്യക്കളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞ ശേഷം ജീവനൊടുക്കാന്‍ ഇറങ്ങി പുറപ്പെടുന്നവരുമുണ്ടെന്നു വിദഗ്ധര്‍ പറയുന്നു. ജീവനൊടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ശേഷം വീണ്ടും ശ്രമിക്കുന്നവരുമുണ്ട്.
ജീവതത്തിൽനിന്നുള്ള ഒളിച്ചോട്ടമാണ് ആതത്മഹത്യയെന്ന് പൊലീസ് പറയുന്നു. തളരാതെ പ്രശ്നങ്ങളെ അഭിമുഖീകരിക്കണം. ഇതിനായി പൊലീസിനെയോ മാനസികാരോഗ്യ വിദഗ്ധരെയോ സമീപിക്കാം. സഹായത്തിനായി ‘ദിശ’ ഹെൽപ്ലൈനിൽ വിളിക്കാം. ഫോൺ: 1056, 0471-2552056.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.