ഈരാറ്റുപേട്ട നടയ്ക്കലിൽ കണ്ടെത്തിയ സ്ഫോടകവസ്തു ശേഖരം പൊലീസ് പരിശോധിക്കുന്നു
ഈരാറ്റുപേട്ട: നടയ്ക്കൽ കുഴിവേലിയിൽ ഗോഡൗണിൽനിന്ന് വൻ സ്ഫോടകവസ്തു ശേഖരം കണ്ടെത്തി. അനധികൃത പാറമടകൾക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന ജലാറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുമുൾപ്പെടെയുള്ളവയാണ് കണ്ടെടുത്തത്. ശനിയാഴ്ച കട്ടപ്പന പുളിയന്മലയിൽ ജലാറ്റിൻ സ്റ്റിക്കുമായി പിടിയിലായ നടയ്ക്കൽ കണ്ടത്തിൽ ഷിബിലിയെ ചോദ്യംചെയ്തതിനെ തുടർന്നാണ് ഈരാറ്റുപേട്ടയിൽ പരിശോധന നടത്തിയത്.
കുഴിവേലിയിൽ റോഡരികിലെ കെട്ടിടം വാടകക്കെടുത്താണ് സ്ഫോടകവസ്തു ശേഖരം സൂക്ഷിച്ചിരുന്നത്. പതിനായിരത്തിലേറെ ഡിറ്റനേറ്ററുകൾ, 2600 സ്റ്റിക്, 3350 മീറ്റർ തിരി എന്നിവയും ഒരു എയർ റൈഫിളും കണ്ടെത്തി. അറസ്റ്റിലായ ഷിബിലി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടയ്ക്കൽ സ്വദേശി മുഹമ്മദ് ഫാസിലിനെയും അറസ്റ്റ് ചെയ്തു. ഷിബിലിക്ക് സ്ഫോടകവസ്തു നൽകിയത് ഫാസിലാണെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് പ്രിൻസിപ്പൽ എസ്.ഐ ബിനുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പരിശോധനക്ക് നേതൃത്വം നൽകി. കർണാടകയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന വസ്തുക്കൾ വലിയ വിലയ്ക്കാണ് ഇടുക്കിയിലെ അനധികൃത പാറമടക്കാർക്കും കുളം പണിക്കാർക്കും എത്തിച്ചിരുന്നത്. അതിനിടെ, ജനവാസ കേന്ദ്രത്തിൽനിന്ന് സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.
ശേഖരം കണ്ടെത്തിയ കെട്ടിടത്തിലും ചുറ്റുവട്ടത്തും നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതേ കെട്ടിടത്തിന്റെ മുകളിലെ നിലയിൽ ഒരു കുടുംബം വാടകക്ക് താമസിക്കുന്നുണ്ട്. മലഞ്ചരക്ക് കച്ചവടത്തിനെന്ന പേരിലാണ് കെട്ടിടം വാടകക്കെടുത്തിരുന്നതെന്ന് കെട്ടിട ഉടമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.