യു.ഡി.എഫ് പുതുപ്പള്ളി നിയോജക മണ്ഡലം കൺവെൻഷനിടെ ചാണ്ടി ഉമ്മൻ എം.എൽ.എക്കൊപ്പം യു.ഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്
കോട്ടയം: തിരുനക്കര പൂരാവേശത്തിൽ നാടിനൊപ്പം സ്ഥാനാർഥികളും. ഇടത്- വലത് സ്ഥാനാർഥികളും ബി.ജെ.പി നേതാക്കളും പൂരത്തിനെത്തിയിരുന്നു. തിരക്കിടയിലും നിരവധി പേർ സ്ഥാനാർഥികൾക്ക് അരികിലെത്തി വിജയാശംസകൾ നേർന്നു.
ബുധനാഴ്ച വൈകീട്ട് മൂന്നോടെ പൂരപ്പറമ്പിലെത്തിയ എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ കുടമാറ്റമടക്കം ചടങ്ങുകളൊക്കെ കഴിഞ്ഞാണ് പൂരനഗരി വിട്ടത്. രാവിലെ ആമ്പല്ലൂരിൽനിന്നായിരുന്നു തോമസ് ചാഴികാടന്റെ സൗഹൃദയാത്രക്ക് തുടക്കമായത്. ആമ്പല്ലൂർ തോട്ടറ സെന്റ് തോമസ് ക്നാനായ പള്ളിയുടെ കോൺവെൻറിലും വൃദ്ധസദനത്തിലുമെത്തിയ തോമസ് ചാഴികാടനെ അമ്മമാർ സ്വീകരിച്ചു. തുടർന്ന് അരയൻകാവ് ദേവീക്ഷേത്രത്തിലും അദ്ദേഹമെത്തി.
പിന്നീട് കുലയേറ്റിക്കര പെലിക്കൻ സെന്ററിലെത്തിയ സ്ഥാനാർഥിയെ ഡയറക്ടർ ഫാ. സാംസൺ മേലോത്ത് സ്വീകരിച്ചു. അരയൻകാവ് ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ കയറിയും സ്ഥാനാർഥി വോട്ട് അഭ്യർഥിച്ചു. എടയ്ക്കാട്ടുവയൽ പഞ്ചായത്ത് ഓഫിസ്, എടയ്ക്കാട്ടുവയൽ യു.പി സ്കൂൾ, പാർപ്പംകോട് എൽ.പി സ്കൂൾ, കൃഷിഭവൻ എന്നിവിടങ്ങളിലും ബുധനാഴ്ച ചാഴികാടൻ സന്ദർശനം നടത്തി.
കോട്ടയത്തെ യു.ഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജും പൂരനഗരയിലെത്തിയിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അടക്കമുള്ളവർക്കൊപ്പമാണ് അദ്ദേഹം ക്ഷേത്രമൈതാനത്തേക്ക് എത്തിയത്. ഏറെ സമയം ഇവിടെ ചെലവഴിച്ച ഫ്രാൻസിസ് ജോർജ്, ഇതിനിടെ എൽ.ഡി.എഫ് സ്ഥാനാർഥി ചാഴികാടനെ കണ്ടുമുട്ടുകയും ചെയ്തു.
ബുധനാഴ്ച രാവിലെ കോട്ടയം നഗരത്തിലെ വിവിധ പ്രദേശങ്ങളും ഫ്രാൻസിസ് ജോർജ് സന്ദർശിച്ചു. എ.കെ. ജോസഫ്, ബിനു ചെങ്ങളം എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. വൈകീട്ട് യു.ഡി.എഫ് പുതുപ്പള്ളി നിയോജക മണ്ഡലം കൺവെൻഷനിലും സ്ഥാനാർഥിയെത്തി.
കോട്ടയം: യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള കോട്ടയം നിയോജക മണ്ഡലം കൺവെൻഷൻ വ്യാഴാഴ്ച നടക്കും. വൈകീട്ട് 3.30ന് കെ.പി.എസ് മേനോൻ ഹാളിൽ നടക്കുന്ന കൺവെൻഷൻ ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം ചെയർമാൻ അബ്ദുൽ സലാം അധ്യക്ഷത വഹിക്കും. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.
കോട്ടയം: മധുര മിനാക്ഷി ക്ഷേത്രം ഉൾപ്പെടെ ഇരുനൂറിൽപരം പ്രമുഖ ക്ഷേത്രങ്ങളുടെ താന്ത്രികാവകാശിയായ താന്ത്രിക കുലപതി മനയത്താറ്റില്യത്ത് ചന്ദ്രശേഖരനെ സന്ദർശിച്ച് കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. ഇദ്ദേഹം തുഷാർ വെള്ളാപ്പള്ളിക്ക് പ്രസാദം നൽകി. സ്ഥാനാർഥിക്കൊപ്പം ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് എം.പി. സെൻ, കേന്ദ്രനേതാക്കളായ പച്ചയിൽ സന്ദീപ്, ഇ.ഡി. പ്രകാശൻ , ബി.ജെ.പി കോട്ടയം ജില്ല സെക്രട്ടറി ബിജുകുമാർ എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
കോട്ടയം: തെരഞ്ഞെടുപ്പിൽ 85 വയസ്സ് പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപെട്ടവർക്കും വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടി ആരംഭിച്ചു.
അസന്നിഹിത (അബ്സെന്റീ) വോട്ടർമാരുടെ പട്ടികയിൽപെടുത്തി 12 ഡി അപേക്ഷ ഫോറം ബൂത്ത് ലെവൽ ഓഫിസർമാർ (ബി.എൽ.ഒ) മുഖേന വിതരണം ചെയ്യുന്നതിനുള്ള നടപടിയാണ് ആരംഭിച്ചത്. ബി.എൽ.ഒമാർ വീടുകൾ സന്ദർശിക്കുന്ന സമയത്ത് വോട്ടർ സ്ഥലത്തില്ലെങ്കിൽ വിജ്ഞാപനം വന്ന് അഞ്ചു ദിവസത്തിനുള്ളിൽ വീണ്ടും സന്ദർശിക്കണമെന്നാണ് ചട്ടം.
രണ്ടാംഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ മാർച്ച് 28നാണ് വിജ്ഞാപനം നിലവിൽ വരുക. അവശ്യസർവിസുകളിൽ ഉൾപ്പെട്ടവർ, 85 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവരെയാണ് 1961ലെ തെരഞ്ഞെടുപ്പ് ചട്ടപ്രകാരം അസന്നിഹിത വോട്ടർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
12 ഡി ഫോറത്തിൽ നിർദിഷ്ടവിവരങ്ങൾ രേഖപ്പെടുത്തി റിട്ടേണിങ് ഓഫിസർമാർക്ക് സമർപ്പിക്കുന്നവരുടെ അപേക്ഷയാണ് വോട്ട് രേഖപ്പെടുത്താൻ പരിഗണിക്കുക. ഇവർക്കു മുൻകൂട്ടി അറിയിപ്പ് നൽകിയശേഷം താമസ സ്ഥലത്തുവെച്ചുതന്നെ തപാൽ വോട്ട് ചെയ്യുന്നതിന് ക്രമീകരണം ഏർപ്പെടുത്തും. രണ്ടുപോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്സർവർ, വിഡിയോഗ്രാഫർ, ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ടു രേഖപ്പെടുത്താൻ താമസസ്ഥലത്ത് എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.